കെന്റക്കിയിലെ നിലയ്ക്കാത്ത പ്രാര്‍ത്ഥനയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മുന്‍ യു‌എസ് വൈസ് പ്രസിഡന്റ്

0

കെന്റക്കി: ആയിരക്കണക്കിന് ആളുകളെ ആകര്‍ഷിച്ചുകൊണ്ട് അമേരിക്കന്‍ സംസ്ഥാനമായ കെന്റക്കിയിലെ ആസ്ബറി സര്‍വ്വകലാശാലയില്‍ തുടര്‍ച്ചയായി നടന്നുവരുന്ന ആസ്ബറി റിവൈവല്‍ എന്ന പ്രാര്‍ത്ഥന കൂട്ടായ്മയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ട്വീറ്റ്. ക്രിസ്ത്യന്‍ സര്‍വ്വകലാശാലയിലെ പ്രാര്‍ത്ഥനയേക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തന്നെ അഗാധമായി സ്പര്‍ശിച്ചുവെന്നും കര്‍ത്താവിനു സ്തുതിയെന്നും പെന്‍സിന്റെ ട്വീറ്റില്‍ പറയുന്നു. @ആസ്ബറിയൂണിവ്-ല്‍ നടക്കുന്ന പ്രാര്‍ത്ഥന തന്നെ ആഴത്തില്‍ സ്പര്‍ശിച്ചുവെന്നും ആസ്ബറിയിലും, ജീവിതങ്ങളിലും ദൈവം പ്രവര്‍ത്തിക്കുമെന്നും ജീവിതങ്ങള്‍ എന്നെന്നേക്കുമായി മാറ്റപ്പെടുമെന്നും ഇതില്‍ പങ്കെടുക്കുന്ന ചെറുപ്പക്കാരേയും, പ്രായമായവരേയും ദൈവം അനുഗ്രഹിക്കട്ടെയെന്നും പെന്‍സ് ട്വീറ്റ് ചെയ്തു. 

“1978-ല്‍ കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ ഞാനും ഒരു ക്രിസ്ത്യന്‍ സംഗീത പരിപാടിയില്‍ പങ്കെടുക്കുവാന്‍ ആസ്ബറിയില്‍ പോയിട്ടുണ്ട്. അവിടെവെച്ചാണ് ഞാന്‍ ആദ്യമായി സുവിശേഷം കേള്‍ക്കുന്നത്. ഞാന്‍ ക്രിസ്തുവിനെ എന്റെ കര്‍ത്താവും രക്ഷകനുമായി സ്വീകരിച്ചു. എന്റെ ജീവിതം അവിടെവെച്ച് മാറി” പെന്‍സിന്റെ ട്വീറ്റില്‍ പറയുന്നു. ആസ്ബറി ക്യാമ്പസില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 8-ന് ആരംഭിച്ച പ്രാര്‍ത്ഥനാ കൂട്ടായ്മ മുടങ്ങാതെ ഇപ്പോഴും തുടരുകയാണ്. ഹഗ്സ് ഓഡിറ്റോറിയത്തില്‍ നടന്ന ഏകദിന പ്രാര്‍ത്ഥന കൂട്ടായ്മ വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞുപോകുവാന്‍ തയാറാകാത്തതിനെ തുടര്‍ന്നു നീളുകയായിരിന്നു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങളാണ് യൂണിവേഴ്സിറ്റിയിലേക്ക് എത്തിയത്. ഇത് രണ്ടാം തവണയാണ് ആസ്ബറി സര്‍വ്വകലാശാലയില്‍ റിവൈവല്‍ പ്രാര്‍ത്ഥന നടക്കുന്നത്. 1970-ല്‍ നടന്ന കൂട്ടായ്മ 144 മണിക്കൂറാണ് നീണ്ടത്. #AsburyRevival എന്ന ഹാഷ്ടാഗില്‍ ഈ പ്രാര്‍ത്ഥനാ കൂട്ടായ്മയേക്കുറിച്ചുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിലെ ഒരു വീഡിയോ ടിക് ടോക്കില്‍ മാത്രം ഏതാണ്ട് 5.5 കോടി ആളുകളാണ് കണ്ടിരിക്കുന്നത്.

You might also like