ബസിലിക്കയില്‍ സംഘര്‍ഷം; വൈദികരെ കൈയേറ്റം ചെയ്തു, ബലിപീഠം തകര്‍ത്തു

0

കുര്‍ബാന തര്‍ക്കം നിലനില്‍ക്കുന്ന എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ വന്‍ സംഘര്‍ഷം. വിമതര്‍ വൈദികരെ കൈയേറ്റം ചെയ്തു. ബലിപീഠം തകര്‍ത്തു. പള്ളിക്കുള്ളില്‍ പൊലീസുണ്ടായിരുന്നെങ്കിലും ഇടപെട്ടില്ല. അതേസമയം, കൂടുതല്‍ പൊലീസുകാരെ പള്ളിയില്‍ വിന്യസിക്കുന്നുണ്ട്. അള്‍ത്താര അഭിമുഖ കുര്‍ബാനയെ പിന്തുണയ്ക്കുന്നവര്‍ കൂട്ടത്തോടെ ബസിലിക്കയിലേക്ക് എത്തുകയാണ്.

ഇന്നലെ വൈകിട്ട് പള്ളിയുടെ അഡ്മിനിസ്ട്രേറ്ററായ ആന്റണി പൂതവേലില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിച്ചതോടെ തുടങ്ങിയ പ്രതിഷേധത്തിനാണ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും അയവില്ലാതെ തുടരുന്നത്. വൈദികര്‍ ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കുന്നതിനിടയില്‍ ആന്റണി പൂതവേലില്‍ എത്തി അള്‍ത്താരയെ അഭിമുഖീകരിച്ച് ഏകീകൃത കുര്‍ബാന ചൊല്ലുകയായിരുന്നു.

ഇതോടെ പ്രതിഷേധവുമായി വിമത വിഭാഗം എത്തി. ജനാഭിമുഖ കുര്‍ബാനയെ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളും ഏകീകൃത കുര്‍ബാനയെ അനുകൂലിക്കുന്നവരുടെ ഭാഗത്തുനിന്നും ഉണ്ടായി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ അള്‍ത്താരയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.

കുര്‍ബാന അര്‍പ്പിക്കാനെത്തിയ ആന്‍ഡ്രൂസ് താഴത്തിനെ സമരക്കാര്‍ തടഞ്ഞു. പള്ളിയുടെ ഗേറ്റ് പൂട്ടിയാണ് പ്രതിഷേധക്കാര്‍ ബിഷപ്പിനെ തടഞ്ഞത്.
പ്രതിഷേധ സാധ്യത കണക്കിലെടുത്ത് അഡ്മിനിസ്ട്രേറ്റര്‍ ആന്റണി പുതുവേലിന് ഹൈക്കോടതി നേരത്തെ പൊലീസ് സംരക്ഷണം നല്‍കിയിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് രണ്ടാഴ്ച്ചയോളം അടച്ചിട്ടിരുന്ന പള്ളി രണ്ട് ദിവസം മുമ്പാണ് തുറന്നത്.

You might also like