ഭീഷണിയില്‍; ക്രിസ്തുമതം ഉപേക്ഷിച്ച് ഹിന്ദുമത വിശ്വാസികളാകുക, അല്ലെങ്കില്‍ ഗ്രാമവും വീടും വിട്ടൊഴിഞ്ഞു പോകുക
ക്രിസ്തുമതം ഉപേക്ഷിച്ച് ഹിന്ദുമത വിശ്വാസികളാകുക, അല്ലെങ്കില്‍ ആദിവാസി ഗ്രാമവും വീടും വിട്ടൊഴിഞ്ഞു പോകുക, അതുമല്ലെങ്കില്‍ മരണം വരെ നേരിടാന്‍ തയ്യാറാകുക” എന്നീ 3 കല്‍പ്പനകളില്‍ ഒന്ന് സ്വീകരിക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ് ഛത്തീസ്ഗഢിലെ ഗോത്രവിഭാഗക്കാരായ ക്രിസ്ത്യന്‍ സമൂഹം.
ഛത്തീസ്ഗഢിലെ ഗോത്ര മേഖലകളില്‍ ക്രിസ്ത്യാനികളെ ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും മതപരിവര്‍ത്തനം ചെയ്യിച്ചുകൊണ്ടിരിക്കുകയാണെന്നും അല്ലാത്തവര്‍ക്ക് ഗ്രാമം വിടേണ്ടി വന്നിരിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘവുമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രമുഖ ക്രിസ്ത്യന്‍ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം വെളിപ്പെടുത്തി.
ഭീഷണിയെത്തുടര്‍ന്ന് 1000 ആദിവാസി ക്രിസ്ത്യാനികള്‍ വീടു വിടേണ്ടി വരികയും ദുരിതാശ്വാസ ക്യാമ്പുകളിലടക്കം കഴിയേണ്ടതായി വന്നു. ഇത്രയുമായിട്ടും അതിക്രമങ്ങളില്‍ ഒന്നില്‍ പോലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ അറസ്റ്റ് രേഖപ്പെടുത്താനോ ഛത്തീസ്ഗഢ് ഭരണകൂടം തയ്യാറാകുന്നില്ലെന്നു അന്വേഷണ സംഘാംഗങ്ങള്‍ കുറ്റപ്പെടുത്തി.
ഡിസംബര്‍ 9-നും 18-നുമിടയില്‍ നാരായണപൂരിലെ 18 ഗ്രാമങ്ങളിലും കൊണ്ടഗാവിലെ 15 ഗ്രാമങ്ങളിലും അരങ്ങറിയ ആക്രമണ പരമ്പരകളെ തുടര്‍ന്നാണ് ആയിരത്തോളം ആദിവാസി ക്രിസ്ത്യാനികള്‍ക്ക് നാടും വീടും വിട്ടോടേണ്ടി വന്നത്.
മുളകളും ദണ്ഡുകളുമായി നടത്തിയ ആക്രമണങ്ങളില്‍ ഗുരുതര പരിക്കേറ്റ 24 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവനും കൊണ്ടോടിയ വിശ്വാസികള്‍ കൊടും തണുപ്പില്‍ തുറസ്സായ സ്ഥലങ്ങളില്‍ കഴിച്ചു കൂട്ടേണ്ടി വന്നു.