പ്രതിദിന ചിന്ത | ഉപവാസത്തിലെ ആത്മാർത്ഥതയില്ലായ്മ

0

സെഖര്യാവ് 7:11 “എന്നാൽ ചെവി കൊടുപ്പാൻ അവർക്കു മനസ്സില്ലായിരുന്നു; അവർ ദുശ്ശാഠ്യം കാണിക്കയും കേൾക്കാതവണ്ണം ചെവി പൊത്തിക്കളകയും ചെയ്തു.”

ഉപവാസം സംബന്ധിച്ചു പ്രവാസികൾ പ്രവാചകനോട് ഉന്നയിക്കുന്ന ചോദ്യം (7:1-7), ജനത്തോടുള്ള പ്രവാചകന്റെ ഉത്തരവും പ്രവാസത്തിന്റെ കാരണം വ്യക്തമാക്കലും (7:8-14) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

“ദാർയ്യാവേശ് രാജാവിന്റെ നാലാം ആണ്ടിൽ, കിസ്ളേവ് എന്ന ഒമ്പതാം മാസം, നാലാം തിയ്യതി” (7:1) അഥവാ സെഖര്യാവ് തുടർമാനമായി കണ്ട ദർശന പരമ്പരകളുടെ സുമാർ രണ്ടു വർഷങ്ങൾ (1:7) പിന്നിട്ട അവസരത്തിൽ ബെഥേലിൽ നിന്നുള്ള സരേസർ, രേഗെം-മേലെക്ക് എന്നിവരെ പ്രതിനിധികളായി പ്രവാചകന്റെ അടുത്തേക്ക് അയക്കുകയും “ഞങ്ങൾ ഇത്ര സംവത്സരമായി ചെയ്തുവന്നതുപോലെ അഞ്ചാം മാസത്തിൽ കരഞ്ഞുംകൊണ്ടു ഉപവസിക്കേണമോ എന്നു ചോദിപ്പിച്ചു” (7:3). ബി സി 586 ൽ ആലയം നശിപ്പിക്കപ്പെട്ടതിന്റെ ഓർമ്മയ്ക്കായി (യിരെ. 52:12-13) എല്ലാ വർഷവും അഞ്ചാം മാസത്തിൽ യിസ്രായേലിൽ ഒരു ഉപവാസം നടത്തി വന്നിരുന്നു. കൂടാതെ, യഹൂദ്യയിലെ ഗവർണറായിരുന്ന ഗെദല്യാവിന്റെ കൊലപാതകത്തിന്റെ ഓർമ്മയ്ക്കായി ഏഴാം മാസത്തിൽ മറ്റൊരു ഉപവാസവും പ്രഖ്യാപിക്കപ്പെട്ടിരുന്നു. പ്രവാസത്തിൽ നിന്നും മടങ്ങിവരുകയും ആലയത്തിന്റെ പുനർനിർമ്മാണം നടക്കപ്പെടുകയും ചെയ്തിരിക്കുന്ന സ്ഥിതിയ്ക്ക് ഇനിയും ആ ഉപവാസങ്ങൾ തുടരേണ്ടതുണ്ടോ എന്ന ചോദ്യമാണ് ബെഥേല്യർ ഉന്നയിച്ചത്. അതിനോടുള്ള പ്രവാചകന്റെ ഉത്തരമാകട്ടെ, കഠിനമായ ഭാഷയിൽ തന്നെ ആയിരുന്നു. പിന്നിട്ട എഴുപതു വർഷങ്ങളായി തുടരുന്ന ഉപവാസത്തിൽ ആത്മാർത്ഥത തെല്ലുമുണ്ടായിരുന്നില്ല (7:5,6) എന്ന വസ്തുത പ്രവാചകൻ ചൂണ്ടിക്കാണിക്കുന്നു. ഇനിയും ഉപവസിക്കുവാൻ തങ്ങൾക്കു താത്പര്യമില്ലെന്ന് പറയാതെ പറയുകയായിരുന്നു ജനം എന്നാണ് ഞാൻ കരുതുന്നത്! ഉപവാസം വെറും ചടങ്ങായി മാത്രം കണ്ടിരുന്ന യിസ്രായേലിന്റെ ലാഘവമനോഭാവം പ്രവാചകൻ നന്നായി വിമർശിച്ചു. ഉപവാസവും ഭക്ഷണം കഴിക്കലും യിസ്രായേലിനെ സംബന്ധിച്ച് വലിയ വ്യത്യാസമൊന്നും പ്രകടമാകാത്ത അനുക്രമങ്ങളായി തിരിച്ചറിഞ്ഞ പ്രവാചകൻ, ജനത്തിന്റെ മനസ്സാക്ഷിയ്ക്കു നേരെ എറിയുന്ന ചാട്ടുളി എന്തായാലും ഉന്നം തെറ്റിയില്ല തന്നെ!

പ്രിയരേ, ആത്മീകകാര്യങ്ങളിലെ അലസത അനാത്മീകതയായി തന്നെ പരിഗണിക്കപ്പെടാം. ഉപവസിക്കുന്നതോ ഉപവസിക്കാത്തതോ അല്ല; മറിച്ച്‌, അതിലെ ആത്മാർത്ഥതയാണ് കാതലായി കരുതേണ്ട സംഗതി. നാമമാത്രമായി അനുഷ്ഠിക്കുന്ന ആചാരങ്ങളും ഉപവാസങ്ങളും കൂട്ടിക്കുഴച്ചുള്ള പ്രഹസനങ്ങൾ ദൈവപ്രസാദത്തിനുതകുകയില്ലെന്നു കുറിയ്ക്കുവാനാണ് പ്രേരണ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like