പ്രതിദിന ചിന്ത | കലർപ്പില്ലാത്ത ദൈവഭക്തിയുടെ മേന്മ

0

സെഫന്യാവ് 1:7 “യഹോവയായ കർത്താവിന്റെ സന്നിധിയിൽ മിണ്ടാതിരിക്ക; യഹോവയുടെ ദിവസം അടുത്തിരിക്കുന്നു; യഹോവ ഒരു യാഗസദ്യ ഒരുക്കി താൻ ക്ഷണിച്ചവരെ വിശുദ്ധീകരിച്ചുമിരിക്കുന്നു.”

എഴുത്തുകാരനും എഴുതിയ കാലഘട്ടവും (1:1), സർവ്വസൃഷ്ടികളുടെമേലും വരുന്ന ന്യായവിധി (1:2-6), ദേശത്തിന്മേലുള്ള യഹോവയുടെ സന്ദർശനവും അനുബന്ധ സംഭവങ്ങളും (1:7-13), യഹോവയുടെ മഹാദിനവും അനന്തര സംഭവങ്ങളും (1:14-18) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

“യഹോവ ഒളിപ്പിക്കുന്നു” എന്നു പേരിന്നർത്ഥമുള്ള സെഫന്യാ പ്രവാചകൻ ബി സി 625 ൽ എഴുതിയെന്നു കരുതുന്ന ചെറിയ പ്രവാചകന്മാരുടെ ഗണത്തിൽപ്പെടുന്ന പുസ്തകമാണിത്. യഹൂദയിലെ രാജാക്കന്മാരിൽ ദൈവഭക്തനായിരുന്ന യോശീയാവിൻറെ കീഴിൽ ബി സി 621 ൽ നടന്ന ആത്മീക ഉണർവ്വിലേക്ക് ജനത്തെ ഒരുക്കുന്നതിൽ മുഖ്യപങ്കു വഹിച്ച (2 ദിന. 34:2) പ്രവാചകനായിരുന്നു സെഫന്യാവെന്നു കരുതപ്പെടുന്നു. നെബൂഖദ്‌നേസറിന്റെ യഹൂദാ അക്രമത്തിന്റെ മുന്നറിയിപ്പായിരുന്നു പ്രവാചക വാക്കുകളുടെ സത്വര നിവൃത്തീകരണം. എന്നാൽ യഹോവയുടെ ദിവസത്തിൽ അഥവാ മഹാപീഡാ കാലത്തു മാത്രം സമ്പൂർണ്ണമായി നിറവേറൽ നടക്കുന്ന പ്രവചനമായി ഈ പുസ്‌തകത്തെ പഠിയ്ക്കാം. മാത്രമല്ല, സഹസ്രാബ്ദകാലത്തിന്റെ സൗഭാഗ്യ വർണ്ണനയോടെയാണ് ഈ പുസ്തകം അവസാനിക്കുന്നത് എന്ന പ്രത്യേകത കൂടെ ചൂണ്ടിക്കാണിച്ചു കൊണ്ട് മൂന്നു (3) അദ്ധ്യായങ്ങളും അമ്പത്തിമൂന്നു (53) വാക്യങ്ങളുമടങ്ങിയ തിരുവെഴുത്തുകളിലെ മുപ്പത്താറാം (36) പുസ്തകത്തിലൂടെയുള്ള ആത്മീക സഞ്ചാരത്തിലേക്കു പ്രാർത്ഥനയോടെ പ്രവേശിക്കാം.

യഹൂദാരാജാവായ യോശീയാവിന്റെ കാലമായപ്പോഴേയ്ക്കും യിസ്രായേലിന്റെയും യഹൂദയുടെയും ആത്മീക അധഃപതനം ഉച്ചസ്ഥായിയിൽ എത്തി നിൽക്കുന്നതിന്റെ ചിത്രം ഈ അദ്ധ്യായത്തിന്റെ മുഖവുരയിൽ (1:4-6) അടിവരയിടപ്പെടുന്നു. ബാൽ ആരാധനയും ജ്യോതിശാസ്ത്രവും നരബലിയുടെ പ്രതീകമായ മല്ക്കാം അഥവാ മൊലേക്കിന്റെ ആരാധനയും യിസ്രായേലിന്റെ അതിർക്കത്തെങ്ങും തകൃതിയായി നടക്കുന്നു. യഹോവയെ വിട്ടുമാറിയ ജനം, ദൈവത്തെ അന്വേഷിക്കുവാൻ തയ്യാറാകാതെ സകലവിധത്തിലും ക്ഷതിഗ്രസ്തമായ സ്ഥിതിയിൽ ആയിരിക്കുന്നു. ഈ പശ്ചാത്തലം യഹോവയുടെ സന്ദർശനം (1:8,9) അനിവാര്യമാക്കി. അതുളവാക്കുന്ന പരിണിതികൾ, ശത്രു സൈന്യത്തിന്റെ തേരോട്ടമായും (1:10) സാമ്പത്തിക അടിത്തറയുടെ തകർച്ചയായും (1:11) നഗരവീഥികളിലെ ശൂന്യതയായും (1:13) കൃഷിയുടെ നാശമായും (1:13) വെളിപ്പെട്ടു വരുന്ന സ്ഥിതി അതിപ്രാധാന്യത്തോടെ പ്രവാചകൻ ചൂണ്ടിക്കാണിക്കുന്നു.

പ്രിയരേ, ആത്മീക വിശുദ്ധി ആരാധനയിലൂടെ പ്രകടമാകും. കലർപ്പില്ലാത്ത ദൈവഭക്തി ദൈവാഭിമുഖമാകുവാൻ ഒരുവനെ പ്രേരിപ്പിക്കുന്നതും അതിലൂടെ ദൈവപ്രസാദം നേടുവാൻ ഉതകുന്നതുമാണെന്ന വസ്തുതയ്ക്കു അടിവരയിടുവാനാണു പ്രേരണ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like