പ്രതിദിന ചിന്ത | ചിരപരിചയം വരുത്തിയ അപചയം

0

മർക്കോസ് 6:5 “ഏതാനും ചില രോഗികളുടെ മേൽ കൈ വെച്ചു സൌഖ്യം വരുത്തിയതു അല്ലാതെ അവിടെ (നസ്രേത്തിൽ) വീര്യപ്രവൃത്തി ഒന്നും ചെയ്വാൻ കഴിഞ്ഞില്ല.”

സ്വന്തനാട്ടിൽ തിരസ്കൃതനായ യേശു (6:1-6), പന്ത്രണ്ടു ശിക്ഷ്യന്മാരെ ഈരണ്ടീരണ്ടായി അയക്കുന്നു (6:7-13), യേശുവിനെ മരിച്ചവരിൽ നിന്നും ഉയിർത്തെഴുന്നേറ്റ യോഹന്നാൻ സ്നാപകൻ എന്ന നിലയിൽ ഹെരോദാവ് ഭയപ്പെടുന്നു (6:14-16), യോഹന്നാൻ സ്നാപകന്റെ ശിരച്ഛേദ വൃത്താന്തം (6:17-29), അഞ്ചപ്പവും രണ്ടു മീനും അയ്യായിരം പുരുഷാരവും (6:30-44), രാത്രിയുടെ നാലാം യാമത്തിൽ കടലിന്മേൽ നടക്കുന്ന യേശു (6:45-52), ഗന്നേസരേത്ത് ദേശത്തെ രോഗസൗഖ്യങ്ങൾ (6:53-56) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യേശുക്രിസ്തുവിന്റെ പരസ്യശുശ്രൂഷാ കാലത്തിലെ നിർണ്ണായകമായ ഒരു അടയാളപ്പെടുത്തലാണ് പ്രാരംഭ വായന. യേശുവും ശിക്ഷ്യന്മാരും കൂടെ തന്റെ പിതൃനഗരത്തിൽ അഥവാ നസ്രേത്തിൽ എത്തിച്ചേർന്നു. ജനത്തിന്റെ പ്രതികരണം തണുപ്പൻ മട്ടിൽ ഉള്ളതായിരുന്നു. ശബ്ബത്തുനാളിൽ സിനഗോഗിൽ ഉപദേശിച്ച യേശുവിനെ തങ്ങളിൽ ഒരാളായി കണ്ടു തീരെ വില കല്പിക്കുവാൻ അവർ തയ്യാറായില്ല. യേശുവിന്റെ ജ്ഞാനവാക്കുകളെ അംഗീകരിക്കുവാനോ വീര്യപ്രവൃത്തികളിൽ വിശ്വസിക്കുവാനോ അവരുടെ മുൻവിധി അവരെ സമ്മതിച്ചില്ല എന്നാണു ഞാൻ കരുതുന്നത്. “ഇവൻ മറിയയുടെ മകനും യാക്കോബ് യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി” (6:3) എന്ന പരാമർശത്തിന് മാറ്റേറെയുണ്ട്! യേശുവിനെ ദൈവപുത്രനെന്നു വിശ്വസിക്കുവാൻ അവർക്കായില്ല എന്നു സാരം! അതിന്റെ പരിണിതിയോ, അംഗുലീപരിമിതമായ രോഗസൗഖ്യങ്ങളും വീര്യപ്രവൃത്തികളും അല്ലാതെ മറ്റൊന്നും യേശുവിൽ നിന്നും പ്രാപിക്കുവാൻ പിതൃനഗരവാസികൾക്കു ഭാഗ്യം കൈവന്നില്ല. അതിന്റെ വിശദീകരണം “ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും ചാർച്ചക്കാരുടെ ഇടയിലും സ്വന്ത ഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല” (6:4) എന്നു സർവ്വകാലികപ്രാധാന്യത്തോടെ യേശു പ്രസ്താവിക്കുന്നത് ശ്രദ്ധിച്ചാലും! അതായത്, യേശുവിന്റെ ദൈവത്വം തിരിച്ചറിയാതെ അവരുടെ ഇടയിൽ വളർന്ന കേവല ശിശുവായി യേശുവിനെ മനസ്സിലാക്കിയതാണ് അവരുടെ ന്യൂനത! എങ്കിലും ഈ പശ്ചാത്തലത്തിലും യേശുവിൽ വിശ്വസിച്ച ന്യൂനപക്ഷത്തെ പരിഗണിക്കുവാൻ അവിടൂന്നു മറന്നു കളഞ്ഞില്ല എന്ന കാര്യവും പ്രതീക്ഷയ്ക്കു വക നല്കുന്നുണ്ട്!

പ്രിയരേ, മുൻവിധികളുടെ സൂക്ഷ്മദൃഷ്ടികൾ വസ്തുതകളുടെ വീര്യം കുറച്ചുകാണിക്കുമെന്ന പാഠം യേശു ശിക്ഷ്യന്മാർക്കു തെളിയിച്ചു കൊടുത്തു. ചിരപരിചയത്തിന്റെ പരിണിതി അപചയങ്ങൾക്കു വഴിമാറിയാൽ ദൈവപ്രവൃത്തികളെ അതു തടഞ്ഞു കളയുമെന്ന് നാം പഠിയ്ക്കണം.

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like