പ്രതിദിന ചിന്ത | ദൈവത്തിന്റെ മുദ്രമോതിരം

0

ഹഗ്ഗായി 2:23 “അന്നാളിൽ–സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു–എന്റെ ദാസനായി ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലേ, ഞാൻ നിന്നെ എടുത്തു മുദ്രമോതിരമാക്കും എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.”

യഹോവയിൽ ആശ്രയിച്ചു ധൈര്യപ്പെടുവാനുള്ള പ്രവാചകന്റെ ആഹ്വാനം (2:1-9), ജീവിത വിശുദ്ധിയുടെ കാത്തുസൂക്ഷിക്കൽ അനിവാര്യമാണെന്ന ആഹ്വാനം (2:10-19), ഭാവിയുടെ ശുഭപ്രതീക്ഷ കരുതിക്കൊള്ളുവാനുള്ള ആഹ്വാനം (2:20-23) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

ന്യായപ്രമാണ സംബന്ധമായി പുരോഹിതന്മാരോട് ചോദിക്കപ്പെടുന്ന രണ്ടു ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും ഏറെ പ്രസക്തമായ വാസ്തവങ്ങളുടെ വിരൽചൂണ്ടലുകളാണ്. ചോദ്യം ഒന്ന്: വിശുദ്ധമായതു കൈവശം വച്ചുകൊണ്ടു അശുദ്ധമായതിൽ സ്പർശിച്ചാൽ അശുദ്ധവസ്തു വിശുദ്ധമാകുമോ? ഉത്തരം: ഇല്ല. ചോദ്യം രണ്ടു: അശുദ്ധമായ ഏതെങ്കിലുമൊന്നുമായി വിശുദ്ധമായത്തിനു സമ്പർക്കം വരുന്ന പക്ഷം വിശുദ്ധമായതു അശുദ്ധമാകുമോ? ഉത്തരം: അതേ! (2:12,13). അശുദ്ധി പകരുന്നതും വിശുദ്ധി പകരുന്നതല്ലെന്നുമുള്ള ലളിതപാഠം ജനത്തെ ധരിപ്പിക്കുവാൻ പ്രവാചകൻ അവലംബിക്കുന്ന വ്യാവഹാരിക ചോദ്യോത്തര രീതി ഏറെ ഹൃദ്യമല്ലേ! അശുദ്ധിയുടെ വക്താക്കളും പ്രയോക്താക്കളുമായി ജീവിക്കുന്ന യിസ്രായേൽ ഇടപെടുന്ന സകല പരിസരങ്ങളും അശുദ്ധമാക്കപ്പെടുന്നു എന്ന സംഗതി പ്രവാചകൻ ചൂണ്ടിക്കാണിക്കുന്നു. അതായത് ആരോഗ്യം പകരുവാൻ സാധിക്കുകയില്ലെന്നും അതേസമയം രോഗം പകരുന്നതാണെന്നതും പോലെ അശുദ്ധിയുടെ സംക്രമണക്ഷമത ക്രമാതീതമാണെന്ന വസ്തുത തെളിയിക്കുകയാണ് പ്രവാചകൻ ഇവിടെ. ചുരുക്കത്തിൽ ജനത്തിന്റെ അശുദ്ധി അഥവാ അനുസരണക്കേടു ദേശവ്യാപകമായി പടർന്നെന്നും അതിന്റെ പ്രത്യാഘാതം ഏറെ സങ്കീർണ്ണമാണെന്നുമുള്ള പ്രവാചകവാക്യങ്ങളുടെ സൂചന ജനം തിരിച്ചറിഞ്ഞെന്നാണ് പിൽക്കാല ചരിത്രാഖ്യാനത്തിന്റെ സംഗ്രഹം.

പ്രിയരേ, മലിനമായതിൽ നിന്നും മലിനമാക്കുന്നതിൽ നിന്നും നാം വേർപെട്ടിരിക്കണെമെന്ന ബുദ്ധയുപദേശമായി ഈ വാക്കുകളെ സ്വംശീകരിക്കുന്നതാണ് യുക്തം. അശുദ്ധിയുടെ സംക്രമണം വിശുദ്ധിയുടെ നേർവിപരീത പരിണിതികൾ ഉളവാക്കുമെന്നു വിശേഷാൽ കുറിയ്ക്കേണ്ടതില്ലല്ലോ! ഈ ക്രമം ജീവിതത്തിൽ പാലിക്കുന്ന ഒരുവനെ എടുത്തു അവിടൂന്നു മുദ്രമോതിരമാക്കുമെന്ന ഉറപ്പിന് അടിവരയിട്ടുകൊണ്ടു രണ്ടു അദ്ധ്യായങ്ങളും (2) മുപ്പത്തെട്ടു (38) വാക്യങ്ങളുമടങ്ങിയ തിരുവെഴുത്തുകളിലെ മുപ്പത്തേഴാം (37) പുസ്തകത്തിലൂടെയുള്ള ആത്മീക സഞ്ചാരത്തിനു വിരാമമേറ്റുന്നു.

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like