
പ്രതിദിന ചിന്ത | ഒഴിവാക്കേണ്ട അനാവശ്യ വിരോധങ്ങൾ
മർക്കോസ് 9:38 “യോഹന്നാൻ അവനോടു: ഗുരോ, ഒരുവൻ നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങൾ കണ്ടു; അവൻ നമ്മെ അനുഗമിക്കായ്കയാൽ ഞങ്ങൾ അവനെ വിരോധിച്ചു എന്നു പറഞ്ഞു.”
മറുരൂപമലയിലെ യേശുവിന്റെ രൂപാന്തരണം (9:1-13), ഊമനായ ആത്മാവുള്ള ഒരുമകനെ സൗഖ്യമാക്കുവാൻ ശിക്ഷ്യന്മാർക്കു സാധിക്കാഞ്ഞതിനെ തുടർന്നു ഉടലെടുത്ത അസ്വാരസ്യങ്ങൾ യേശു പരിഹരിക്കുന്നു (9:14-30), തന്റെ മരണത്തെ സംബന്ധിച്ച് യേശു മുന്നറിയിപ്പു കൊടുക്കുന്നു (9:31-32), ശിശുസമാന മനോഭാവത്തിന്റെ പ്രസക്തി അടിവരയിടപ്പെടുന്നു (9:33-41), നരകത്തെ സംബന്ധിച്ച മുന്നറിയിപ്പു (9:42-50) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
യേശുവും പ്രധാന ശിക്ഷ്യന്മാരായ പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നിവർ മറുരൂപ മലയിൽ ആയിരുന്നപ്പോൾ താഴെ, താബോർ മലയുടെ അടിവാരത്തിൽ ഊമനായ ആത്മാവിനാൽ ഗ്രസിക്കപ്പെട്ട ഒരു ബാലകനെ സുഖപ്പെടുത്തുവാൻ ശിക്ഷ്യന്മാരുടെ അടുക്കൽ എത്തിച്ചു. അവർക്കോ അവനെ സൗഖ്യമാക്കുവാൻ സാധിച്ചില്ല (9:14-30). ഈ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് വേണം യേശുവിന്റെ ശിക്ഷ്യഗണത്തിൽ പെടാത്തതും എന്നാൽ യേശുവിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്ന ഒരുവനെ “ഞങ്ങൾ വിരോധിച്ചു” (9:38) എന്ന യോഹന്നാന്റെ വാക്കുകളെ പഠിയ്ക്കുവാൻ. അതായത്, യേശുവിനോടൊപ്പം ഇഴപിരിയാതെ നടക്കുമ്പോഴും അവരാൽ അസാധ്യമായ ഒരുകാര്യം യേശുവിനെ “അനുഗമിക്കാത്തവൻ” ചെയ്യുന്നതിലെ പൊരുത്തക്കേട് ശിക്ഷ്യന്മാരുടെ ആത്മാഭിമാനത്തെ അലോസരപ്പെടുത്തിയെന്നാണ് ഞാൻ വീക്ഷിക്കുന്നത്. യേശുവിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കിയ ആ മനുഷ്യൻ ഒന്നുകിൽ യോഹന്നാൻ സ്നാപകന്റെ ശിക്ഷ്യനോ അതല്ലെങ്കിൽ ക്രിസ്തു അയച്ച എഴുപതുപേരിൽ (ലൂക്കോ. 10:1-7) ഒരാളോ ആയിരിക്കുവാനാണ് സാധ്യത. യേശുവിൽ നിന്നും പ്രാപിച്ച അധികാരവും നിയോഗവും കാത്തുസൂക്ഷിച്ചു കൊണ്ട് യേശുവിന്റെ ശിക്ഷ്യഗണത്തിൽ നിന്നും വേറിട്ട് ആത്മീക ശുശ്രൂഷകളിൽ വ്യാപൃതനായ ഒരുവനെ ഉൾക്കൊള്ളുവാൻ മനസ്സില്ല എന്നുമാത്രമല്ല, അവനെ വിരോധിക്കുവാൻ കൂടെ യോഹന്നാൻ തയ്യാറാകുന്നു. സ്വന്ത ജാള്യതയെ മറയ്ക്കുവാൻ ദൈവപ്രവൃത്തികളെ പോലും നിഷേധിക്കുന്ന മനോഭാവം ശിക്ഷ്യന്മാർ വച്ചുപുലർത്തിയെന്നു സാരം! യേശുവാകട്ടെ, അവിടുത്തെ ശിക്ഷ്യന്മാരുടെ മുൻവിധി നിറഞ്ഞ മനോഭാവത്തെ വസ്തുനിഷ്ഠമായി തന്നെ തിരുത്തുകയും “നമുക്കു പ്രതികൂലമല്ലാത്തവൻ നമുക്കു അനുകൂലമല്ലോ” (9:40) എന്ന കാലിക പ്രസക്തമായ തത്വം മുമ്പോട്ടു വയ്ക്കുകയും ചെയ്തു.
പ്രിയരേ, നാം അറിയാത്തവരെ ദൈവവും അറിയുന്നില്ല എന്ന ‘ഞൊണ്ടി’ന്യായത്തിന്റെ അടിസ്ഥാനത്തിൽ ദൈവിക ഇടപെടലുകളെ വിരോധിക്കുന്നത് കുറ്റകരമാണെന്നു നാം പഠിയ്ക്കണം. യേശുവിന്റെ നാമത്തിൽ ഇന്നും നടക്കുന്ന ദൈവപ്രവൃത്തികളെ ബുദ്ധിയുടെയും വിഭാഗീയതയുടെയും, മാത്രമല്ല, ‘ഞങ്ങളാൽ അതുനടക്കുന്നില്ല’ എന്ന ജാള്യതയാലും വിരോധിക്കരുത്. ഓർക്കുക: “നമുക്കു പ്രതികൂലമല്ലാത്തവൻ നമുക്കു അനുകൂലമല്ലോ!”
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.