പ്രതിദിന ചിന്ത | സകലവും വിട്ടവരുടെ പ്രതിഫലം

0

മത്തായി 19:29 “എന്റെ നാമംനിമിത്തം വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടു കളഞ്ഞവന്നു എല്ലാം നൂറുമടങ്ങു ലഭിക്കും; അവൻ നിത്യജീവനെയും അവകാശമാക്കും.”

യഹൂദ്യയിൽ യേശുവിന്റെ ശുശ്രൂഷ (19:1-2), വിവാഹമോചനം സംബന്ധിച്ചു പരീശന്മാരുമായി നടന്ന സംവാദം (19:3-12), ശിശുക്കൾ അനുഗ്രഹിക്കപ്പെടുന്നു (19:13-15), ധനികനായ ചെറുപ്പക്കാരനും യേശുവും (19:16-22), ദൈവരാജ്യത്തിൽ ക്രിസ്താനുഗാമികളുടെ സ്ഥാനം (19:23-30) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യേശുവിന്റെ യഹൂദ്യയിലെ സംഭവബഹുലമായ ശുശ്രൂഷകളുടെ അടയാളപ്പെടുത്തലുകളാണ് ഈ അദ്ധ്യായത്തിന്റെ സവിശേഷത. തിരക്കേറിയ കാര്യപരിപാടികളുടെ ഇടയിലും തന്റെ ശിക്ഷ്യന്മാരുമായി സമയം ചെലവിടുന്നതിൽ യേശു പുലർത്തിയ കൃത്യത ഏറെ ശ്രദ്ധേയമാണ്. അത്തരമൊരവസരത്തിൽ പത്രോസ് തന്റെയും സഹശിക്ഷ്യന്മാരുടെയും ഉള്ളിന്റെ ഒരു ‘കാളൽ’ യേശുവുമായി പങ്കിട്ടതിന്റെ വായനയാണിത്. “ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങൾക്ക് എന്ത് കിട്ടും?” ശിക്ഷ്യന്മാരുടെ സ്വകര്യ സംഭാഷണങ്ങളിൽ അവർ തമ്മിൽത്തമ്മിൽ പങ്കിട്ട ആശങ്കയുടെ പ്രതിഫലനമായി ഈ ചോദ്യത്തെ കാണുന്നതാണെനിക്കിഷ്ടം! യേശുവിന്റെ പിന്നാലെ ഇറങ്ങിയതിന്റെ പേരിൽ സകലവും വിടുവാൻ (മത്താ. 16:24,25) അവർ നിർബന്ധിതരായി. സ്വാഭാവികമായും അവർ സമ്പാദിച്ച നഷ്ടങ്ങളുടെ വിലയിരുത്തൽ പലപ്പോഴായി ചർച്ചാവിഷയമായി തീർന്നിട്ടുമുണ്ടാവണം. അതിന്റെ തിരിച്ചുപിടിയ്ക്കൽ എങ്ങനെ സാധ്യമാകുമെന്ന ചിന്താബോധ്യം അവരിൽ ഉളവാക്കിയ ആത്മസംഘർഷം യേശുവുമായി അവർ പങ്കിട്ടു. യേശുവിന്റെ ഉത്തരമാകട്ടെ, മുൻപ്രഭാഷണത്തിന്റെ ആവർത്തനവും (മത്താ. 16:26) മറ്റൊരു യുഗത്തിന്റെ കാര്യപരിപാടികളുമായി ബന്ധപ്പെടുത്തിയുള്ള വസ്തുതാപരമായ വെളിപ്പെടുത്തലും ആയിരുന്നു. അതായത് രണ്ടു കാഴ്ചപ്പാടുകൾ തമ്മിലുള്ള ഏറ്റുമുട്ടൽ സംഭവിച്ചെന്നു സാരം. താത്കാലികവും ഭൗതികവുമായ ഒരു തലം ശിക്ഷ്യന്മാർ കണക്കുകൂട്ടിയപ്പോൾ നിലനിൽക്കുന്നതും ആത്മീകവുമായ മറ്റൊരു തലമാണ് യേശു മുന്നറിയിച്ചതു. അതിനായുള്ള ഒരുക്കം ഇന്നേ സംഭവിക്കണമെന്നും യേശു ശിക്ഷ്യന്മാരെ ബോധവത്കരിച്ചു. അതിന്റെ ഭാഗമായി വിട്ടുകളയലും ത്യാഗങ്ങളും (19:29) ഏറെ സംഭവിക്കണമെന്നും യേശു ഉപദേശിക്കുന്നു.

പ്രിയരേ, ഭൗതികമായ കാഴ്ചപ്പാടുകൾ ആത്മീക ദൃഷ്ടിയുടെ മറയ്ക്കലിനു കാരണമായി തീരാറുണ്ട്. അതിന്റെ ഭാഗമായാണ് കൂട്ടിവയ്ക്കലും അതിക്രമങ്ങളും സംഭവിക്കുന്നത്. എന്നാൽ ആത്മീക കാഴ്ചപ്പാടുകൾ ത്യാഗത്തിനും വിട്ടുകളയലിനും ഒരുവനെ പ്രേരിപ്പിക്കും; കാരണം നിത്യജീവൻ അവകാശമാക്കുവാൻ അതുകൂടിയേ തീരൂ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like