പ്രതിദിന ചിന്ത | യഹോവയെ ജാഗ്രതയോടെ അന്വേഷിക്കുന്നതിന്റെ അനുഗ്രഹങ്ങൾ

0

സെഫന്യാവ് 3:7 “നീ എന്നെ ഭയപ്പെട്ടു പ്രബോധനം കൈക്കൊൾക എന്നു ഞാൻ കല്പിച്ചു; എന്നാൽ ഞാൻ അവളെ സന്ദർശിച്ചതുപോലെ ഒക്കെയും അവളുടെ പാർപ്പിടം ഛേദിക്കപ്പെടുകയില്ലായിരുന്നു; എങ്കിലും അവർ ജാഗ്രതയോടെ തങ്ങളുടെ ദുഷ്‌പ്രവൃത്തികൾ ഒക്കെയും ചെയ്തുപോന്നു.”

യെരുശലേമിന്മേലുള്ള ന്യായവിധി (3:1-7), ജാതികളുടെ മേലുള്ള ന്യായവിധി (3:8), ജാതികളുടെ ഭാവി അനുഗ്രഹങ്ങൾ (3:9-10), യഹൂദനുള്ള ഭാവി അനുഗ്രഹങ്ങളുടെ വർണ്ണന (3:11-20) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യെരുശലേമിനെ മത്സരവും മലിനതയും ഉള്ളതും പീഡിപ്പിക്കുന്നതും ആയ നഗരമെന്നാണ് പ്രവാചകൻ വിശേഷിപ്പിക്കുന്നത്. അവൾക്കു “അയ്യോ കഷ്ടം!” എന്നും പ്രവാചകൻ വിളിച്ചു പറയുന്നു. ദൈവത്തിന്റെ വാക്കു കേട്ടനുസരിക്കുവാനോ പ്രബോധനം കൈക്കൊള്ളുവാനോ യഹോവയിൽ ആശ്രയിക്കുവാനോ ദൈവത്തോടു അടുത്തുവരുവാനോ തയ്യാറാകാത്ത യിസ്രായേൽ (3:1) ദൈവമുമ്പാകെ കുറ്റക്കാരായി തീർന്നിരിക്കുന്നു. മാത്രമല്ല, യിസ്രായേലിനെതിരെയുള്ള കുറ്റപത്രത്തിൽ ഗൗരവതരമായ നിരവധി സംഗതികൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിൽ “എങ്കിലും അവർ ജാഗ്രതയോടെ തങ്ങളുടെ ദുഷ്‌പ്രവൃത്തികൾ ഒക്കെയും ചെയ്തുപോന്നു” (3:7c) എന്ന പരാമർശം വിരോധാഭാസം ഏറെ നിറഞ്ഞ ഒരു പ്രമേയമായി കരുതുന്നതാണെനിക്കിഷ്ടം. കാരണം ജാഗ്രതയോടെ യഹോവയെ അന്വേഷിക്കുവാൻ പ്രവാചകന്മാർ ജനത്തിനു നിർദ്ദേശം കൊടുത്തിട്ടുള്ളത് സ്മരണീയമല്ലേ! “കഷ്ടതയിൽ അവർ എന്നെ ജാഗ്രതയോടെ അന്വേഷിക്കും” (ഹോശേയ 5:15), യഹോവയെ കണ്ടെത്താകുന്ന സമയത്തു അവനെ അന്വേഷിപ്പിൻ‍; അവൻ അടുത്തിരിക്കുമ്പോൾ അവനെ വിളിച്ചപേക്ഷിപ്പിൻ (യെശ. 55:6 ഒ. നോ. ഹോശേയ 10:12), “യഹോവ യിസ്രായേൽ ഗൃഹത്തോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്നു എന്നെ അന്വേഷിപ്പിൻ (ആമോസ്. 5:4), “നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും” (യിരെ. 29:13) മുതലായ വാക്യങ്ങൾ ഈ പ്രമേയത്തെ പിന്താങ്ങുന്ന തിരുവെഴുത്തുകളാണ്. ദൈവത്തെ അന്വേഷിക്കുവാൻ നിർദ്ദേശം ലഭിക്കപ്പെട്ടിടത്തു ദുഷ്പ്രവൃത്തികൾ ചെയ്യുവാൻ ജനം ജാഗ്രത പുലർത്തുന്ന പശ്ചാത്തലം പരസ്പരവിരുദ്ധമായ ചെയ്തികളുടെ അടയാളപ്പെടുത്തൽ അല്ലാതെ മറ്റെന്താണ്! യിസ്രായേലിന്റെ ഭാഗത്തു നിന്നും ഉയർന്നു വന്ന ഇത്തരം അനുക്രമങ്ങൾക്കു സാക്ഷ്യം വഹിച്ച പ്രവാചകൻ തന്നിൽ അവശേഷിക്കുന്ന ധാർമ്മികതയുടെ അടിത്തറയിൽ നിന്നുകൊണ്ട് ജനത്തോടു സംവദിക്കുന്ന ചിത്രം ഏറെ ഹൃദ്യമായി കരുതരുതോ!

പ്രിയരേ, യഹോവയെ അന്വേഷിക്കുവാനുള്ള ആഹ്വാനം എക്കാലത്തുമുള്ള ദൈവശബ്ദത്തിന്റെ കാര്യസാരമാണ്. അതിനോടുള്ള നിരാസം ദൈവിക ഇടപെടലുകൾ അനിവാര്യമാക്കുകയും ചെയ്തിട്ടുണ്ട്. ബാബേൽ പ്രവാസവും അനുബന്ധ സംഭവവികാസങ്ങളും അത്തരത്തിലുള്ള അനുക്രമങ്ങളായി ചൂണ്ടികാണിച്ചു കൊണ്ട് മൂന്നു (3) അദ്ധ്യായങ്ങളും അമ്പത്തിമൂന്നു (53) വാക്യങ്ങളുമടങ്ങിയ തിരുവെഴുത്തുകളിലെ മുപ്പത്താറാം (36) പുസ്തകമായ സെഫന്യാവിന്റെ പ്രവചനത്തിലൂടെയുള്ള ആത്മീക സഞ്ചാരത്തിനു വിരാമമേറ്റുന്നു!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like