ന്യൂയോർക്കിലെ ഭ്രൂണഹത്യ അനുകൂല സാത്താനിക ശിൽപ്പത്തിനെതിരെ വ്യാപക പ്രതിഷേധം
ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിലെ ഒരു കോടതി കെട്ടിടത്തിന് മുകളിൽ എട്ടടി ഉയരമുള്ള ഭ്രൂണഹത്യ അനുകൂല സ്വർണ്ണ ശില്പം സ്ഥാപിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. ‘സാത്താനികം’ എന്നാണ് ഫോക്സ് ന്യൂസ് ചാനൽ ‘നൗ’ എന്ന് പേരിട്ടിരിക്കുന്ന പ്രതിമയെ വിശേഷിപ്പിച്ചത്. പാക്കിസ്ഥാനിൽ ജനിച്ച ഷാസിയ സിക്കന്ദറാണ് കൊമ്പുകളുള്ള സ്ത്രീ രൂപത്തിലുള്ള പ്രതിമ നിർമിച്ചത്. ഭ്രൂണഹത്യയ്ക്കു പിന്തുണ നൽകുന്നതിന്റെയും, സ്ത്രീ ശാക്തീകരണത്തിന്റെയും പ്രതീകമാണ് പ്രതിമയെന്നാണ് ഷാസിയയുടെ വാദം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കാഴ്ചപ്പാടുകൾക്ക് പൊതുസ്ഥലങ്ങളിൽ ഇടം നൽകുക എന്ന ലക്ഷ്യമാണ് പ്രതിമ സ്ഥാപിച്ചതിന് പിന്നിലുള്ളതെന്നും ഇയാൾ പറയുന്നു.
ഭ്രൂണഹത്യയെ അനുകൂലിച്ചിരുന്ന സുപ്രീംകോടതി ജസ്റ്റിസായിരുന്ന റൂത്ത് ബാഡർ ജിൻസ്ബർഗിന്റെ മരണവും, അമേരിക്കയിൽ ഭ്രൂണഹത്യ നിയമവിധേയമാക്കിയ റോ വെസ് വേഡ് റദ്ദാക്കിയതും ഭ്രൂണഹത്യ വാദികൾക്ക് വലിയ തിരിച്ചടിയായിരുന്നു. സ്ത്രീകളുടെ പ്രതിരോധം ഈ സമയത്ത് ആവശ്യമാണെന്ന ഷാസിയയുടെ ചിന്തയിലേക്ക് ശ്രദ്ധ കൊണ്ടുവരാൻ വേണ്ടിയാണ് നൗ എന്ന പേര് ശില്പത്തിന് നൽകിയതെന്നു റിപ്പോർട്ടിൽ പറയുന്നു. ഫോക്സ് അവതാരകൻ ടക്കർ കാൾസൺ ഇതിനെ പൈശാചികം എന്ന വിശേഷണം നൽകി.
പൊതുസ്ഥലങ്ങളിൽ മതം വിലക്കണം എന്ന് വാദിക്കുന്ന സാത്താനിക് ടെമ്പിൾ ഉപയോഗിക്കുന്ന ബാഫോമിറ്റ് എന്ന പ്രതിമയും, ഷാസിയയുടെ കൊമ്പുകൾ ഉള്ള പ്രതിമയും തമ്മിൽ വലിയ സമാനതകൾ ഉണ്ട്. ഭ്രൂണഹത്യയ്ക്ക് വേണ്ടി വലിയ വാദം ഉയർത്തുന്ന സംഘടന കൂടിയാണ് സാത്താനിക് ടെമ്പിൾ. ന്യൂയോർക്ക് നഗരത്തിലെ കോടതി കെട്ടിടത്തിന് മുകളിൽ, മോശയുടെയും, കൺഫ്യൂഷസിന്റെയും ഒക്കെ പ്രതിമകൾക്ക് സമീപമാണ് നൗ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ജൂൺമാസം വരെ കോടതി കെട്ടിടത്തിന് മുകളിൽ ഈ പ്രതിമ കാണും. പിന്നീട് ഇത് പ്രദർശനത്തിനുവേണ്ടി ടെക്സാസ് സംസ്ഥാനത്തെ ഹൂസ്റ്റണിലേക്ക് കൊണ്ടുപോകുമെന്നാണ് പറയുന്നത്. സാത്താനിക ആരാധന പിന്തുടരുന്നവർ ഭ്രൂണഹത്യയെന്ന മാരക തിന്മയെ അന്ധമായി പിന്തുടരുന്നവരാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം.