ബാഗിൽ പന്നിയിറച്ചിയും ചീസും: ഓസ്‌ട്രേലിയയിലെത്തിയ യാത്രക്കാരന്റെ വിസ റദ്ദാക്കി

0
ഒരു കിലോയിലധികം പന്നിയിറച്ചിയും ചീസും ബാഗിലുള്ള വിവരങ്ങൾ അധികൃതരെ അറിയിക്കാതെ ഓസ്‌ട്രേലിയയിലെത്തിയ സ്പാനിഷ് യാത്രക്കാരന്റെ വിസ റദ്ദാക്കി. കഴിഞ്ഞയാഴ്ച പെർത്ത് വിമാനത്താവളത്തിലെത്തിയ 20 വയസുള്ള യാത്രക്കാരനെതിരെയാണ് അധികൃതർ നടപടി സ്വീകരിച്ചത്. നിയമ ലംഘനം നടത്തിയതിന് യാത്രക്കാരന് 3,300 ഡോളർ പിഴയും അടക്കേണ്ടി വരും. രണ്ട് മാസങ്ങൾക്ക് മുൻപ് മാത്രമാണ് ഫെഡറൽ സർക്കാർ ബയോ സെക്യൂരിറ്റി നിയമങ്ങൾ കൂടുതൽ കർശനമാക്കിയിത്. നിയമങ്ങൾ കൂടുതൽ കടുപ്പിക്കുന്നതിന് മുൻപ് ഇതേക്കുറ്റത്തിനുള്ള പിഴ 2,664 ഡോളറായിരുന്നു. വിസയും റദ്ദാക്കാൻ കഴിയുമായിരുന്നു. ബയോ സെക്യൂരിറ്റി നിയമങ്ങൾ കടുപ്പിച്ചതിന് ശേഷം അധികൃതരുടെ നടപടി നേരിടേണ്ടി വന്ന ആദ്യത്തെ യാത്രക്കാരനാണ് ഇതെന്നാണ് റിപ്പോർട്ട്.
ജൈവസുരക്ഷയ്ക്ക് ഭീഷണിയാകാവുന്ന സാധനങ്ങൾ ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സ് അധികൃതരെ അറിയിക്കാത്തവർക്ക് 5,500 ഡോളർ വരെ പിഴ ഈടാക്കാമെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്. ഇവരുടെ വിസ റദ്ദാക്കാനും കഴിയും. ഈ നടപടി നേരിടേണ്ടി വരുന്നവരെ അടുത്ത വിമാന സർവീസിൽ മടക്കി അയക്കുകയാണ് ചെയ്യാറ്. ഇവർക്ക് മൂന്ന് വർഷത്തേക്ക് ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി നിഷേധിച്ചേക്കാം.
യാത്രക്കാരെ ഓസ്‌ട്രേലിയയിലേക്ക് വരുന്നത് നിരുത്സാഹപ്പെടുത്താനല്ല കർശന നിയമങ്ങൾ നടപ്പിലാക്കിയിരിക്കുന്നതെന്ന് കൃഷി മന്ത്രി മറെ വാറ്റ് വാർത്ത ഏജൻസിയോട് പറഞ്ഞു. ബാഗിലുള്ള സാധനങ്ങൾ ഡിക്ലെയർ ചെയ്തിരുന്നെങ്കിൽ വ്യത്യസ്തമായ നടപടിയായിരിക്കും അധികൃതർ സ്വീകരിക്കുക. ഓസ്‌ട്രേലിയയിലേക്ക് വരുന്ന ഭൂരിഭാഗം യാത്രക്കാരും ശരിയായ കാര്യം ചെയ്യുന്നതായും, ഈ യാത്രക്കാരൻ ഇത് ചെയ്യാതിരുന്നതാണ് നടപടിക്ക് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി. കാർഷിക രംഗത്തെ പ്രതികൂലമായി ബാധിക്കാവുന്ന ‘ഫൂട്ട് ആൻഡ് മൗത്ത് ഡിസീസ്’ ഓസ്‌ട്രേലിയയെ ബാധിക്കാതെ സംരക്ഷിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
You might also like