പ്രതിദിന ചിന്ത | കൂട്ടാളിയും ധർമ്മപത്നിയുമായ ഭാര്യ
മലാഖി 2:14 “എന്നാൽ നിങ്ങൾ അതു എന്തുകൊണ്ടു എന്നു ചോദിക്കുന്നു. യഹോവ നിനക്കും നീ അവിശ്വസ്തത കാണിച്ചിരിക്കുന്ന നിന്റെ യൌവനത്തിലെ ഭാര്യക്കും മദ്ധ്യേ സാക്ഷിയായിരുന്നതുകൊണ്ടു തന്നേ; അവൾ നിന്റെ കൂട്ടാളിയും നിന്റെ ധർമ്മപത്നിയുമല്ലോ.”
ന്യായപ്രമാണ പാലനത്തിലും അതിന്റെ ഉപദേശത്തിലും പുരോഹിതന്മാർ വരുത്തിയ വീഴ്ച (2:1-9), ജാതികളുമായി ഇടകലർന്ന യഹൂദയുടെ കുറ്റം ചൂണ്ടിക്കാണിക്കുന്നു (2:10-12), യഹോവ വെറുക്കുന്ന വിവാഹമോചനം (2:13-16), യിസ്രായേലിന്റെ അഭക്തിയും ദൈവവിരോധവും (2:17), എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
വിവാഹജീവിതത്തിന്റെ പരിപാവനത സംബന്ധിച്ച ദൈവികപക്ഷം ഏറെ പ്രാധാന്യത്തോടെ ഈ അദ്ധ്യായത്തിന്റെ ഉള്ളടക്കമാക്കുന്നു. യഹോവയായ ദൈവത്തെ വിട്ടു അന്യദൈവങ്ങളുമായി ആരാധന പങ്കിട്ട യിസ്രായേലിന്റെ ആത്മീക നിലവാരത്തിലേക്ക് വിരൽചൂണ്ടൽ നടത്തുവാൻ ഭാര്യാഭർത്തൃ ബന്ധത്തിന്റെ നിർമ്മലതയെ രൂപകാലങ്കാരമായി പ്രവാചകൻ അടയാളപ്പെടുത്തുന്നു. ഭാര്യ ആരെന്ന പ്രവാചകന്റെ വിശകലനം ഏറെ ശ്രദ്ധേയമാണ്: താൻ കുറിയ്ക്കുന്നു: “അവൾ നിന്റെ കൂട്ടാളിയും നിന്റെ ധർമ്മപത്നിയുമല്ലോ” (2:14c). “ഉടമ്പടി അനുസരിച്ചു നിന്റെ ഭാര്യയും സഖിയും” എന്നാണു പി ഓ സി ബൈബിളിന്റെ പരിഭാഷ. യൗവനത്തിന്റെ പ്രവേശന കവാടത്തിങ്കൽ ഒരുവനെ ഉടമ്പടി ചൊല്ലി എതിരേറ്റു വരുന്ന സഖിയായി ഭാര്യ വിശേഷിപ്പിക്കപ്പെടുന്നു. അവർ തമ്മിൽ ചെയ്യുന്ന ഉടമ്പടി ആകട്ടെ ഒരായുസ്സു മുഴുവൻ സഖികളായി തുടരുവാനുള്ള സമർപ്പണമാണ്. ആദ്യവിവാഹത്തിന്റെ ആശിർവാദ വേളയിലെ “തക്കതുണ” (ഉല്പ. 2:18) എന്ന പ്രയോഗവും ഇതിനോടു ചേർത്തുവയ്ക്കേണ്ടുന്ന പരാമർശം തന്നെയല്ലേ! ഇപ്രകാരം ഉടമ്പടിയുടെ ഭാര്യയായി സ്വീകരിക്കപ്പെടുന്ന ഭാര്യയോട് യാതൊരുകാരണവശാലും അവിശ്വസ്തത അരുതെന്നു ശക്തമായ താക്കീതു പ്രവാചകൻ നൽകുന്നു. ഭാര്യാഭർത്താക്കന്മാരുടെ വിശ്വസ്തതയിലൂന്നിയുള്ള ജീവിതവ്യാപനത്തിനു സ്ലീഹനായ പൗലോസ് മുമ്പോട്ട് വയ്ക്കുന്ന സമവാക്യം ആധികാരികവും ഈ പ്രമേയത്തിൽ കറയറ്റ നിർദ്ദേശവുമായി കാണുന്നതാണെനിക്കിഷ്ടം! അതായത്, “ഭർത്താവു ഭാര്യക്കും ഭാര്യ ഭർത്താവിന്നും കടംപെട്ടിരിക്കുന്നതു ചെയ്യട്ടെ” (1 കൊരി. 7:3) എന്ന പ്രസ്താവന! ദൈവത്താൽ യോജിപ്പിക്കപ്പെടുന്ന ഭാര്യാഭർത്താക്കന്മാർ, ഇരുവരുടെയും കടപ്പാടുകൾ തിരിച്ചറിഞ്ഞു കൃത്യമായി പരസ്പരം നിർവ്വഹിക്കുമ്പോൾ അവിശ്വസ്തതയുടെ ലാഞ്ഛനയ്ക്കു പോലും അവിടെ പ്രസക്തിയില്ല തന്നെ!
പ്രിയരേ, തിരുവെഴുത്തുകളുടെ താളുകളിൽ കോറിയിടപ്പെട്ടിട്ടുള്ള ധന്യ കുടുംബങ്ങളും ചരിത്രത്തിന്റെ താളുകളിൽ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള മാതൃകാ കുടുംബങ്ങളും മാത്രമല്ല, ചുറ്റുപാടുകളിലേക്കു തുറന്നുപിടിക്കുന്ന കണ്ണുകളിൽ പതിയുന്ന ദൈവഭയമുള്ള കുടുംബങ്ങളും ഈ പ്രമേയത്തിൽ അനുകരിക്കാവുന്ന വിശ്വസ്തതയുടെ ഉത്തമ അടയാളപ്പെടുത്തലുകളായി ചൂണ്ടിക്കാണിക്കുവാനാണ് പ്രേരണ!