പ്രതിദിന ചിന്ത | എല്ലാവരും വിട്ടു ഓടിപ്പോകുമ്പോൾ…

0

മർക്കോസ് 14:50 “ശിഷ്യന്മാർ എല്ലാവരും അവനെ വിട്ടു ഓടിപ്പോയി.”

യേശുവിന്റെ പരസ്യശുശ്രൂഷയുടെ അവസാന ബുധനാഴ്ചയിൽ കുഷ്ഠരോഗിയായിരുന്ന ശിമോന്റെ വീട്ടിലെ പന്തിഭോജനവും വിലയേറിയ സ്വച്ഛജടാമാംസി തൈലത്താലുള്ള ഒരു സ്ത്രീയുടെ അഭിഷേകവും (14:1-11), വ്യാഴാഴ്ചയിലെ അന്ത്യ അത്താഴത്തിന്റെ ഒരുക്കം (14:12-16), തന്റെ ശിക്ഷ്യന്മാരുമായി അന്ത്യ അത്താഴത്തിൽ പങ്കുകൊള്ളുന്നു (14:17-21), കർത്താവിന്റെ മേശയുടെ സ്ഥാപനം (14:22-25), ഗത്സമനയിലേക്കുള്ള യാത്ര (14:26-31), ഗത്സമനയിലെ യേശുവിന്റെ പ്രാർത്ഥന (14:32-42), ഗത്സമനയിൽ യേശു പിടിക്കപ്പെടുന്നു (14:43-52), വെള്ളിയാഴ്ചയിലെ വിസ്താരങ്ങളിൽ കയ്യഫാവിന്റെ മുമ്പാകെ (14:53-65), പത്രോസ് മൂന്നുവട്ടം യേശുവിനെ തള്ളിപ്പറയുകയും പിന്നെ അനുതപിക്കുകയും ചെയ്യുന്നു (14:66-72) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യേശുവിന്റെ പരസ്യശുശ്രൂഷയുടെ അവസാന വ്യാഴാഴ്ച രാത്രിയിൽ തന്റെ ശിക്ഷ്യന്മാരുടെ ഒപ്പമിരുന്നു അന്ത്യ അത്താഴം കഴിച്ചു. “പിന്നെ അവർ സ്തോത്രം പാടിയശേഷം ഒലിവുമലയ്ക്കു പോയി” (14:26). പെസഹായുടെ അത്താഴം പരമ്പരാഗതമായി ‘ഹാലേൽ സങ്കീർത്തനങ്ങൾ’ എന്നറിയപ്പെടുന്ന 116 മുതൽ 118 വരെയുള്ള സങ്കീർത്തനങ്ങൾ പാടികൊണ്ടാണ് അവസാനിക്കാറുള്ളത്. ഇവിടെയും യേശു ആ പതിവു തെറ്റിച്ചില്ല. യെരുശലേമിന്റെ കിഴക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന ഒലിവുമലയുടെ ചരുവിലുള്ള ഒരു തോട്ടമാണ് ഗത്സമന. ഗത്സമന എന്ന വാക്കിനു ‘എണ്ണച്ചക്ക്’ എന്നാണർത്ഥം. അതിനുള്ളിൽ തന്റെ ശിക്ഷ്യന്മാരുമായി പ്രാർത്ഥിക്കുവാൻ യേശു കയറിപ്പോയി. യേശുവും ശിക്ഷ്യന്മാരും പലപ്പോഴും പ്രാർത്ഥനയ്ക്കായി ഒലിവുമലയും അതിന്റെ പരിസരങ്ങളും ഉപയോഗിച്ചിരുന്നതായി (ലൂക്കോ. 22:39; 31:37; മത്താ. 21:1) തിരുവെഴുത്തുകൾ സാക്ഷ്യപ്പെടുത്തുന്നു. ആകയാൽ യൂദായും ഈ സ്ഥലം നന്നായി അറിഞ്ഞിരുന്നെന്നു ന്യായമായി ചിന്തിക്കരുതോ! യൂദാ, യഹൂദാ മതാദ്ധ്യക്ഷൻമാരും റോമാ ഭരണകൂടവും അയച്ച ചേവകരെയും പുരുഷാരത്തെയും കൃത്യമായി നയിച്ചുകൊണ്ട് (14:43,44) യേശുവിന്റെ അടുത്ത് വന്നു ചുംബനത്താൽ യേശുവിനെ കാണിച്ചു കൊടുത്തത് ഈ കാരണത്താൽ ആയിരിക്കുമെന്നാണ് ഞാൻ കരുതുന്നത്. യൂദായുടെ ‘ദൗത്യം’ കൃത്യമായി നിർവ്വഹിച്ചയുടൻ (ചുംബനത്താൽ ഒറ്റിക്കൊടുക്കൽ) യേശു പിടിയ്ക്കപ്പെട്ടു. അതേ മാത്രയിൽ “ശിക്ഷ്യന്മാർ എല്ലാവരും അവനെ വിട്ടു ഓടിപ്പോയി”. “എല്ലാവരും ഇടറിയാലും ഞാൻ ഇടറുകയില്ല” (14:30) “നിന്നോടു കൂടെ മരിക്കേണ്ടി വന്നാലും ഞാൻ നിന്നെ തള്ളിപ്പറയുകയില്ല” (14:31) എന്നെല്ലാം മേനിപറഞ്ഞ പത്രോസ് “മഹാപുരോഹിതന്റെ അരമനയ്ക്കകത്തോളവും യേശുവിനെ (പ്രാണഭയത്താൽ) ദൂരവേ അനുഗമിച്ചു” (14:54); പിന്നെ മൂന്നുവട്ടം യേശുവിനെ തള്ളിപ്പറഞ്ഞു കളഞ്ഞു (14:72).

പ്രിയരേ, ആ രാത്രി യേശുവിനെ സംബന്ധിച്ച് ഏറെ നിർണ്ണായകമായിരുന്നു. പരിസരങ്ങളുടെ പ്രാതികൂല്യം സ്വയരക്ഷയുടെ കവചത്തിനുള്ളിൽ മറയുവാനുള്ള യുക്തിസഹമായ തീരുമാനം കൈക്കൊള്ളുവാൻ ശിക്ഷ്യന്മാരെ നിർബന്ധിതരാക്കി. സൗലഭ്യതകളുടെ സായാഹ്നങ്ങളിൽ കൂടെ പന്തിയിലിരുന്നവർ പോലും ദൗർലഭ്യതകളുടെ രാത്രികളിൽ കൈവിട്ടുകളയുമെന്ന പാഠം എത്രയും കൃത്യമായി ഈ അനുക്രമത്തിലൂടെ വ്യക്തമാകുന്നില്ലേ! എങ്കിലും ദൈവിക പദ്ധതികളുടെ പൂർത്തീകരണം ഏതൊരു കൈവിടപ്പെടലിലും സുവിദിതമാണെന്ന തിരിച്ചറിവ് സാഹചര്യങ്ങളുടെ വൈപരീത്യങ്ങളെ അതിജീവിക്കുവാൻ നമ്മെ പ്രാപ്തരാക്കും; തീർച്ച!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like