പ്രതിദിന ചിന്ത | പാപമില്ലാത്തവന്റെ പരമബലി
മർക്കോസ് 15:37 “യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.”
പീലാത്തോസ് യേശുവിനെ വിസ്തരിച്ചു ക്രൂശിക്കുവാൻ ഏൽപ്പിക്കുന്നു (15:1-15), പടയാളികൾ യേശുവിനെ അപമാനിക്കുന്നു (15:16-20), യേശുവിന്റെ ക്രൂശീകരണം (15:21-32), യേശു പ്രാണനെ വിടുന്നു (15:33-41), യേശുവിന്റെ ശരീരം അടക്കം ചെയ്യപ്പെടുന്നു (15:42-47) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
മാനവരക്ഷയോടുള്ള ബന്ധത്തിൽ ദൈവപക്ഷത്തിന്റെ പൂർത്തീകരണം അടയാളപ്പെടുത്തിയിരിക്കുന്ന അദ്ധ്യായമായി ഇതിനെ കാണുന്നതാണെനിക്കിഷ്ടം! മത രാഷ്ട്രീയ കോടതികളിൽ യേശു ഏവംവിധം വിസ്തരിക്കപ്പെട്ടു. അവസാനം റോമാ ഗവർണ്ണറായിരുന്ന പീലാത്തൊസാണ് യേശുവിനെ വിസ്തരിച്ചത്. കുറ്റവാളിക്ക് മരണശിക്ഷ വിധിക്കുവാനും അധികാരമുള്ള ഭരണാധികാരി ആയിരുന്നു പീലാത്തോസ്. അത്യുന്നത നീതിനിർവ്വഹണ സംവിധാനവും യേശുവിൽ കുറ്റമൊന്നും ഇല്ലെന്നു ഉറപ്പു വരുത്തി (15:14a) എന്നതാണ് ഈ പ്രമേയത്തിൽ ചൂണ്ടികാണിക്കുവാനുള്ള സവിശേഷത. അതിനുശേഷം യേശുവിനെ ക്രൂശിൽ തറച്ചു കളയുവാൻ പീലാത്തോസ് ഏല്പിച്ചുകൊടുത്തു. മനുകുലത്തിന്റെ പാപക്ഷമ പാപരഹിതനായ ഒരുവനാൽ മാത്രം സംഭവിക്കേണ്ടതാണെന്ന ദൈവനീതിയുടെ കറയറ്റ നിറവേറൽ ആയിരുന്നു ഈ അനുക്രമം. യേശുവിന്റെ പാപരാഹിത്യം കൃത്യമായി തെളിയിക്കപ്പെട്ടനന്തരമാണ് യേശു ക്രൂശിൽ തറയ്ക്കപ്പെട്ടതു. പാപമില്ലാത്തവൻ (1 യോഹ. 3:6a), പാപമറിയാത്തവൻ (2 കൊരി. 5:21 a), പാപം ചെയ്യാത്തവൻ (1 പത്രോ. 2:22a) എന്നീ വിശേഷണങ്ങൾ നമ്മുടെ യേശുവിനല്ലാതെ ആർക്കും അവകാശപ്പെടുവാൻ സാധ്യമല്ല തന്നേ. ആറാം മണിനേരം മുതൽ ഒമ്പതാം മണിനേരം വരെ അഥവാ ഉച്ചയ്ക്ക് പന്ത്രണ്ടു മണി മുതൽ വൈകുന്നേരം മൂന്നു മണി വരെ ദേശത്തെങ്ങും വ്യാപരിച്ച ഇരുട്ടു (15:33) ലോകചരിത്രത്തിലെ അനിതരസാധാരണമായ സംഭവമായി തന്നേ അവശേഷിക്കുന്നു. ലോകത്തിന്റെ പാപം നിറയ്ക്കപ്പെട്ട പാനപാത്രം (14:36) യേശു മട്ടോളം കുടിച്ചു തീർത്തപ്പോൾ പിതാവായ ദൈവം പോലും യേശുവിനെ കൈവിട്ടു കളഞ്ഞ അതിവ്യാകുലതയുടെ (14:34) മണിക്കൂറുകൾ ആയിരുന്നു പിന്നിട്ടത്. യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടയുടൻ യെരുശലേം ദൈവാലയത്തിലെ തിരശ്ശീല മേൽതൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോയി. സംഭവങ്ങളുടെ ഭയാനകത “ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു; സത്യം” (15:39) എന്ന ഏറ്റുപറച്ചിലിനു ശതാധിപനെ പ്രേരിപ്പിച്ചു എന്ന വസ്തുതയും സുവർണ്ണലിപികളിൽ എഴുതപ്പെടേണ്ടതു തന്നേ!
പ്രിയരേ, പാപത്തിൽ നിപതിച്ചുപോയ മനുഷ്യന്റെ നിത്യരക്ഷയ്ക്കായി മനുഷ്യവേഷത്തിൽ അവതരിച്ച ദൈവപുത്രൻ ലോകത്തിന്റെ പാപം വഹിച്ചുകൊണ്ട് ക്രൂശിന്മേൽ പരമബലിയായി തീർന്നതു എത്രയോ ആശ്ചര്യം! അവിടുത്തെ മരണത്താൽ ഞാൻ നിത്യജീവൻ പ്രാപിച്ചു; സ്തോത്രം!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.