പ്രതിദിന ചിന്ത | അവളിൽ (മറിയ) യേശു ജനിച്ചു

0

മത്തായി 1:21 “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.”

അബ്രഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി (1:1-17), യേശുക്രിസ്തുവിന്റെ ജനനം (1:18-25) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

കർത്താവായ യേശുക്രിസ്തുവിന്റെ ശിക്ഷ്യന്മാരിൽ ഒരുവനും ലേവി എന്ന മറുപേരുള്ളവനും മുൻ ചുങ്കപ്പിരിവുകാരനുമായിരുന്ന മത്തായി എ ഡി 50-60 കാലഘട്ടത്തിൽ എഴുതിയെന്നു കരുതപ്പെടുന്ന പുസ്തകമാണ് മത്തായിയുടെ സുവിശേഷം. പഴയനിയമത്തിനും പുതിയ നിയമത്തിനും ഇടയിലുള്ള സുമാർ നാലു നൂറ്റാണ്ടുകൾ “നിശബ്ദസംവത്സരങ്ങൾ” എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഈ നൂറ്റാണ്ടുകളിൽ ദൈവാത്മ പ്രചോദിതരായ പ്രവാചകന്മാർ ആരും തന്നെ ജനത്തോടു സംവദിക്കുവാൻ എഴുന്നേൽക്കപ്പെട്ടിരുന്നില്ല. ആത്മീകമായ അധഃപതനവും രാഷ്ട്രീയമായ മാറ്റംമറിച്ചിലുകളും ഏറെ സംഭവിച്ച ഈ കാലഘട്ടം മശിഹയുടെ രംഗപ്രവേശത്തിനായുള്ള കളമൊരുങ്ങൽ ആയിരുന്നു എന്നു സംക്ഷേപിക്കുന്നതാണ് യുക്തം. പേർഷ്യ, ഗ്രീസ് (മഹാനായ അലക്സാണ്ടർ), ടോളമി, സെലൂക്യർ, മക്കാബിയർ, റോമൻ ഭരണത്തിൻ കീഴിൽ ഞെരിഞ്ഞമർന്ന യഹൂദന്റെ ചരിത്രം ഏറെ പരിതാപകരമായിരുന്നു. അക്കാലത്തു ഉടലെടുത്ത മത-രാഷ്ട്രീയ വിമോചന-നവീകരണ പ്രസ്ഥാനങ്ങളായിരുന്നു പരീശന്മാർ, സദൂക്യർ, എസ്സീന്യർ, ശാസ്ത്രിമാർ, ഹെരോദ്യർ മുതലായ വിഭാഗങ്ങൾ. യഹൂദനെ ഏറ്റവും ബാധിച്ച ഈ കാലയളവിലെ രാഷ്ട്രീയവും മതപരവുമായ പശ്ചാത്തലങ്ങളുടെ ആലേഖനമാണ് ഉത്തരകാനോനിക പുസ്തകങ്ങൾ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന “അപ്പോക്രിഫാ ഗ്രന്ഥങ്ങൾ”. നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ ‘യഹൂദൻമാരുടെ രാജാവ്’ എന്ന നിലയിൽ അവതരിപ്പിക്കുന്ന പുതിയനിയമത്തിലെ ആദ്യ പുസ്തകവും ഇരുപത്തെട്ടു (28) അദ്ധ്യായങ്ങളും ആയിരത്തിഎഴുപത്തൊന്നു (1071) വാക്യങ്ങളുമടങ്ങിയ തിരുവെഴുത്തുകളിലെ നാല്പതാമത്തെ (40) പുസ്തകത്തിലൂടെയുള്ള ആത്മീകസഞ്ചാരത്തിലേക്കു പ്രാർത്ഥനയോടെ പ്രവേശിക്കാം!

“ദൈവം രക്ഷയാകുന്നു” എന്നർത്ഥം വരുന്ന ‘യെശുവ’ എന്ന എബ്രായ വാക്കിന്റെയും “അഭിഷിക്തൻ” എന്നർത്ഥം വരുന്ന ‘ക്രിസ്റ്റോസ്’ എന്ന ഗ്രീക്കു വാക്കിന്റെയും സംയുക്ത രൂപമാണ് “യേശുക്രിസ്തു” എന്ന നാമം. ദാവീദ് മുതൽ പതിനാലാം തലമുറയിൽ “അവളിൽ (മറിയ) നിന്ന് ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു” (1:16) എന്ന പ്രസ്താവനയിൽ യേശുവിന്റെ കന്യകാ ജനനത്തിന്റെ സവിശേഷതകളുടെ സാന്ദ്രത വ്യക്തമാണല്ലോ!

പ്രിയരേ, ലോകത്തിന്റെ നെറുകയിലേക്കു പിറന്നു വീണ യേശു ദൈവത്താൽ നിയോഗിച്ചയക്കപ്പെട്ട ലോക രക്ഷിതാവായിരുന്നു. കന്യക ഗർഭിണിയായി പ്രസവിക്കുന്ന പുരുഷപ്രജയ്ക്കു “ഇമ്മാനുവേൽ” എന്ന പേരും നൂറ്റാണ്ടുകൾക്കു മുന്നമേ പ്രവാചകൻ പ്രഖ്യാപിച്ചതിന്റെ കൃത്യമായ നിറവേറലോടെ പുതിയനിയമ പുസ്തങ്ങളുടെ വായനയ്ക്ക് തിരശ്ശീല ഉയരുന്നു!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like