പ്രതിദിന ചിന്ത | അറിവില്ലായ്മയുടെ തെറ്റുകാർ

0

മത്തായി 22:29 “അതിന്നു യേശു ഉത്തരം പറഞ്ഞതു: “നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു.”

രാജാവിന്റെ പുത്രന്റെ വിവാഹസദ്യയെ നിരാകരിച്ച യോഗ്യരും അംഗീകരിച്ച അയോഗ്യരും (22:1-14), കരം കൊടുക്കൽ സംബന്ധിച്ച പരീശരുടേയും ഹെരോദ്യരുടെയും ചോദ്യത്തിനുള്ള ഉത്തരം (22:15-22), പുനരുത്ഥാനം സംബന്ധിച്ച ചോദ്യത്തിനുള്ള ഉത്തരം (22:23-33), വലിയ കല്പന ഏതെന്ന പരീശനായ വൈദികന്റെ ചോദ്യത്തിനുള്ള ഉത്തരം (22:34-40), യേശു, ദാവീദിന്റെ പുത്രൻ എന്ന സ്ഥിതി സംബന്ധിച്ച യേശുവിന്റെ ചോദ്യത്തിനു മുമ്പിൽ ഉത്തരംമുട്ടിപ്പോയ പരീശന്മാരുടെ പിൻവാങ്ങൽ (22:41-46) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

പരീശന്മാർ, ഹെരോദ്യർ, സദൂക്യർ എന്നീ തീവ്ര മത-രാഷ്ട്രീയ മുന്നേറ്റങ്ങളുടെ നേതാക്കന്മാരുമായി യേശു സ്ഥിരം ആശയ സംഘട്ടനത്തിൽ ഏർപ്പെട്ടിരുന്നു. അവരുടെ നിലപാടുകൾ യാതൊരു കാരണവശാലും അനുകരണയോഗ്യമല്ലെന്ന യേശുവിന്റെ നിർബന്ധം പ്രതിരോധിക്കുവാൻ മറുപക്ഷം നന്നേ പാടുപെടേണ്ടതായി വന്നു. ആശയപരമായും ആചാരപരമായും മേല്പറയപ്പെട്ട വിഭാഗങ്ങൾ തമ്മിൽ ശക്തമായ കൊമ്പുകോർക്കൽ നിലനിൽക്കുന്നുണ്ടെങ്കിലും യേശുവിനെ പ്രതിരോധിക്കുക എന്ന ഒരൊറ്റ പ്രമേയത്തിൽ അവരെല്ലാം കൈകോർത്തു നിൽക്കുന്ന വൈചിത്ര്യം ഈ അദ്ധ്യായത്തിൽ മാത്രമല്ല, സുവിശേഷങ്ങളിലുടനീളം വരച്ചുകാട്ടിയിട്ടുണ്ട്. ദൈവരാജ്യം സംബന്ധിച്ച യേശുവിന്റെ ഉപമ (22:1-14) യഹൂദാ മനോഭാവത്തിന്റെ നെറുകയിലേറ്റ പ്രഹരമായി അവർ തിരിച്ചറിഞ്ഞു. അതിനോടനുബന്ധമായിട്ടായിരിക്കാം, കരമടയ്ക്കൽ സംബന്ധിച്ച ചോദ്യമുന്നയിക്കുന്നത്. യേശുവിന്റെ ഉത്തരം സൂക്ഷമായി ശ്രദ്ധിച്ചിട്ടു അതിനുള്ളിൽ കൈസർവിരോധമോ, രാജ്യദ്രോഹമോ മറ്റോ ചുമത്തുവാൻ മതിയായ കാരണം അന്വേഷിക്കുകയായിരുന്നു വാസ്തവത്തിൽ അവർ ചെയ്തത്. എന്നാൽ അവരെ ആശ്ചര്യപ്പെടുത്തി, യേശുവിന്റെ ഉത്തരം (22:20,21). പിന്നെ സദൂക്യരുടെ ഊഴമായിരുന്നു. പിന്നെ പരീശരും സദൂക്യരും യേശുവിനെതിരായി ഒരുമനപ്പെട്ടു. ആശയപരമായ അവരുടെ പരാജയം, യേശുവിന്റെ ഭാഗത്തുനിന്നുള്ള ഒരു ചോദ്യത്തിനു വഴിമാറി. യേശുവിനെ സംബന്ധിച്ച് “ദാവീദിന്റെ പുത്രൻ” എന്ന അവരുടെ നിലപാടിന്റെ വിശദീകരണം (22:42) യേശു അവരോടു ആരായുന്നു. കൃത്യമായ ഉത്തരം കൊടുക്കുവാൻ തക്ക തിരിച്ചറിവോ തിരുവെഴുത്തുകളിലെ തെളിവോ അതുമല്ലെങ്കിൽ ജ്ഞാനത്തിന്റെ ആഴമോ അവരിൽ ഇല്ലായ്കയാൽ “അന്നുമുതൽ ആരും അവനോടു ഒന്നും ചോദിക്കുവാൻ തുനിഞ്ഞതുമില്ല” (22:46) എന്ന ഉപസംഹാരത്തോടെ അദ്ധ്യായം പൂർണ്ണമാകുന്നു.

പ്രിയരേ, യേശുവിനെ പ്രതിരോധിക്കുവാൻ ഇറങ്ങിപ്പുറപ്പെട്ട ‘വിദഗ്ധ’ സംഘങ്ങളുടെ പരാജയത്തിലേക്കുള്ള യേശുവിന്റെ വിരൽചൂണ്ടലാണ് ആസ്പദവാക്യം! അറിവുകളുടെ അപാരത അവകാശപ്പെടുമ്പോഴും തിരുവെഴുത്തുകൾ സംബന്ധിച്ച ശരാശരിയിൽ പോലും തുലോം പരിമിതമായ അറിവിന്റെ ‘തുളുമ്പുന്ന അരക്കുടങ്ങൾ’ ആയിരുന്നു പരീശന്മാരും സംഘങ്ങളും എന്ന വസ്തുത യേശു തുറന്നു കാട്ടി. തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയാതെ പോയാൽ മറ്റെല്ലാ അറിവുകളും അപ്രസക്തവും പിന്നെല്ലാം തെറ്റുകളുടെ ഘോഷയാത്രകളും ആയിരിക്കുമെന്ന പ്രബോധനം കുറിയ്ക്കുവാനാണ് പ്രേരണ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like