പ്രതിദിന ചിന്ത | പിതാവിന്റെ ഇഷ്ടപൂർത്തീകരണവും ദൈവരാജ്യ പ്രവേശനവും
മത്തായി 7:21 “എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.”
വിധിക്കരുത് എന്ന പ്രബോധനം (7:1-5), വിവേകപൂർണ്ണമായ നിലപാടുകൾ (7:6), പ്രാർത്ഥനയ്ക്ക് മറുപടി ഉറപ്പു (7:7-11), മനുഷ്യബന്ധങ്ങളിലെ കടപ്പാടുകൾ (7:12), ജീവങ്കലേക്കുള്ള പ്രവേശന വിധം (7:13-23), വചനത്തോടുള്ള വിധേയത്വം തെളിയിക്കപ്പെടുന്ന രണ്ടു നിർമ്മിതികൾ (7:24-29) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
ഗിരിപ്രഭാഷണത്തിന്റെ അവസാന അദ്ധ്യായത്തിൽ യേശുകർത്താവ് ചൂണ്ടികാണിക്കുന്ന ത്രിവിധ ദ്വന്ദപ്രയോഗങ്ങൾ അതിപ്രാധാന്യതയുള്ള ജീവിത മൂല്യങ്ങളിലേക്കുള്ള വഴിതിരിച്ചു വിടലായി കരുതുന്നതാണെനിക്കിഷ്ടം! രണ്ടു വഴികളും രണ്ടു ലക്ഷ്യങ്ങളും (7:13,14), രണ്ടു വൃക്ഷങ്ങളും രണ്ടു വിധ ഫലങ്ങളും (7:16-20), രണ്ടുവിധ നിർമ്മിതികളും പരിണിതികളും (7:24-27) എന്നിവയാണ് ദ്വന്ദപ്രയോഗങ്ങൾ. ഈ വിശേഷ പ്രയോഗം ഗ്രീക്ക് – റോമൻ തത്വചിന്തകൻമാരുടെ പൊതുവായ ഒരു പഠിപ്പിക്കൽ രീതി ആയിരുന്നു. ഉത്തമമായ ഒരു ലക്ഷ്യവും അധമമായ മറ്റൊരു ലക്ഷ്യവും മുമ്പിലുണ്ടെന്നും അതിലൊന്നിൽ ഏവരും എത്തുമെന്നുമുള്ള അനിഷേധ്യ സത്യം എക്കാലത്തെയും ചിന്തകന്മാരുടെ ഇടയിൽ രൂഢമൂലമായ തിരിച്ചറിവായിരുന്നു. അതിനെ ആസ്പദമാക്കി രൂപീകരിച്ചിട്ടുള്ള മീമാംസകൾ അതാതു വിധത്തിൽ പ്രസക്തവും ആയിരുന്നു എന്ന വസ്തുത വിസ്മരിക്കാവതുമല്ല. എന്നാൽ യേശുകർത്താവ് മുമ്പോട്ടു വച്ച ആശയങ്ങൾ ജഡീകമൂല്യങ്ങളുടെ പരിപോഷണം ഉന്നമിട്ടുള്ള ഒരു പഠിപ്പിക്കൽ അല്ലായിരുന്നു എന്നതാണ് അവിടുത്തെ പഠിപ്പിക്കലുകളെ മറ്റുള്ളവരുടെ പഠിപ്പിക്കലിൽ നിന്നും വ്യത്യസ്തമാക്കുന്നത്. നാശത്തിലേക്കുള്ള വിശാലമായ കവാടത്തെ ഒഴിഞ്ഞു ഇടുക്കുവാതിലൂടെ ജീവങ്കലേക്കു കടക്കുവാനുള്ള പ്രബോധനവും നല്ല വൃക്ഷവും നല്ല ഫലവും എന്ന കാഴ്ചപ്പാടിലൂന്നി ആകാത്ത വൃക്ഷവും ആകാത്ത ഫലവും എന്ന നിയതിയിൽ നിന്നുള്ള വേർപെടലും ഹൃസ്വദൃഷ്ടിയിലൂന്നിയുള്ള മൺതിട്ടയിലെ നിർമ്മിതിയും പിൽക്കാല പ്രകൃതിദുരന്തത്തിൽ അതിനു സംഭവിച്ച അപനിർമ്മിതിയും ദീർഘദൃഷ്ടിയിലൂന്നിയുള്ള ആഴത്തിൽ കുഴിച്ചു പാറമേൽ പണിത വീടിന്റെ നിലനിൽപ്പും ക്രിസ്താനുഗാമികളുടെ സൂക്ഷ്മമായ ജീവിതരീതിയുടെ മാർഗ്ഗനിർദ്ദേശമല്ലേ വ്യക്തമാക്കുന്നത്!
പ്രിയരേ, സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം ചെയ്യുന്നതിനേക്കാൾ “കർത്താവേ, കർത്താവേ” എന്ന വിളിക്കു അത്ര പ്രാധാന്യമൊന്നുമില്ലെന്ന യേശുവിന്റെ പഠിപ്പിക്കലിന് മാറ്റേറെയുണ്ട്! സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നവരുടെ കുറഞ്ഞ യോഗ്യത ദൈവേച്ഛകൾ പൂർണ്ണമാക്കുക എന്നതു മാത്രമാണെന്ന് അടിവരയിടുവാനാണ് പ്രേരണ!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.