പ്രതിദിന ചിന്ത | പാറിപ്പോകുന്ന ചുരുളിന്റെ ദർശനം

0

സെഖര്യാവ് 5:1,2 “ഞാൻ വീണ്ടും തല പൊക്കി നോക്കിയപ്പോൾ, പാറിപ്പോകുന്ന ഒരു ചുരുൾ കണ്ടു. അവൻ എന്നോടു: നീ എന്തു കാണുന്നു എന്നു ചോദിച്ചതിന്നു: പാറിപ്പോകുന്ന ഒരു ചുരുൾ ഞാൻ കാണുന്നു; അതിന്നു ഇരുപതു മുഴം നീളവും പത്തു മുഴം വീതിയും ഉണ്ടു എന്നു ഞാൻ ഉത്തരം പറഞ്ഞു. .”

പറക്കുന്ന ചുരുളിന്റെ ദർശനം (5:1-4), ഏഫയും അതിനുള്ളിൽ മറയ്ക്കപ്പെട്ട സ്ത്രീയും ശിനാർ ദേശത്തേക്കു കൊണ്ടുപോകപ്പെടുന്നതിന്റെ ദർശനം (5:5-11) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

സെഖര്യാ പ്രവാചകന്റെ ആറാമത്തെ ദർശനമാണിത്‌. അന്തരീക്ഷത്തിലൂടെ പറന്നുനീങ്ങുമ്പോൾ തന്നെ അതിന്റെ അളവ് കൃത്യമായി പ്രവാചകനു ബോധ്യമായതിൽ നിന്നും ചുരുൾ നിവർത്തിയ നിലയിൽ ആയിരുന്നു എന്നു തെളിയുന്നു. ഇരുപതു മുഴം നീളവും പത്തു മുഴം വീതിയും അഥവാ സുമാർ ഒമ്പതു മീറ്റർ നീളവും നാലര മീറ്റർ വീതിയുമുള്ള നിവർത്തപ്പെട്ട ചുരുളായിരുന്നു സെഖര്യാവ് കണ്ടതെന്നു ന്യായമായി അനുമാനിക്കാം. ന്യായപ്രമാണ ലംഘനത്തിന്റെ പരിണിതിയായ ശാപം ചുരുളുകളിൽ കുറിയ്ക്കപ്പെട്ടിരുന്നു. മൂന്നാം വാക്യത്തിന്റെ ‘ഓശാനാ ബൈബിൾ പരിഭാഷ’ (പി ഓ സി) “മോഷ്ടിക്കുന്നവനും കള്ളസത്യം ചെയ്യുന്നവനും ഇതിൽ എഴുതിയിരിക്കുന്നത് പോലെ വിച്ഛേദിക്കപ്പെടും” എന്നാണു. അതായത്, യിസ്രായേലിന്മേലുള്ള ന്യായവിധി മഴമേഘശകലങ്ങൾ കണക്കെ അന്തരീക്ഷത്തിലൂടെ പറന്നുനടക്കുന്നു എന്നുസാരം. ഏതുനേരവും പെയ്തിറങ്ങുവാൻ തയ്യറായി നിൽക്കുന്ന ന്യായവിധിയുടെ വെള്ളത്തെ പിടിച്ചൊതുക്കി നിൽക്കുന്ന മേഘങ്ങൾക്കു കീഴിൽ യിസ്രായേൽ പാർക്കുന്നു എന്ന വസ്തുത പ്രവാചക ദർശനത്തിന്റെ വായനയായി ഗ്രഹിക്കുന്നതാണെനിക്കിഷ്ടം! ഒരുവേള അതു പുറപ്പെട്ടു കഴിഞ്ഞാൽ അതു മോഷ്ടാവിന്റെയും കള്ളസത്യം ചെയ്യുന്നവന്റെയും വീടുകളെ ലക്‌ഷ്യം തെറ്റാതെ ആക്രമിക്കുമെന്നും “അതിന്റെ മരവും കല്ലുമായി നശിപ്പിച്ചു കളയും” (5:4) എന്നും പ്രവാചകൻ പ്രസ്താവിക്കുന്നു. “മോഷ്ടിക്കരുത്”, “കള്ളസത്യം ചെയ്യരുതു” എന്നീ കല്പനകളിലേക്കുള്ള വിരൽചൂണ്ടലും ഇവിടുത്തെ പ്രത്യേകതയാണല്ലോ! ദൈവത്തിന്റെ വെറുപ്പും കോപവും സമ്പാദിക്കുന്ന ജനത്തിന്റെ ചെയ്തികളിലേക്കു പെയ്തിറങ്ങുവാൻ വെമ്പുന്ന മഴമേഘങ്ങൾ പോലെ ശാപത്തിന്റെ ചുരുൾ പറന്നുയർന്നിട്ടുണ്ടെന്ന മുന്നറിയിപ്പ് പ്രവാചക വാക്യങ്ങളുടെ അന്തഃസത്തയായി ചൂണ്ടികാണിക്കുവാനാണ് പ്രേരണ!

പ്രിയരേ, കല്പനാ ലംഘനങ്ങൾ വിദൂരവ്യാപകമായ പ്രതിഫലനങ്ങൾ ഉളവാക്കും; തീർച്ച! ദൈവപ്രസാദം നേടുവാനുള്ള അനുക്രമങ്ങൾ ജീവിതശൈലിയാക്കുന്നതോളം അനുഗ്രഹം മറ്റെന്തുണ്ട്! പെയ്‌തിറങ്ങുന്ന അനുഗ്രഹമാരിയുടെ പ്രണേതാക്കാളായി തീരുന്നതോളം സൗഭാഗ്യം മറ്റൊന്നുമില്ലെന്ന വസ്തുത കുറിപ്പിന്റെ ആകെസംഗ്രഹമായി ചൂണ്ടിക്കാണിക്കട്ടെ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like