പ്രതിദിന ചിന്ത | നല്ലയജമാനന്റെ നേരെയുള്ള കണ്ണുകടി

0

മത്തായി 20:15 “എനിക്കുള്ളതിനെക്കൊണ്ടു മനസ്സുപോലെ ചെയ്വാൻ എനിക്കു ന്യായമില്ലയോ? ഞാൻ നല്ലവൻ ആകകൊണ്ടു നിന്റെ കണ്ണു കടിക്കുന്നുവോ?”

വ്യത്യസ്ത സമയങ്ങളിൽ മുന്തിരിത്തോട്ടത്തിലേക്കയയ്ക്കപ്പെട്ട വേലക്കാരുടെ കൂലികൊടുക്കൽ സംബന്ധിച്ച ദൃഷ്ടാന്തം (20:1-16), യെരുശലേമിലെ കഷ്ടാനുഭവങ്ങൾ സംബന്ധിച്ച മുന്നറിയിപ്പ് (20:17-19), സെബദിപുത്രൻമാരെ സംബന്ധിച്ച അമ്മയുടെ താത്പര്യം (20:20-28), യെരീഹോവിന്റെ വീഥിയിൽ രണ്ടു കുരുടന്മാർ സൗഖ്യമാകുന്നു (20:29-34) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

“എങ്കിലും മുമ്പന്മാർ പലർ പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും” (19:30) എന്ന പിന്നിട്ട അദ്ധ്യായത്തിന്റെ ഉപസംഹാരം വിശദമാക്കുന്ന തുടർച്ചയായി ഈ അദ്ധ്യായത്തെ കാണുന്നതാണെനിക്കിഷ്ടം! മുന്തിരിത്തോട്ടത്തിൽ വേലക്കാരെ നിയമിക്കുന്ന വീട്ടുടയവനാണ് ഉപമയുടെ കേന്ദ്രബിന്ദു. പുലർച്ച (20:1), മൂന്നാം മണിനേരം (20:3), ആറാം മണി നേരം, ഒമ്പതാം മണി നേരം (20:5), പതിനൊന്നാം മണി നേരം (20:1) എന്നിങ്ങനെയാണ് വേലക്കാരുടെ നിയോഗ സമയം. “പുലർച്ച” എന്നാൽ രാവിലെ ആറുമണിയും “മൂന്നാം മണിനേരം” എന്നാൽ, രാവിലെ ഒമ്പതു മണിയും, “ആറാം മണി നേരം” എന്നാൽ ഉച്ചയ്ക്ക് പന്ത്രണ്ടു മണിയും, “ഒമ്പതാം മണി നേരം” എന്നാൽ ഉച്ചതിരിഞ്ഞു മൂന്നു മണിയും, “പതിനൊന്നാം മണി നേരം” എന്നാൽ വൈകുന്നേരം അഞ്ചു മണിയും എന്നാണ് ന്യായമായി കരുതുന്നത്. പുലർച്ചയ്ക്കു അഥവാ ആറുമണി മുതൽ സന്ധ്യവരെയും മുന്തിരിത്തോട്ടത്തിൽ പണിയ്ക്കു യാതൊരു കുറവും ഇല്ലായിരുന്നു. വേലയുടെ വിപുലതയും വേലക്കാരുടെ ന്യൂനതയും പുതിയ പുതിയ നിയോഗങ്ങൾക്കു തോട്ടക്കാരനെ നിർബന്ധിതമാക്കി. തൊട്ടടുത്ത മുന്തിരിത്തോട്ടത്തിൽ പിടിപ്പതു വേല വിപുലമായിരിക്കുമ്പോൾ തന്നെ വേലക്കാർ “ചന്തയിൽ മിനക്കെട്ടു നിൽക്കുന്നത്” വിരോധാഭാസമായി തോന്നുന്നില്ലേ! വേലയുടെ നിയോഗം മുതൽ സന്ധ്യവരെയുള്ള സമയമാണ് വേലയുടെ ദൈർഘ്യം. സ്വാഭാവികമായും വേലയുടെ ദൈർഘ്യത്തെ അടിസ്ഥാനമാക്കിയാണ് കൂലി തീരുമാനിക്കപ്പെടുന്നത്. എന്നാൽ യേശുവിന്റെ ഉപമയിൽ ഈ അടിസ്ഥാന സമവാക്യം മാറ്റിക്കുറിയ്ക്കപ്പെട്ടിരിക്കുന്നു. അതായതു, വേലയുടെ കൂലി തോട്ടക്കാരന്റെ മനസ്സുപോലെ (21:15) വിതരണം ചെയ്യുന്നതിന്റെ ന്യായമാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. നിയോഗത്തിന്റെ വിപരീത ദിശയിലാണു കൂലിയുടെ വിതരണക്രമം. പുലർച്ചയ്ക്കു നിയോഗം പ്രാപിച്ചവനുമായി പറഞ്ഞൊത്തിരുന്ന “ഓരോ വെള്ളിക്കാശ്” (20:2) പിമ്പത്തവൻ മുതൽ കൊടുത്തുതുടങ്ങിയപ്പോൾ (20:9) “അധികം കിട്ടും” (20:10a) എന്ന പ്രതീക്ഷ മുമ്പന്മാരിൽ നിറച്ച സന്തോഷത്തിനു അധികം ആയുസ്സുണ്ടായിരുന്നില്ല. അവർക്കും “ഓരോ വെള്ളിക്കാശു” മാത്രമേ ലഭിച്ചുള്ളൂ (20:10 b). പിറുപിറുപ്പും നിരാശയും നിറഞ്ഞ മുമ്പന്മാരുടെ മടങ്ങിപ്പോക്ക് ശിക്ഷ്യന്മാരുടെ ശ്രദ്ധയിൽ ആഴത്തിൽ പതിഞ്ഞെന്നാണ് ഞാൻ കരുതുന്നത്!

പ്രിയരേ, പണിയുടെ ദൈർഘ്യമോ കൂലിയുടെ അമിതപ്രതീക്ഷയോ അല്ല, പ്രത്യുത, ‘നിയോഗമാണ്’ പരമപ്രധാനമായ ഘടകം. മെനക്കേടുകൾക്ക് സമാപ്തി വരുത്തി വേലയുടെ ധൃതഗതിക്കായി നമ്മെ നിയോഗിച്ചയയ്ക്കുന്ന യജമാനൻ തനിക്കുള്ളതിനെക്കൊണ്ട് മനസ്സുപോലെയും ന്യായമായും കൂലി തന്നുകൊള്ളുമെന്ന ഉറപ്പാണ് ഇവിടെ വ്യക്തമാക്കുന്നത്! “ഇങ്ങനെ പിമ്പന്മാർ മുമ്പന്മാരും മുമ്പന്മാർ പിമ്പന്മാരും ആകും”.

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like