പ്രതിദിന ചിന്ത | യോശുവയുടെ മുഷിഞ്ഞ വസ്ത്രവും ഉത്സവവസ്ത്രവും

0

സെഖര്യാവ് 3:4 “അവൻ തന്റെ മുമ്പിൽ നില്ക്കുന്നവരോടു: മുഷിഞ്ഞ വസ്ത്രം അവങ്കൽനിന്നു നീക്കിക്കളവിൻ എന്നു കല്പിച്ചു; പിന്നെ അവനോടു: ഞാൻ നിന്റെ അകൃത്യം നിന്നിൽനിന്നു പോക്കിയിരിക്കുന്നു; നിന്നെ ഉത്സവവസ്ത്രം ധരിപ്പിക്കും എന്നു അരുളിച്ചെയ്തു.”

മഹാപുരോഹിതനായ യോശുവയ്ക്കെതിരായി സാത്താന്റെ കുറ്റപ്പെടുത്തലും ദൈവത്തിന്റെ നീതീകരണവും (3:1-5), യോശുവയോടുള്ള ദൈവിക അരുളപ്പാടുകൾ (3:6-8), യോശുവയോടുള്ള ദൈവിക വാഗ്ദത്തങ്ങൾ (3:9-10) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

ദൈവസന്നിധിയിൽ നിൽക്കുന്ന മഹാപുരോഹിതനായ യോശുവയും തന്റെ വലത്തുഭാഗത്തു നിൽക്കുന്ന സാത്താനും അസാധാരണമായ ഒരു പശ്ചാത്തലത്തിന്റെ ചിത്രീകരണമാണ് മുമ്പോട്ട് വയ്ക്കുന്നത്. ഇയ്യോബിനെതിരെ ദൈവമുമ്പാകെ സാക്ഷ്യം പറയുവാൻ സാത്താൻ ദൈവസന്നിധിയിൽ നിൽക്കുന്നതിനോട് സമാനമായ മറ്റൊരു സന്ദർഭമായി ഈ തിരുവചന ഭാഗത്തെ പഠിയ്ക്കുന്നതാണെനിക്കിഷ്ടം! മുഷിഞ്ഞ വസ്ത്രധാരിയായ യോശുവ (മോശയുടെ ദാസനായ യോശുവ അല്ല ഇതെന്ന് വിശേഷാൽ കുറിയ്ക്കേണ്ടതില്ലല്ലോ!) യിസ്രായേലിന്റെ സാർവ്വത്രിക മലിനതയുടെ പ്രാതിനിധ്യമായി കരുതാം. ആകയാൽ യിസ്രായേൽ ദൈവത്താൽ ഉപേക്ഷിക്കപ്പട്ട സ്ഥിതിവിശേഷം സംജാതമായി. എങ്കിലും ജനത്തിന്റെ മാനസാന്തരവും തിരുത്തലും അവരെ ദൈവാഭിമുഖമാക്കിയപ്പോൾ ദൈവം വീണ്ടും അവരെ സ്വസ്ഥാനത്തു പുനഃസ്ഥാപിക്കുന്നതിന്റെ ചിത്രമാണ് ഈ അദ്ധ്യായത്തിലെ രൂപകാലങ്കാര പ്രയോഗത്തിന്റെ സാരം. പ്രവാസത്തിൽ നിന്നുള്ള മടങ്ങിവരവിലൂടെ ഈ യഥാസ്ഥാപനം സത്വരമായി നിറവേറിയപ്പോൾ മശിഹായുടെ രണ്ടാം വരവിങ്കൽ രാജ്യം വിശുദ്ധീകരിക്കപ്പെടുന്നതിലൂടെ ഭാവികാല അടിസ്ഥാനത്തിൽ ഈ പ്രവചനം നിറവേറപ്പെടും. “ഇവൻ തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട കൊള്ളിയല്ലയോ” (3:2c) എന്ന പരാമർശത്തിൽ പ്രവാസങ്ങളുടെയും യിസ്രായേൽ പിന്നിട്ട നാളുകളിൽ സഞ്ചരിച്ച അതിതീവ്ര അനുഭവങ്ങളുടെ ഓർമ്മപ്പെടുത്തലുകളായി പഠിയ്ക്കുന്നതിൽ തെറ്റുണ്ടോ! മുഷിഞ്ഞ വസ്ത്രം മാറി ഉത്സവസ്ത്രം ധരിപ്പിച്ചു തലയിൽ വെടിപ്പുള്ള കിരീടം വയ്പ്പിച്ചു നീതീകരിക്കുന്ന ദൈവത്തിന്റെയും കുറ്റപ്പെടുത്തിയ സാത്താനെയും മുമ്പാകെ നിർത്തപ്പെട്ട യോശുവ, ദൈവത്താൽ നീതീകരിക്കപ്പെട്ടു യഥാസ്ഥാനപ്പെട്ട യിസ്രായേലിന്റെ ചിത്രമായി പരിഗണിക്കപ്പെടുന്ന അതേവേളയിൽ തന്നെ എട്ടാം വാക്യം മുതൽ പത്താം വാക്യം വരെ മശിഹയുടെ പ്രതീക്ഷയും പ്രത്യാശയും പ്രസ്താവിക്കപ്പട്ടിരിക്കുന്നതു വിശേഷാൽ ധ്യാനപ്രമേയമാക്കിയാലും!

പ്രിയരേ, നമ്മുടെ മലിനതകളിന്മേൽ ചൂണ്ടപ്പെടുന്ന വിരലുകൾ ഏറെയുണ്ടെന്നു നാം വിസ്മരിക്കരുത്. എന്നാൽ “നീ എന്റെ വഴികളിൽ നടക്കയും എന്റെ കാര്യം നോക്കുകയും ചെയ്താൽ” (3:7) എന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ഉറപ്പാക്കപ്പെടുന്ന ദൈവിക നിർണ്ണയങ്ങളുടെ സംഗ്രഹം പാപങ്ങളുടെ മുഷിച്ചിലുകൾ നിരാകരണം ചെയ്യുന്നതും മശിഹായുടെ പ്രത്യാശ ഉണർത്തുന്നതുമാണെന്ന പ്രമാണത്തിനു അടിവരയിടുവാനാണ് പ്രേരണ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like