പ്രതിദിന ചിന്ത | അന്തർച്ഛിദ്രങ്ങളുടെ പരിണിതികൾ

0

മത്തായി 12:25 “അവൻ അവരുടെ നിരൂപണം അറിഞ്ഞു അവരോടു പറഞ്ഞതു: “ഒരു രാജ്യം തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ ശൂന്യമാകും.”

ശബത്ത് ദിവസം ധാന്യം പറിച്ചതിനെതിരെ പരീശന്മാർ ഉയർത്തിയ ആക്ഷേപവും യേശുവിന്റെ ന്യായീകരണവും (12:1-8), കൈവരണ്ട മനുഷ്യനെ ശബ്ബത്തിൽ യേശു സൗഖ്യമാക്കുന്നു (12:9-13), പരീശന്മാർ യേശുവിനെ കൊല്ലുവാൻ വിചാരിക്കുമ്പോൾ നിർബാധം തുടരുന്ന യേശുവിന്റെ ശുശ്രൂഷകൾ (12:14-21), കുരുടനും ഊമനുമായ ഭൂതഗ്രസ്തന്റെ സൗഖ്യവും തുർന്നു പരീശന്മാരുമായി ഉണ്ടായ വാഗ്വാദവും (12:22-30), ഒരു മുന്നറിയിപ്പ് (12:31-32) സംസാരത്തിൽ പാലിക്കേണ്ടുന്ന അച്ചടക്കം സംബന്ധിച്ച ഉപദേശം (12 :33-37), അടയാളം അന്വേഷിക്കുന്ന ശാസ്ത്രിമാരും പരീശന്മാരും (12 :38-45), സ്വന്തം അമ്മയെയും സഹോദരങ്ങളെയുംകാൾ വചനം അനുഷ്ഠിക്കുന്നവരെ പരിഗണിക്കുന്ന യേശു (12:46-50) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

കുരുടനും ഊമനുമായ ഒരു ഭൂതഗ്രസ്തനെ യേശുവിന്റെ അടുക്കൽ ചിലർ കൊണ്ടുവന്നു. മാർക്കോ. 3:23-27; ലൂക്കോ. 11:17-22 എന്നീ തിരുവെഴുത്തുകളിലും ഈ സംഭവം അടയാളപ്പെടുത്തിയിട്ടുണ്ട്. “ഒരിക്കൽ അവൻ ഊമയായോരു ഭൂതത്തെ പുറത്താക്കി. ഭൂതം വിട്ടുപോയശേഷം ഊമൻ സംസാരിച്ചു” എന്നാണ് ലൂക്കോ. 11:14 ലെ വായന. അതായത് അവനെ കുരുടനും ഊമനമാക്കിയിരുന്നത് അവനിൽ കുടികൊണ്ടിരുന്ന ഭൂതാത്മാവായിരുന്നു എന്നു സാരം. ഭൂതാത്മാവ് അവനിൽ നിന്നും പുറത്തു പോയ ഉടൻ അവൻ സൗഖ്യമായി. യേശുവിന്റെ ഈ പ്രവൃത്തിയുടെ ശരിയായ വ്യാഖ്യാനം കണ്ടെത്തുവാൻ പരീശപക്ഷത്തിനായില്ല എന്നു മാത്രമല്ല, പുരുഷാരത്തിന്റെ മനോഭാവം യേശുവിനു അനുകൂലമായി ചരിയുന്നു എന്ന തിരിച്ചറിവും അവരിൽ അലോസരം വർദ്ധിപ്പിച്ചു. യേശുവിന്റെ അത്ഭുത പ്രവൃത്തിയുടെ താത്വികമായ വിശദീകരണം കൊടുത്തു തടിതപ്പുവാൻ പരീശന്മാർ നടത്തിയ ശ്രമത്തിന്റെ ഭാഗമായ ഉത്തരം ഏറെ വിചിത്രമായിരുന്നു. “ഇവൻ ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലിനെക്കൊണ്ടല്ലാതെ ഭൂതങ്ങളെ പുറത്താക്കുന്നില്ല” (12:24) എന്ന അവരുടെ മുടന്തൻ ന്യായം യേശു തിരിച്ചറിഞ്ഞു. അതിന്റെ വെളിച്ചത്തിൽ യേശു പരീശന്മാരുമായി നടത്തിയ സംവാദം യേശുവിന്റെ പ്രവർത്തനരീതിയും ലക്ഷ്യവും കൃത്യമായി തെളിയിക്കുന്നതായിരുന്നു. അന്തർച്ഛിദ്രം സംഭവിക്കുന്നത് ഒരു രാജ്യത്തിലായാലും പട്ടണത്തിലായാലും ഗൃഹത്തിലായാലും പരിണിതി പരിതാപകരം ആയിരിക്കും. പുറത്തുനിന്നുള്ള ശത്രുക്കളേക്കാൾ അധികം കരുതിയിരിക്കേണ്ടത് അകത്തു നിന്നുള്ള വിദ്രോഹങ്ങളെ ആയിരിക്കണം എന്ന സൂചന കാലിക പ്രാധാന്യതയുള്ള യേശുവിന്റെ വാക്കുകളായി കരുതുന്നതാണെനിക്കിഷ്ടം! ഐക്യതയിലും ഒരുമയിലും മുന്നേറുന്ന ഒരു കുടുംബത്തെ അഥവാ സമൂഹത്തെ ഇല്ലായ്മ ചെയ്യുവാൻ ആർക്കും സാധിക്കുകയില്ലെന്നും മറിച്ചായാൽ ബാഹ്യശക്തികളുടെ ഇടപെടൽ ലേശവും കൂടാതെ തന്നെ ഒരു സമൂഹത്തെ തച്ചുടയ്ക്കുവാൻ നിഷ്പ്രയാസം സാധിക്കുമെന്നും യേശുവിന്റെ വാക്കുകളുടെ വരികൾക്കിടയിലെ വായനയാണ്.

പ്രിയരേ, അന്തർച്ഛിദ്രങ്ങൾ ചിതറിച്ചു വികലമാക്കിയ എത്രയോ കുടുംബങ്ങളും സഭകളും സമൂഹങ്ങളും നമുക്കുചുറ്റുമുണ്ട്! ചേർത്തൊട്ടിക്കുവാൻ ആവാത്തവിധം പിളർന്നുപോയ ബന്ധങ്ങൾ! തന്നിൽ തന്നെ ഛിദ്രിച്ചു പോയതിനാൽ ആക്രമിക്കപെട്ടു അനാഥമായ നിസ്സഹായർ! അതേ, അന്തർച്ഛിദ്രങ്ങൾ ഗുണകരമായതൊന്നും നാളിതുവരെ സാധിതമാക്കിയിട്ടില്ല തന്നേ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like