കൊവിഡിനെ തുടർന്ന് തകർന്നടിഞ്ഞ ഓസ്ട്രേലിയൻ വിദ്യാഭ്യാസ മേഖലക്ക് സ്റ്റുഡൻറ്സ് വിസ അപേക്ഷകളുടെ കുതിപ്പ് വലിയ പ്രതീക്ഷകളാണ് നൽകുന്നത്. ഓസ്ട്രേലിയൻ ആഭ്യന്തര വകുപ്പിൻറെ കണക്കനുസരിച്ച് കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 43,925 സ്റ്റുഡൻറ് വിസ അപേക്ഷകളാണ് ഇന്ത്യയിൽ നിന്ന് ലഭിച്ചത്. ഇതേ കാലയളവിൽ ചൈനയിൽ നിന്ന് ലഭിച്ച സ്റ്റുഡൻറ് വിസ അപേക്ഷകളുടെ എണ്ണം 38,701 ആണ്.
2022ൽ മാത്രം ഒരു ലക്ഷത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾ വിവിധ ഓസ്‌ട്രേലിയൻ സർവ്വകലാശാലകളിൽ പ്രവേശനം നേടിയിട്ടുണ്ടെന്ന് യൂണിവേഴ്‌സിറ്റീസ് ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് കാതറിന ജാക്‌സൺ പറഞ്ഞു. ഓസ്‌ട്രേലിയ-ഇന്ത്യ വ്യാപാര കരാർ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കൂടുതൽ സാധ്യതകൾ തുറക്കുമെന്നും കാതറീന ജാക്‌സൺ ചൂണ്ടിക്കാട്ടി.
2022 ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 120,999 വിദ്യാർത്ഥികളാണ് ഓസ്ട്രേലിയൻ സ്റ്റുഡൻറ് വിസക്കായി അപേക്ഷിച്ചത്. സ്റ്റുഡൻറ് വിസ അപേക്ഷകരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ളത് നേപ്പാളാണ്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 18,405 അപേക്ഷകൾ നേപ്പാളിൽ നിന്ന് ലഭിച്ചപ്പോൾ കൊളംബിയയിൽ നിന്ന് 13,321ഉം, ഫിലിപ്പീൻസിൽ നിന്ന് 11,879 സ്റ്റുഡൻറസ് വിസ അപേക്ഷകളും ലഭിച്ചു.
ലേബർ സർക്കാർ അധികാരത്തിലെത്തിയ ശേഷം വിദേശ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനായി പ്രഖ്യാപിച്ച പദ്ധതികൾ ഇന്ത്യൻ വിദ്യാർത്ഥി വിസ അപേക്ഷകൾ വർദ്ധിക്കാൻ കാരണമായി. സ്റ്റുഡൻറ് വിസയുള്ളവർക്ക് 2023 ജൂൺ വരെ അനുവദിച്ച പരിധിയില്ലാത്ത ജോലി സമയം, കൂടുതൽ തൊഴിൽ അവസരങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഓസ്‌ട്രേലിയൻ വ്യവസായ മേഖലയിൽ നേരിട്ടുകൊണ്ടിരിക്കുന്ന തൊഴിലാളി ക്ഷാമവും, പഠനത്തിന് ശേഷം ഓസ്ട്രേലിയയിൽ തുടരാനും ജോലി ചെയ്യാനുമുള്ള അവസരങ്ങളും വിദ്യാർത്ഥികളുടെ കടന്നുവരവിന് കാരണമാകുന്നുണ്ടെന്ന് കാതറിന ജാക്‌സൺ വ്യക്തമാക്കി.
വിസ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനുള്ള സർക്കാർ നടപടികളും ഇന്ത്യൻ വിദ്യാർത്ഥികളെ കടന്നുവരവിന് സഹായിച്ചു. 2022 ജൂൺ 1 നും ഡിസംബർ 20 നും ഇടയിൽ തീർപ്പാക്കിയ 43 ലക്ഷം വിസ അപേക്ഷകളിൽ 370,000 വും സ്റ്റുഡൻറ് വിസ അപേക്ഷകളായിരുന്നുവെന്നാണ് കണക്ക്.
ഇത്, 2019ലെ സമാനകാലയളവിനേക്കാൾ 34% കൂടുതലാണ്.