പാക്കിസ്ഥാനിൽ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ ഭവനങ്ങൾ തകർത്തു

0

റാവൽപിണ്ടി: പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ അധികൃതർ ഭവനങ്ങൾ തകർത്തു. 70 വർഷമായി ഇവിടെ താമസിച്ചുകൊണ്ടിരുന്ന ക്രൈസ്തവരുടെയും ഹൈന്ദവരുടെയും ഭവനങ്ങളാണ് തകർത്തത്. ജനുവരി 27നാണ് സംഭവം നടന്നതെന്നു എന്‍‌ഡി‌ടി‌വി റിപ്പോര്‍ട്ട് ചെയ്യുന്നു. അധികൃതർ 5 ഭവനങ്ങൾ തകർക്കുകയും അതിലുണ്ടായിരുന്ന വസ്തുക്കൾ തെരുവിലേക്ക് വലിച്ചെറിയുകയുമായിരിന്നു. സമീപത്തുണ്ടായിരുന്ന ഒരു അമ്പലത്തിലാണ് ഹിന്ദു കുടുംബം അഭയം പ്രാപിച്ചത്. അതേസമയം ക്രൈസ്തവ കുടുംബവും, ഷിയാ മുസ്ലിം കുടുംബങ്ങളും തെരുവിൽ തന്നെ തുടരുകയാണ്. 

കോടതിയിൽ നിന്ന് സ്റ്റേ ഓർഡർ വാങ്ങാൻ ഈ കുടുംബങ്ങൾ ശ്രമിച്ചിരുന്നെങ്കിലും, ബലം പ്രയോഗിച്ച് അധികൃതർ ഭവനങ്ങൾ തകർക്കുകയായിരുന്നു. അവർ മാഫിയകൾ ആണെന്നും, 100 പേരുടെ ഒരു സംഘമായാണ് അവർ എത്തിയതെന്നും ഹിന്ദു മത വിശ്വാസിയായ ഇരകളിൽ ഒരാൾ പറഞ്ഞു. അവരെ എതിർക്കാൻ ശ്രമിച്ചപ്പോൾ അവർ അക്രമിച്ചു. അവർ ശക്തരായതിനാൽ പോലീസ് സ്റ്റേഷനിൽ ഒരു എഫ്ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ല. 70 വർഷമായി അവിടെ ജീവിച്ചതിനാൽ എല്ലാ രേഖകളും കൈവശം ഉണ്ടായിരുന്നുവെന്നും, ഒരു നോട്ടീസ് പോലും നൽകാതെയാണ് ഈ നടപടി സ്വീകരിച്ചതെന്നും പ്രദേശവാസികള്‍ പറയുന്നു. 

പതിറ്റാണ്ടുകളായി വലിയ അതിക്രമങ്ങളാണ് പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങൾ നേരിടുന്നത്. അധികൃതരും, പോലീസും, ജുഡീഷ്യറി പോലും ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കപെടുന്നത് സ്ഥിര സംഭവമാകുമ്പോള്‍ യാതൊന്നും ചെയ്യുന്നില്ല. ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത് മതം മാറ്റുന്നത് രാജ്യത്ത് സാധാരണ സംഭവമാണ്. പ്രായപൂർത്തിയാകാത്ത ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെടുന്ന പെൺകുട്ടികളെ അടക്കം തട്ടിക്കൊണ്ടുപോയി മതം മാറ്റുന്ന കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിൽ ഐക്യരാഷ്ട്രസഭയുടെ പ്രതിനിധികൾ പോലും അടുത്തിടെ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

You might also like