പ്രതിദിന ചിന്ത | ഗദരദേശത്തെ ഭൂതഗ്രസ്തന്റെ സാക്ഷ്യം

0

മർക്കോസ് 5:20 “അവൻ (ഗദരദേശത്തു സൗഖ്യമായ ഭൂതഗ്രസ്തൻ) പോയി യേശു തനിക്കു ചെയ്തതൊക്കെയും ദെക്കപ്പൊലിനാട്ടിൽ ഘോഷിച്ചു തുടങ്ങി; എല്ലാവരും ആശ്ചര്യപ്പെടുകയും ചെയ്തു.”

ഗദരദേശത്തെ ഭൂതഗ്രസ്തന്റെ സൗഖ്യം (5:1-20), പള്ളിപ്രമാണിയായ യായിറോസ് തന്റെ മകളുടെ അത്യാസന്നനില യേശുവിനെ അറിയിക്കുന്നു (5:21-24), പന്ത്രണ്ടു സംവത്സരമായി രക്തസ്രാവക്കാരിയായ സ്ത്രീ സൗഖ്യമാകുന്നു (5:25-34), യായിറോസിന്റെ മകളുടെ മരണവും യേശു അവളെ ഉയിർപ്പിക്കുന്നതും (5:35-43) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

ഗലീലാക്കടലിന്റെ കിഴക്കുഭാഗത്തുള്ള ജാതീയരുടെ അധിവാസ കേന്ദ്രങ്ങളിലൊന്നാണ് ഗദരദേശം. അശുദ്ധാത്മാവിനാൽ നിറയപ്പെട്ട ഒരു മനുഷ്യൻ അവിടെ കല്ലറകളിൽ പാർത്തുവന്നിരുന്നു. വിലങ്ങും ചങ്ങലയും ഒന്നും അവനെ പൂട്ടിയിടുവാൻ തക്കതായിരുന്നില്ല. അതിക്രൂരനും സുബോധം നഷ്ടപ്പെട്ടവനുമായിരുന്നു ആ മനുഷ്യൻ. കല്ലുകൊണ്ട് തന്നെത്താൻ ചതച്ചും പീഡനമേൽപ്പിച്ചും നിലവിളിച്ചു കൊണ്ടും കല്ലറകളിലും മലകളിലും പാർക്കുന്ന ഈ മനുഷ്യൻ രാവും പകലും സമൂഹത്തിൽ ഉയർത്തിയിരുന്നു ഭീഷണി ചെറുതായിരുന്നില്ല. പടകിൽ നിന്നും ഇറങ്ങിയ “ഉടനെ” ഇയാൾ യേശുവിനെ എതിരേറ്റു (5:2). ഭൂതഗ്രസ്തനെ സൗഖ്യമാക്കിയതല്ലാതെ ആ നാട്ടിൽ യേശു മറ്റൊന്നും ചെയ്തതായി രേഖപ്പെടുത്തിയിട്ടില്ല. ആകയാൽ ഈ ഒരൊറ്റ മനുഷ്യനെ അശുദ്ധാത്മാവിൽ നിന്നും വിടുവിക്കുക എന്ന ഏക ലക്ഷ്യം മാത്രമായിരുന്നു യേശുവിന്റെ ഈ യാത്രയുടെ ഉദ്ദേശ്യമെന്നു പഠിക്കുന്നതാണെനിക്കിഷ്ടം! “നിന്റെ പേരെന്ത്?” എന്ന യേശുവിന്റെ ചോദ്യത്തിന് “എന്റെ പേര് ലെഗ്യോൻ; ഞങ്ങൾ പലരാകുന്നു” (5:9) എന്നാണ് ഭൂതഗ്രസ്തൻ കൊടുത്ത ഉത്തരം. മൂവായിരം മുതൽ ആറായിരം വരെ സൈനികർ അടങ്ങുന്ന റോമാ സൈനിക സംവിധാനത്തിലെ ഏറ്റവും പ്രബലമായ ഒരു വിഭാഗമാണ് ലെഗ്യോൻ. അനേകം ഭൂതങ്ങളാൽ താൻ ബാധിതനായിരുന്നു എന്ന സൂചനയാണ് ഈ ഉത്തരത്തിന്റെ പൊരുൾ. ഈ ‘ലെഗ്യോൻ’ എന്ന വലിയ ഭൂതസമൂഹത്തെ തൊട്ടു സമീപത്തു മേഞ്ഞുകൊണ്ടിരുന്ന പന്നിക്കൂട്ടത്തിലേക്കു യേശു അയച്ചുകളഞ്ഞു. രണ്ടായിരത്തോളം മാത്രം ഉണ്ടായിരുന്ന പന്നികളിൽ ആറായിരത്തോളം വരുന്ന ഭൂതങ്ങൾ പ്രവേശിച്ചപ്പോൾ അവയെല്ലാം കടുന്തൂക്കത്തൂടെ അഥവാ ചെങ്കുത്തായ തീരത്തിലൂടെ ഗലീലാക്കടലിൽ ചാടി ചത്തുപോയി. ആറായിരത്തോളം ഭൂതങ്ങൾ ഏറെ വർഷങ്ങൾ ഒരൊറ്റ മനുഷ്യനിൽ പാർപ്പുറപ്പിച്ചിരുന്നിട്ടും അയാൾ മരിക്കാതിരുന്നത് ദൈവിക പദ്ധതികളുടെ ഭാഗമായിരുന്നെന്നു കരുതുന്നതാണെനിക്കിഷ്ടം! അതായത്, ദക്കപ്പൊലി നാട്ടിലെങ്ങും സാക്ഷ്യം പ്രസ്താവിക്കുവാൻ ദൈവത്താൽ നിയോഗിക്കപ്പെട്ടിരുന്ന ‘സുവിശേഷകനായിരുന്നു’ ഈ മനുഷ്യൻ!

പ്രിയരേ, കഠിന വ്യാധികളുടെ അതിപ്രസരം അസഹനീയമാം വിധം എതിർപ്പെടുമ്പോഴും അവ നമ്മെ തകർത്തുകളയാത്തതു ദൈവിക പദ്ധതികളുടെ പൂർത്തീകരണം ഇനിയും അവശേഷിക്കുന്നതിനാലാണ്. ശോധനകളുടെ താഴ്വരകളിൽ നമുക്കായി മാത്രം സമീപസ്ഥനാകുന്ന കർത്താവിന്റെ കരുതലിൻ തണൽ ആശ്വാസത്തിന്റെ സാക്ഷ്യങ്ങൾക്കായി നമ്മെ പ്രാപ്തരാക്കും; തീർച്ച!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like