പ്രതിദിന ചിന്ത | ക്രിസ്താനുഗമനത്തിന്റെ വിലകൊടുക്കൽ

0

മർക്കോസ് 1:18 “ഉടനെ അവർ വല വിട്ടു അവനെ അനുഗമിച്ചു.”

യോഹന്നാൻ സ്നാപകന്റെ ശുശ്രൂഷ (1:1-8), യേശുവിന്റെ സ്നാനം (1:9-11), യേശുവിന്റെ പരീക്ഷ (1:12-13), യോഹന്നാൻ തടവിലാക്കപ്പെട്ടതിനു അനുബന്ധമായി യേശു ഗലീലിയിൽ പ്രസംഗിക്കുന്നു (1:14-20), കഫർനഹൂമിലെ പള്ളിയിൽ വച്ച് അശുദ്ധാത്മാവിനെ ശാസിക്കുന്നു (1:21-28), പത്രോസിന്റെ അമ്മാവിയമ്മ സഹിതം നിരവധി രോഗികൾ സൗഖ്യം പ്രാപിക്കുന്നു (1:29-39), കുഷ്ഠരോഗിയുടെ സൗഖ്യം (1:40-45) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

എ ഡി 50 നും 60 നും ഇടയിൽ യോഹന്നാൻ എന്ന മറുപേരുള്ള മർക്കോസ് എഴുതിയെന്നു കരുതപ്പെടുന്ന സുവിശേഷ പുസ്തകമാണിത്. യെരുശലേം സ്വദേശിയും ധനികനുമായിരുന്ന മർക്കോസ്, മറിയയുടെ പുത്രനും (അപ്പൊ. പ്ര. 12:12) ബർന്നബാസിന്റെ മച്ചുനനും (കൊലോ. 4:10) സ്ലീഹനായ പത്രോസിന്റെ ഉറ്റമിത്രവും (1 പത്രോ. 5:13) ആയിരുന്നു. പൗലോസിന്റെ ഒന്നാം മിഷണറി യാത്രയിൽ ബർന്നബാസിന്റെ ഒപ്പം മർക്കോസും സഞ്ചരിച്ചിരുന്നു (അപ്പൊ. പ്ര. 13:5). മർക്കോസ് പൊതുവെ റോമക്കാരായ വായനക്കാരെ അഭിസംബോധന ചെയ്തുകൊണ്ടാണ് തന്റെ ഗ്രന്ഥരചന നിർവ്വഹിച്ചിട്ടുള്ളത്. ആയതിനാൽ യേശുവിനെ ഒരു ദാസനായി ചിത്രീകരിച്ചു കൊണ്ട് രചന പൂർത്തീകരിച്ചിരിക്കുന്ന പതിനാറ് (16) അദ്ധ്യായങ്ങളും അറുനൂറ്റി എഴുപത്തെട്ടു (678) വാക്യങ്ങങ്ങളുമടങ്ങിയ പുതിയ നിയമത്തിലെ രണ്ടാമത്തെ പുസ്തകവും തിരുവെഴുത്തുകളിലെ നാല്പത്തിയൊന്നമത്തെ പുസ്തകവുമായ മർക്കോസിന്റെ സുവിശേഷത്തിലൂടെയുള്ള ആത്മീക സഞ്ചാരത്തിലേക്ക് പ്രാത്ഥനയോടെ പ്രവേശിക്കാം.

യേശുവിന്റെ പരീക്ഷകളുടെ വിവരണം മറ്റു സുവിശേഷകന്മാരിൽ (മത്തായി, ലൂക്കോസ്) നിന്നും വ്യത്യസ്തമായി മർക്കോസ് ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ (1:12,13) സൂചിപ്പിച്ചിരുന്നു. തുടർന്ന് യോഹന്നാൻ സ്നാപകന്റെ തടവിലാക്കപ്പെടലും യേശുവിന്റെ ഗലീലയിലെ ശുശ്രൂഷകളും വിവരിച്ചുകൊണ്ട് രചന പുരോഗമിക്കുന്നു. ഈ രണ്ടു സംഭവങ്ങൾക്കുമിടയിൽ യോഹന്നാൻ 1:19-4:54 വരെയുള്ള സംഭവങ്ങൾ അരങ്ങേറിയെന്ന സംഗ്രഹ സൂചന സാന്ദർഭികമായി കുറിയ്ക്കട്ടെ! യോഹന്നാന്റെ തടവിലാക്കപ്പെടൽ മർക്കോസ് 6:17-20 ലും രേഖപ്പെടുത്തിയിരിക്കുന്നു. ഗലീലാ കടൽപ്പുറത്തെ മത്സ്യബന്ധന തൊഴിലാളികളായിരുന്ന ശിമോൻ (പത്രോസ്), തന്റെ സഹോദരനായിരുന്ന അന്ത്രയാസ് സെബദിയുടെ പുത്രന്മാരായിരുന്ന യാക്കോബ്, യോഹന്നാൻ എന്നിവരെ തന്റെ ശിക്ഷ്യത്വത്തിലേക്കു യേശു വിളിച്ചു ചേർത്തു. അനുഗമനത്താൽ മനുഷ്യരെ പിടിക്കുന്നവർ ആകും (1:17) എന്ന പദവിയുടെ വാഗ്ദാനമാണ് യേശു അവർക്കു മുമ്പിൽ വച്ചതു. അവരാകട്ടെ, മത്സ്യബന്ധന വലയും (1:18) അപ്പനെ കൂലിക്കാരോടു കൂടെ പടകിൽ വിട്ടിട്ടും (1:20) യേശുവിനെ അനുഗമിച്ചു.

പ്രിയരേ, ശിക്ഷ്യത്വത്തിന്റെ വിലകൊടുക്കൽ അപരിമേയമാണ്. ശരിയായ ക്രിസ്താനുഗമനം നേട്ടങ്ങളുടെ കണക്കെടുപ്പല്ല, മറിച്ചു നഷ്ടങ്ങളുടെ പട്ടികയായിരിക്കും സംഭാവന ചെയ്യുന്നത്. എങ്കിലും ദൈവരാജ്യസംബന്ധമായി ധനികരാകുവാൻ സകലവും വിട്ടുള്ള അനുഗമനം അനിവാര്യവും പിൻതിരിഞ്ഞുള്ള നോട്ടം പോലും അയോഗ്യത ആയിരിക്കുമെന്ന അനുബന്ധ പാഠവും (ലുക്കോ. 9:62) ചേർത്തു ധ്യാനിച്ചാലും!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like