പ്രതിദിന ചിന്ത | ദൂരങ്ങൾ താണ്ടുന്ന അധികാരം

0

മത്തായി 8:13 “പിന്നെ യേശു ശതാധിപനോടു: “പോക, നീ വിശ്വസിച്ചതു പോലെ നിനക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. ആ നാഴികയിൽ തന്നേ അവന്റെ ബാല്യക്കാരന്നു സൌഖ്യം വന്നു.”

അശുദ്ധിയുടെ മേലുള്ള യേശുവിന്റെ അധികാരം (8:1-4), ദൂരപരിധികൾ അതിജീവിക്കുന്ന യേശുവിന്റെ അധികാരം (8:5-13), രോഗത്തിന്മേലുള്ള യേശുവിന്റെ അധികാരം (8:14-17), തീരുമാനങ്ങളുടെ മേലുള്ള യേശുവിന്റെ അധികാരം (8:18-22), പ്രകൃതിശക്തികളുടെ മേലുള്ള യേശുവിന്റെ അധികാരം (8:23-27), ഭൂതങ്ങളുടെ മേലുള്ള യേശുവിന്റെ അധികാരം (8:28-34) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

ലൂക്കോസ് 7:1-10 വരെയുള്ള തിരുവെഴുത്തുകളിലും ഈ സന്ദർഭം അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. സകലത്തിന്മേലും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ സമ്പൂർണ്ണ അധികാരത്തെ തെളിയിക്കുന്ന അദ്ധ്യായമായി ഈ തിരുവെഴുത്തുകളെ പഠിയ്ക്കുന്നതാണെനിക്കിഷ്ടം! അതിൽ രണ്ടാമത്തെ അടയാളപ്പെടുത്തലായ കഫർന്നഹൂമിലെ ശതാധിപന്റെ ബാല്യക്കാരന്റെ സൗഖ്യമാകട്ടെ വ്യതിരിക്തമായ അനുക്രമമായി കരുതാം. ശതാധിപൻ ഒരു വിജാതീയനായിരുന്നു (8:10). ശതാധിപൻ, നൂറു പേർക്ക് അധിപനായ റോമാ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥനാണ്. രോഗിയായി ജോലി കൃത്യമായി നിർവ്വഹിക്കുവാൻ സാധ്യമല്ലാത്ത, ബാധ്യതയായി തീരുന്ന തന്റെ ബാല്യക്കാരനെ അഥവാ അടിമയെ കൊന്നുകളയുവാൻ പോലും ശതാധിപനു അധികാരമുണ്ട്. ഈ പശ്ചാത്തലത്തിൽ വേണം ശതാധിപന്റെ യേശുവിനോടുള്ള “അപേക്ഷയുടെ” പ്രസക്തി മനസ്സിലാക്കുവാൻ. ശതാധിപന്റെ വീട്ടിൽ വന്നു ബാല്യക്കാരനെ സൗഖ്യമാക്കുവാനുള്ള യേശുവിന്റെ താത്പര്യത്തെ സ്നേഹത്തോടെ തടഞ്ഞ ശതാധിപൻ മുമ്പോട്ടു വച്ച ന്യായീകരണം ഏറെ ചിന്തനീയമാണ്. തന്റെ കീഴിൽ സദാനേരം സേവന സന്നദ്ധത അറിയിച്ചു നിൽക്കുന്ന പടയാളികളിൽ ഒരുവനോട് താൻ പോകുക എന്നു പറഞ്ഞാൽ പോകുകയും മറ്റൊരുവനോട് വരിക എന്നു പറഞ്ഞാൽ അവൻ വരികയും ചെയ്യുമെന്ന ഉറപ്പു ശതാധിപനുണ്ട്. എവിടേയ്ക്ക്, എന്തിനു, എങ്ങനെ, എപ്പോൾ മുതലായ ആപേക്ഷികങ്ങളായ ചോദ്യങ്ങൾക്കൊന്നും ലേശവും പ്രസക്തിയില്ലെന്ന ഉറപ്പു കല്പിക്കുന്നവനുണ്ട്. ആകയാൽ സകലത്തെയും സൃഷ്ടിച്ചവന്റെ കല്പ്പനയുടെ അധികാരം അതിരുകൾ താണ്ടി ലക്ഷ്യത്തിലെത്തുമെന്ന കാര്യത്തിൽ ശതാധിപനു ലേശവും സംശയമില്ല തന്നെ! അധികാരിക്ക് അധികാരത്തിലുള്ള ഉറപ്പു അനിതരസാധാരണങ്ങളായ കാര്യങ്ങളുടെ സാധ്യത ഉറപ്പാക്കുമെന്നും അതേസമയം ആ ഉറപ്പിലുള്ള വിശ്വാസം അസാധ്യങ്ങളെ സാധ്യമാക്കുമെന്നും വിശേഷാൽ കുറിയ്ക്കേണ്ടതുണ്ടോ!

പ്രിയരേ, യിസ്രായേലിൽ കൂടെ കണ്ടിട്ടില്ലാത്ത “ഇത്ര വലിയ വിശ്വാസം” വിജാതീയനിൽ കണ്ട യേശു ശതാധിപനെ അഭിനന്ദിക്കുവാൻ മറന്നില്ല. അതിന്റെ പരിണിതിയെന്നോണം യേശുവും ശാതാധിപനും കണ്ടുമുട്ടിയിടത്തു നിന്നും അയയ്ക്കപ്പെട്ട അധികാരം രോഗസൗഖ്യമായി ബാല്യക്കാരനിൽ പ്രകടമായി. രോഗസൗഖ്യവും വിടുതലുകളും കർത്താവിന്റെ അയയ്ക്കപ്പെടുന്ന ദാസസമാനമായി പ്രവർത്തന നിരതമാകുമ്പോൾ വഴിമാറാത്ത വിപത്തുകളുണ്ടോ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like