മനോഹരമായ വാക്കുകളല്ല, അപരന്റെ പ്രശ്നങ്ങളിലേക്ക് കടന്നുചെല്ലുന്ന ജീവിക്കുന്ന വിശ്വാസമാണ് ആവശ്യം: മാർപാപ്പ
വത്തിക്കാൻ സിറ്റി: പുറം മോടികളോ, മനോഹരമായ വാക്കുകളോ അല്ല സഭയിലും സമൂഹത്തിലും ഇന്ന് ആവശ്യമെന്നും മറിച്ച്, മറ്റുള്ളവരുടെ പ്രശ്നങ്ങളിലേക്ക് കടന്നുചെന്ന് അവയ്ക്ക് പരിഹാരം കാണാൻ സഹായിക്കുന്ന ജീവിക്കുന്ന വിശ്വാസമാണ് നമുക്ക് വേണ്ടതെന്നും ഫ്രാന്‍സിസ് പാപ്പ. ജനുവരി 25ന് വിശുദ്ധ പൗലോസിന്റെ മാനസാന്തരത്തിന്റെ തിരുനാൾ ദിനത്തിൽ ക്രൈസ്തവ ഐക്യത്തിനായുള്ള പ്രാർത്ഥനാവാരത്തിന്റെ അവസാനദിന ആഘോഷവുമായി ബന്ധപ്പെടുത്തി നടത്തിയ സായാഹ്നപ്രാർത്ഥനകൾക്കിടയിൽ നൽകിയ പ്രഭാഷണത്തിലാണ് ഫ്രാൻസിസ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്.
സമ്പത്തോ, അധികാരമോ, സ്ഥാനമാനങ്ങളോ പരിഗണിച്ച്, മറ്റുള്ളവർക്കുള്ള പ്രാധാന്യവും പരിഗണനയും നിശ്ചയിക്കാതെ, ദൈവത്തിന്റേതായ നീതിബോധത്തോടെയും നിർമ്മലമായ മനഃസാക്ഷിയോടെയും മറ്റുള്ളവരെ പരിഗണിക്കാൻ സാധിക്കണം. അവിടെ സഹനങ്ങളിലൂടെ, ദാരിദ്ര്യത്തിലൂടെ, അവമതികളിലൂടെ കടന്നുപോകുന്ന ദൈവം സ്നേഹിക്കുന്ന മനുഷ്യരെ കരുതാൻ സാധിക്കണം. തിരുത്തലുകൾ അംഗീകരിക്കാൻ തയ്യാറാകണം. സഭാജീവിതത്തിലാകട്ടെ, വ്യക്തിജീവിതങ്ങളിലാകട്ടെ, ശാസനകളും തിരുത്തലുകളും അംഗീകരിക്കുകയെന്നത് ഒരു വലിയ പദ്ധതിയുടെ ഒരു ഭാഗം മാത്രമാണ്. ഇതിന്റെ രണ്ടാമത്തെ, ഒരുപക്ഷേ പ്രധാനപ്പെട്ട ഒരു ഭാഗം എന്നത്, മാനസാന്തരവും, ജീവിതപരിവർത്തനവുമാണ്. തെറ്റുകൾ കണ്ടെത്തുവാൻ മാത്രമല്ല, അവ പരിഹരിക്കാനും ദൈവം ആവശ്യപ്പെടുന്നുണ്ട്.
ദൈവകൃപയാണ് മാറ്റങ്ങൾക്ക് സ്രോതസ്സായി നിൽക്കുന്നത്. വിശുദ്ധ പൗലോസിന്റെ ജീവിതവും ഇതുതന്നെയാണ് നമുക്ക് കാണിച്ചുതരുന്നത്. യേശുവിൽ വിശ്വസിച്ച ക്രൈസ്തവർക്കു എതിരെ പുറപ്പെടുന്ന വിശുദ്ധന്റെ ജീവിതത്തിൽ രക്ഷകനായ ക്രിസ്തുവിന്റെ ശക്തമായ ഇടപെടലുണ്ടാകുമ്പോഴാണ്, ജനതകളുടെ അപ്പസ്തോലനായി വിശുദ്ധ പൗലോസ് മാറുന്നത്. ദൈവത്തിന് എല്ലാം സാധ്യമാണെന്നും, അവനോടൊത്ത് ഒരുമിച്ച് നിന്നാൽ നമുക്കും അത് സാധ്യമാകുമെന്നും നാം ഓർക്കണം. പരിവർത്തനത്തിന് സാമൂഹികമായ, സഭാപരമായ ഒരു ഭാവമുണ്ട്. എല്ലാറ്റിനും ദൈവത്തിൽ ആശ്രയിക്കുന്നവരാകണം. ഒരേ കരുണയാണ് നമുക്ക് ആവശ്യമെന്നും, ദൈവത്തിന്റെ കൃപ നമുക്ക് ആവശ്യമുണ്ടെന്നും മനസ്സിലാക്കി മുന്നേറാൻ നമുക്ക് സാധിക്കണമെന്നും പാപ്പ പറഞ്ഞു.
സഭയിലാകട്ടെ സമൂഹത്തിലാകട്ടെ, തെറ്റുകൾ മനസ്സിലാക്കാൻ സാധിക്കുന്നതും, അത് ദൈവവിശ്വാസത്തിന്റെ സഹായത്തോടെ തിരുത്തി മാനസാന്തരത്തിന്റെയും പരിവർത്തനത്തിന്റെയും പാതയിലൂടെ നടക്കുവാൻ നമുക്ക് സാധിക്കണം. ബെനഡിക്ട് പതിനാറാമൻ പാപ്പ ദേവൂസ് കാരിത്താസ് എസ്ത്, (ദൈവം സ്നേഹമാകുന്നു) എന്ന തന്റെ ചാക്രിക ലേഖനത്തിൽ എഴുതിയതുപോലെ, ദൈവവുമായുള്ള ആഴത്തിലുള്ള ഒരു അടുപ്പത്തിൽനിന്നുകൊണ്ടേ പരിശുദ്ധാത്മാവിൽ ഒരുമിച്ച് വളരുവാനും പരിവർത്തനം ചെയ്യപ്പെടുവാനും സാധിക്കുകയുള്ളൂ. അങ്ങനെ നമ്മുടെ കണ്ണുകളിലൂടെയും, മനോവികാരങ്ങളിലൂടെയും എന്നതിനേക്കാൾ, യേശുവിന്റെ കാഴ്ചപ്പാടിലൂടെ മറ്റുള്ളവരെ കാണാനും, അവന്റെ സുഹൃത്തുക്കളെ നമ്മുടെ സുഹൃത്തുക്കളായി കാണാനും നമുക്ക് സാധിക്കുമെന്നും മാർപാപ്പ പറഞ്ഞു.