പ്രതിദിന ചിന്ത | തീമതിലും മഹത്വവും
സെഖര്യാവ് 2:5 “എന്നാൽ ഞാൻ അതിന്നു ചുറ്റും തീമതിലായിരിക്കും; ഞാൻ അതിന്റെ നടുവിൽ മഹത്വമായിരിക്കും എന്നു യഹോവയുടെ അരുളപ്പാടു.”
യെരുശലേമിന്റെ സമൃദ്ധി (2:1-5), സ്വന്തനാട്ടിലേക്കുള്ള യെഹൂദന്റെ തിരിച്ചു വരവിന്റെ സന്തോഷം (2:6-9), നിത്യമായ ദൈവികസഹവാസത്തിന്റെ ഉറപ്പു (2:10-13) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
അളവുനൂൽ കൈയ്യിലേന്തിക്കൊണ്ടു യെരുശലേമിനെ അളക്കുവാൻ തയ്യാറായി നിൽക്കുന്ന ഒരു പുരുഷന്റെ ദർശനമാണ് ഈ അദ്ധ്യായത്തിന്റെ കാര്യസാരമായ വായന. യിസ്രായേലിന്റെ യഥാസ്ഥാപനവും ഭാവിയനുഗ്രഹങ്ങളും ചിത്രീകരിക്കപ്പെട്ടിരിക്കുന്നു ഇവിടെ. ജനസംഖ്യയിലും മൃഗസമ്പത്തിലും ഭൂമിശാസ്ത്രപരമായും അസാധാരണമായ വളർച്ച കൈവരിച്ച (2:4) യിസ്രായേൽ ദൈവത്താൽ പരിപാലിക്കപ്പെടുന്നു എന്ന വസ്തുത ഏറെ പ്രാധാന്യത്തോടെ ചൂണ്ടികാണിക്കുന്നു. ബാബേൽ പ്രവാസം അവസാനിച്ചെങ്കിലും ബി സി 538 ലെ കോരെശിന്റെ വിളംബരം അനുസരിച്ചു പ്രവാസികൾ പൂർണമായി മടങ്ങി യെരുശലേമിൽ എത്തിയിട്ടില്ല. ഇനിയും അവശേഷിക്കുന്നവർ അടുത്ത നാളുകളിൽ മടങ്ങി വരുമെന്ന സൂചന 2:6,7 വാക്യങ്ങളുടെ വായനയാകുന്നു. സഹസ്രാബ്ദ വാഴ്ചാ കാലത്തു യഹോവയായ ദൈവത്തിന്റെ വ്യക്തിപരമായ സാന്നിധ്യം യിസ്രായേലിനു ഉറപ്പാക്കപ്പെടുന്നതിനാൽ (2:5,11) ദേശം അതീവ സുരക്ഷയുടെ ഗുണഭോക്താക്കളായി തീരുമെന്ന സൂചനയും വായിക്കരുതോ! മാത്രമല്ല, “നിങ്ങളെ തൊടുന്നവൻ അവന്റെ കണ്മണിയെ തൊടുന്നു” (2:8c) എന്ന പ്രസ്താവനയിൽ ചരിത്രത്തിലുടനീളം യിസ്രായേലിന്നു ഉറപ്പാക്കിയിട്ടുള്ള ദൈവിക സുരക്ഷയുടെ വർണ്ണനയും വായിച്ചറിയരുതോ! ആയിരമാണ്ടു വാഴ്ചയിൽ ജാതികൾ യഹോവയായ ദൈവത്തിങ്കലേക്കു തിരിയുമെന്ന സൂചന (2:11; 14:16; യെശ. 2:3) ദൈവാധികാരത്തിന്റെ വിസ്തൃതിയുടെ ചൂണ്ടിക്കാട്ടലായി കാണുന്നതാണെനിക്കിഷ്ടം! തന്റെ ജനവുമൊത്തുള്ള ദൈവത്തിന്റെ വാസം (2:5,9 -12) സൗഭാഗ്യം നിറഞ്ഞ ഒരു കാലഘട്ടത്തിന്റെ മുന്നെഴുത്തു തന്നെയാണ്!
പ്രിയരേ, യിസ്രായേലിന്റെ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങളായിരുന്നു പ്രവാസങ്ങളും അനുബന്ധ പരിസരങ്ങളും. എങ്കിലും ആ സന്ദർഭങ്ങളിലും അവിടുത്തെ വാഗ്ദത്തം ഓർത്ത ദൈവം എത്ര വിശ്വസ്തൻ! തെറ്റുകളെ യഥാവിധി ശിക്ഷിക്കുകയും അതേവേളയിൽ കരുതലിന്റെ കരങ്ങളാൽ ആശ്ലേഷിക്കുകയും ചെയ്യുകയും മടങ്ങിവരവിനും തിരുത്തലിനും പര്യാപ്തമായ പരിസരങ്ങൾ ഉളവാക്കുകയും ചെയ്യുന്ന ദൈവം എന്നുമെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ! ആമേൻ!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.