പ്രതിദിന ചിന്ത | തുടർന്നു പിടിയ്ക്കുന്ന പ്രവാചക സന്ദേശങ്ങൾ

0

സെഖര്യാവ് 1:6 “എന്നാൽ ഞാൻ എന്റെ ദാസന്മാരായ പ്രവാചകന്മാരോടു കല്പിച്ച വചനങ്ങളും ചട്ടങ്ങളും നിങ്ങളുടെ പിതാക്കന്മാരെ തുടർന്നുപിടിച്ചില്ലയോ? ഞങ്ങളുടെ വഴികൾക്കും പ്രവൃത്തികൾക്കും തക്കവണ്ണം സൈന്യങ്ങളുടെ യഹോവ ഞങ്ങളോടു ചെയ്വാ്ൻ നിരൂപിച്ചതുപോലെ തന്നേ അവൻ ഞങ്ങളോടു ചെയ്തിരിക്കുന്നു എന്നു അവർ മനംതിരിഞ്ഞു പറഞ്ഞില്ലയോ?”

എഴുത്തുകാരന്റെ പരിചയവും മനസാന്തരത്തിനായുള്ള പ്രവാചകന്റെ ആഹ്വാനവും (1:1-6), കുതിരയുടെയും കുതിരപ്പുറത്തിരിക്കുന്നവന്റെയും ദർശനം (1:7-17), നാലു കൊമ്പുകളുടെയും നാലു കൊല്ലന്മാരുടെയും ദർശനം (1:18-21) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

“യഹോവ ഓർക്കുന്നു” എന്നു പേരിന്നർത്ഥമുള്ള സെഖര്യാവ് ബിസി 520-518 കാലഘട്ടത്തിൽ എഴുതിയെന്നു കരുതപ്പെടുന്ന ചെറിയപ്രവാചകന്മാരുടെ ഗണത്തിൽ പെട്ട ഒരു പുസ്തകമാണിത്. തന്റെ പിതാവായ ബെരെഖ്യാവ് സെഖര്യാവിന്റെ ബാല്യത്തിൽ മരണപ്പെടുകയും അതേത്തുടർന്ന് തന്റെ പിതാമഹനായ ഇദ്ദോവിന്റെ ഒപ്പം താൻ പാർത്തു തന്റെ പിൻഗാമിയായി പേരെഴുതപ്പെട്ടു (നെഹെ. 12:4,16) എന്നു അനുമാനിക്കപ്പെടുന്നു. ഹഗ്ഗായി പ്രവാചകന്റെ സമകാലീനനായിരുന്നു (എസ്രാ. 5:1; 6:14) സെഖര്യാവ്. ബാബേൽ പ്രവാസത്തിൽ നിന്നും മടങ്ങിയെത്തിയ ശേഷം പണിയാരംഭിച്ച ദൈവാലയത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ എതിർപ്പുകരണം സുമാർ പതിനഞ്ചു വർഷത്തോളം മുടങ്ങിക്കിടന്നിരുന്നല്ലോ. ഈ പശ്ചാത്തലത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ പുനരാരംഭിക്കുവാൻ ഹഗ്ഗായിയോടൊപ്പം ജനത്തെ പ്രബോധിപ്പിക്കുകയും ബിസി 516 ൽ പണിയുടെ പൂർത്തീകരണം സംഭവിക്കുവാൻ കാരണമായതിന്റെ പിന്നിൽ സെഖര്യാവിന്റെ വ്യക്തമായ പങ്കുണ്ടായിരുന്നു. യെശയ്യാ പ്രവാചകൻ കഴിഞ്ഞാൽ മശിഹായെ സംബന്ധിച്ചുള്ള ഏറ്റവുമധികം പ്രവചനങ്ങൾ അടയാളപ്പെടുത്തിയിട്ടുള്ള പതിനാലു അദ്ധ്യായങ്ങളും (14) ഇരുന്നൂറ്റിപ്പതിനൊന്നു (211) വാക്യങ്ങളുമടങ്ങിയ തിരുവെഴുത്തുകളിലെ മുപ്പത്തെട്ടാം (38) പുസ്തകത്തിലൂടെയുള്ള ആത്മീക സഞ്ചാരത്തിലേക്കു പ്രാർത്ഥനയോടെ പ്രവേശിക്കാം.

മാനസാന്തരത്തിനായുള്ള ശക്തമായ പ്രബോധനത്തോടെയാണ് അദ്ധ്യായം ആരംഭിക്കുന്നത്. യെശയ്യാവ്‌, യിരെമ്യാവ്‌, യെഹെസ്കേൽ മുതലായ മുൻകാല പ്രവാചകന്മാർ മുന്നറിയിച്ച പ്രവാസത്തിന്റെ സന്ദേശത്തോടു ക്രിയാത്മകമായി പ്രതികരിക്കുവാൻ കൂട്ടാക്കാതിരുന്ന പിതാക്കന്മാരുടെ മനോഭാവത്തെ ഖണ്ഡിതമായി വിമർശിക്കുകയും (1:4) അതേസമയം ഹഗ്ഗായി മുതലായ പ്രവാസാനന്തര പ്രവാചകന്മാരുടെ വാക്കുകൾ അനുസരിച്ചു മാനസാന്തരപ്പെട്ടതിനെ അഭിനന്ദിക്കുകയും (1:6) ചെയ്യുന്നു പ്രവാചകൻ. പിതാക്കന്മാരും പ്രവാചകന്മാരും മരിച്ചു മാറ്റപ്പെട്ടെങ്കിലും അവരുയർത്തിയ ദൈവശബ്ദത്തിന്റെ പ്രതിധ്വനി കാലങ്ങളെ അതിജീവിക്കുന്നതും എക്കലത്തെയും ചരിത്രത്തെ സ്വാധീനിക്കുവാൻ കരുത്തുള്ളതുമാണെന്ന കാതൽപ്രമേയം സെഖര്യാ പ്രവാചകൻ ഉച്ചൈസ്തരം പ്രഖ്യാപിക്കുന്നു.

പ്രിയരേ, പ്രവാചകന്മാരും വചനപ്രസംഗകരും നിയമിതകാലത്തിനുള്ളിൽ നിയോഗം പൂർത്തീകരിച്ചു ഇവിടെനിന്നും അകന്നുപോകും. എങ്കിലും അവരുയർത്തിയ ആത്മീക സന്ദേശങ്ങൾ കാലത്തിന്റെ ചക്രവാളങ്ങളിൽ എക്കാലവും സചേതമായി നിലനിൽക്കും. അതേ, അവരുടെ വചനം തുടർന്നു പിടിക്കും; തീർച്ച!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like