പ്രതിദിന ചിന്ത | തൂക്കുകട്ട തെളിയിക്കുന്ന നിർമ്മിതിയുടെ കൃത്യത

0

ആമോസ് 7:7 “അവൻ എനിക്കു കാണിച്ചുതന്നതെന്തെന്നാൽ: കർത്താവു കയ്യിൽ തൂക്കുകട്ട പിടിച്ചുകൊണ്ടു തൂക്കുകട്ട തൂക്കിയുണ്ടാക്കിയോരു മതിലിന്മേൽ നിന്നു.”

യിസ്രായേലിനെ നശിപ്പിക്കുന്ന വീട്ടിലുകളുടെ ദർശനം (7:1-3), തീയുടെ ദർശനം (7:4-6), തൂക്കുകട്ടയുടെ ദർശനം (7:7-9), പുരോഹിതനായ അമസ്യാവിന്റെ ഇടപെടൽ നിമിത്തം യൊരോബെയാം രാജാവ് ആമോസിന്നു ദേശത്തു നിന്നും ഓടിപ്പോകുവാൻ അന്ത്യശാസനം നൽകുന്നു (7:1-17) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യിസ്രായേലിന്റെ ശരിയായ സ്ഥിതിയിലേക്ക് വിരചൂണ്ടുന്ന മൂന്നു ദർശനങ്ങളുടെ വായനയാണ് ഈ അദ്ധ്യായത്തിന്റെ കാര്യസാരമായ വായനകളിലൊന്ന്. ഒന്നാമത്തെ ദർശനത്തിൽ രാജാവിന്റെ പുൽപ്പുറങ്ങളുടെ നാശം ലക്ഷ്യമിട്ടു വിശേഷാൽ നിർമ്മിക്കപ്പെട്ട വിട്ടിലുകൾ വലിയ നാശം വിതച്ചു. രണ്ടാം ദർശനത്തിലാകട്ടെ, ആഴിയെപോലും അഥവാ യിസ്രായേലിലെ ജലസ്രോതസ്സുകൾ വറ്റിച്ചുകളഞ്ഞ തീ (വരൾച്ച എന്ന വ്യംഗ്യാർത്ഥം) വലിയ തോതിൽ നാശം വിതച്ചു. ഈ രണ്ടു ദർശനങ്ങളുടെയും സമാപനത്തിൽ പ്രവാചകന്റെ പ്രാർത്ഥനയും ദൈവത്തിന്റെ അനുതാപവും അഥവാ കരുണയുടെ പ്രകടനവും (7:2,3,5,6) വ്യക്തമാക്കുന്നു. മൂന്നാമത്തേതു തൂക്കുകട്ടയുടെ ദർശനം ആയിരുന്നു. ഒരു കെട്ടിട നിർമ്മാണത്തിന്റെ കൃത്യമായ പുരോഗമനം നിയന്ത്രിക്കുന്നത് തൂക്കുകട്ടയാണ്. മതിൽ പോലെയുള്ള ലംബമായ എന്തെങ്കിലും നിർമ്മിതകൾ കൃത്യമായി നേരെയാണോ എന്ന് പരിശോധിക്കുന്നതിനുപയോഗിക്കുന്ന ഒരു ചരടിന്റെ അറ്റത്ത് ഘടിപ്പിച്ച അഗ്രം കൂർത്ത ഒരു വസ്തു അഥവാ ഭാരമാണ് തൂക്കുകട്ട. തറനിരപ്പിൽ നിന്നും അമ്പരചുംബിയായി ഉയർന്നു വരുന്ന ഭിത്തിയുടെ തൂക്കു ഒറ്റനോട്ടത്തിൽ തിരിച്ചറിയുക അസാധ്യമെങ്കിലും തൂക്കുകട്ട കൃത്യമായും അതു വെളിപ്പെടുത്തും. തൂക്കുകട്ടയുടെ തീരുമാനമനുസരിച്ചാണ് നിർമ്മാണത്തിന്റെ നിലനിൽപ്പോ അല്ലെങ്കിൽ പൊളിച്ചുകളയാലോ സംഭവിക്കുന്നത് എന്നു സാരം. സൂക്ഷ്മതയില്ലാത്ത പണികൾ പൊളിച്ചു കളയപ്പെടും. അതുളവാക്കുന്ന നഷ്ടങ്ങളും അധികം അദ്ധ്വാനങ്ങളും നിർമ്മാതാവിനു മേൽ അടിച്ചേൽപ്പിക്കുന്ന അലോസരങ്ങൾ ഏറെയാണ്. യിസ്രായേലിന്റെ നിർമ്മാണം ഇത്തരത്തിലുള്ള വലിയൊരു പൊളിച്ചുകളയലിന്റെ വക്കിൽ എത്തി നിൽക്കുന്നു. മറ്റു രണ്ടു ദർശനങ്ങളിലേതു പോലെ ഈ ദർശനത്തിങ്കൽ പ്രവാചകൻ പ്രാർത്ഥിക്കുകയാകട്ടെ യഹോവയായ ദൈവം കരുണകാണിക്കുകയാകട്ടെ ചെയ്യുന്നില്ല എന്ന വസ്തുത ഏറെ പ്രാധാന്യമർഹിക്കുന്ന അടയാളപ്പെടുത്തലായി കാണുന്നതാണെനിക്കിഷ്ടം! അതായത് ജനത്തിന്മേൽ ശിക്ഷ ഉറപ്പായിരിക്കുന്നു എന്നു സാരം!

പ്രിയരേ, ദൈവിക നിർമ്മാണ പ്രകിയയിൽ ഉൾപ്പെട്ടിരിക്കുന്ന നാം അനുദിനം പണിയുടെ കൃത്യത വിലയിരുത്തി പുരോഗതി കൈവരിക്കേണ്ടതിന്റെ അനിവാര്യത ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നു. തൂക്കുകട്ട തെളിയിക്കുന്ന തൂക്കനുസരിച്ചു ഉയരുന്ന നിർമ്മിതികൾ പ്രശംസനീയമായ പൂർണ്ണത പ്രാപിക്കുമെന്നു കുറിയ്ക്കുവാനാണ് പ്രേരണ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like