പ്രതിദിന ചിന്ത | നല്ല ചെയ്തികളുടെ കർത്താവ്

0

മർക്കോസ് 7:37 “അവൻ സകലവും നന്നായി ചെയ്തു; ചെകിടരെ കേൾക്കുമാറാക്കുന്നു; ഊമരെ സംസാരിക്കുമാറാക്കുന്നു എന്നു പറഞ്ഞു അത്യന്തം വിസ്മയിച്ചു.”

പരീശന്മാരുടെ പാരമ്പര്യങ്ങളെ ദൈവപ്രമാണങ്ങളുടെ മുകളിൽ പ്രതിഷ്ഠിച്ചതിനെ തുറന്നു ശാസിക്കുന്നു (7:1-23), സുറോഫോയ്നിക്യകാരിയുടെ മകൾ സൗഖ്യമാകുന്നു (7:24-30), ഊമനായ ചെകിടൻ സൗഖ്യമാകുന്നു (7:31-37) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യേശുവിന്റെ ഇതഃപര്യന്തവും മേലാലുമുള്ള ചെയ്തികളുടെ വസ്തുനിഷ്ടമായ വിലയിരുത്തലാണ് ആസ്പദവാക്യം. സോർ, സീദോൻ, ദെക്കപ്പൊലി എന്നീ ദേശങ്ങളിൽകൂടെ ഗലീലക്കടല്പുറത്തു വന്ന യേശുവിനെ വിക്കനും ചെകിടനുമായ ഒരുവൻ എതിരേറ്റു വന്നതാണ് പശ്ചാത്തലം. അവന്റെമേൽ കൈവച്ചു അവനെ സൗഖ്യമാക്കുവാൻ അവനോടു ബന്ധപ്പെട്ടവർ യേശുവിനോടു അപേക്ഷിച്ചു (7:32). “യേശു അവനെ പുരുഷാരത്തിൽനിന്നു വേറിട്ടു കൂട്ടിക്കൊണ്ടുപോയി അവന്റെ ചെവിയിൽ വിരൽ ഇട്ടു, തുപ്പി അവന്റെ നാവിനെ തൊട്ടു; സ്വർഗ്ഗത്തേക്കു നോക്കി നെടുവീർപ്പിട്ടു അവനോടു: തുറന്നുവരിക എന്നു അർത്ഥമുള്ള “എഫഥാ” എന്നു പറഞ്ഞു. ഉടനെ അവന്റെ ചെവി തുറന്നു നാവിന്റെ കെട്ടും അഴിഞ്ഞിട്ടു അവൻ ശരിയായി സംസാരിച്ചു” (7:33-35). ഈ അടയാളപ്പെടുത്തലിന്റെ കാര്യസംഗ്രഹമാണ് ജനനാവുകളിൽ അലയടിച്ച ദൈവമഹത്വത്തിന്റെ ഈരടികൾ! ചെകിടരുടെ കാതുകൾ തുറക്കുന്നതും ഊമരുടെ നാവു തുറക്കുന്നതും ദൈവാധികാരമല്ലാതെ മറ്റെന്താണ്! അത്തരം ചെയ്തികൾ “നല്ലത്” എന്നല്ലാതെ മറ്റെന്തു പറയാൻ! ദോഷങ്ങളെ ദൂരീകരിച്ചു ‘നന്നിന്റെ’ (നല്ലതിന്റെ) ഗുണഭോക്താവായി ദൈവം ഒരുവനെ മാറ്റിയെടുക്കുന്നതിന്റെ സൂചന എത്രയോ അർത്ഥവത്താണ്! സുവിശേഷങ്ങളിലുടനീളം നാം വായിച്ചെടുക്കുന്ന യേശുവിന്റെ ചെയ്തികൾ സുവിശേഷത്തോടെ അസ്തമിച്ചു പോയിട്ടില്ല എന്ന വസ്തുതയും അടിവരയിടേണ്ടതല്ലേ! യേശുവിനെ സമീപിക്കുന്ന നിവൃത്തിയില്ലായ്മകളുടെ സന്തതസഹചാരികൾ അവിടുത്തെ നന്നായ പ്രവൃത്തികളുടെ സാക്ഷികളാകുമെന്നു കുറിയ്ക്കുവാനാണ് പ്രേരണ!

പ്രിയരേ, അവിടൂന്നു സകലവും നന്നായി ചെയ്യുന്നവനാണ്. തിരുത്തലോ പുനഃവിചാരമോ ആവശ്യമില്ലാത്ത വിധം നല്ല ചെയ്തികൾ മാത്രം അവകാശപ്പെടുവാൻ നമ്മുടെ കർത്താവിനല്ലതെ ആർക്കും സാധ്യമല്ല. അനിവാര്യതകൾ തീർക്കുന്ന ആപത്ഘട്ടങ്ങളിൽ സകലവും നന്നായി ചെയ്യുന്ന കർത്താവിൽ ശരണപ്പെടുന്നതാണ് കരണീയം!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like