പ്രതിദിന ചിന്ത | കല്ലറതുറക്കപ്പെട്ട ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ

0

മർക്കോസ് 16:6 “അവൻ അവരോടു: ഭ്രമിക്കേണ്ടാ; ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു; അവൻ ഉയിർത്തെഴുന്നേറ്റു; അവൻ ഇവിടെ ഇല്ല; അവനെ വെച്ച സ്ഥലം ഇതാ.”

യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ് (16:1-8), ഉത്ഥിതനായ യേശുവിന്റെ പ്രത്യക്ഷതകൾ (16:9-18), യേശുവിന്റെ സ്വർഗ്ഗാരോഹണവും മഹാദൗത്യത്തിന്റെ നിയോഗവും (16:19-20) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

ക്രൈസ്തവ മാർഗ്ഗത്തിന്റെ ഇളക്കമില്ലാത്ത അടിത്തറയാണ് ഈ അദ്ധ്യായത്തിന്റെ കാര്യസാരമായ വായന. പിന്നിട്ട അദ്ധ്യായം കല്ലുരുട്ടിവച്ചു അടച്ചുകളഞ്ഞ കല്ലറയുടെ ചിത്രം വരച്ചാണ് വിരാമമേറ്റത്. എന്നാൽ ഈ അദ്ധ്യായം തിരശ്ശീലയുയരുന്നത് കല്ലുരുട്ടിമാറ്റിയ കല്ലറയുടെ ചിത്രം വരച്ചുകൊണ്ടാണ്! കല്ലറയുടെ ഉള്ളിൽ “അവനെ വെച്ച ഇടം മഗ്ദലക്കാരത്തി മറിയയും യോസെയുടെ അമ്മ മറിയയും നോക്കിക്കണ്ടു” (15:47) എന്ന പ്രസ്താവന ദൃക്സാക്ഷികളുടെ സാക്ഷ്യപ്പെടുത്തലായി കരുതുന്നതാണെനിക്കിഷ്ടം! എന്നാൽ അതേ സ്ത്രീകൾ തന്നേ (16:1) യേശുവിന്റെ ഉത്ഥാനത്തിനും സാക്ഷ്യം വഹിക്കുന്നു. ആ ഞായറാഴ്ച വെളുപ്പാൻകാലത്തു കല്ലറത്തോട്ടത്തെ പ്രകമ്പനം കൊള്ളിച്ച “അവൻ ഇവിടെ ഇല്ല” (16:7d) എന്ന സ്വർഗ്ഗദൂതന്റെ പ്രഖ്യാപനമാണ് നമ്മുടെ വിശ്വത്തിന്റെയും പ്രത്യാശയുടെയും അഴിവില്ലാത്ത അടിത്തറപാകിയ ആദ്യശബ്ദം. മാനവചരിത്രം കുറിയ്ക്കപ്പെട്ട നാളന്നുമുതൽ നാളിതുവരെ മനുഷ്യശവങ്ങളെ ഉള്ളിലൊതുക്കി അടയ്ക്കപ്പെട്ട സകല കല്ലറകളും വിസ്മൃതിയുടെ പര്യായങ്ങളായി അവശേഷിക്കുന്നു. ജീവിതകാലത്തു വൈജാത്യങ്ങൾ ഏറെ നിലനിർത്തുവാൻ വെമ്പിയവർ മരണത്തിൽ സമാനത കൈവരിച്ചു മൂടിയ ശവകുടീരത്തിന്റെ ഇരുട്ടറയിൽ വിശ്രാന്തി പുൽകി! അതിനെല്ലാം അപവാദമായി യെരുശലേമിലെ ആ കല്ലറ ഇന്നും “അവൻ ഉയിർത്തെഴുന്നേറ്റു; അവൻ ഇവിടെ ഇല്ല” എന്ന വസ്തുത ഉച്ചൈസ്തരം പ്രഖ്യാപിക്കുന്നു. മഗ്ദലക്കാരി മറിയയ്ക്കും (16:9) എമ്മുവസിലേക്കു പോയ രണ്ടു ശിക്ഷ്യന്മാർക്കും (16:12 ഒ. നോ. ലൂക്കോ. 24:13-32) പിന്നെ പതിനൊന്നു ശിക്ഷ്യന്മാർക്കു ഒരുമിച്ചും (16:14) ഉത്ഥിതനായ യേശു പ്രത്യക്ഷനായി താൻ ജീവിച്ചിരിക്കുന്നു എന്നു സംശയാതീതമാംവിധം തെളിയിച്ചു. തുടർന്ന് മഹാനിയോഗം തന്റെ ശിക്ഷ്യന്മാരെ ഭരമേല്പിച്ചു (16:15-18). തദനന്തരം സ്വർഗ്ഗാരോഹണം ചെയ്ത യേശു ദൈവത്തിന്റെ വലതുഭാഗത്തു (16:17) ലോകം ഉണ്ടാകുംമുമ്പെ പിതാവിന്റെ അടുക്കൽ യേശുവിനുണ്ടായിരുന്ന മഹത്വത്തിൽ തിരികെ പ്രവേശിക്കപ്പെട്ടു (യോഹ. 17:5).

പ്രിയരേ, ഉലകമഹാന്മാരുടെ അടയപ്പെട്ടു കിടക്കുന്ന കല്ലറകൾ അവരെല്ലാം കേവലം മനുഷ്യരായിരുന്നെന്ന യാഥാർഥ്യത്തിനു അടിവരയിടുന്നു. എന്നാൽ മരണത്തിനും പാതാളത്തിനും പിടിച്ചുവയ്ക്കുവാൻ സാധിക്കാത്ത ദൈവപുത്രനായ യേശു മരണത്തിന്മേൽ പ്രാപിച്ച ജയം വിശുദ്ധന്മാരുടെ പുനരുത്ഥാനത്തിന്റെ നിശ്ചയമാണെന്നു കുറിച്ചുകൊണ്ട് പതിനാറു (16) അദ്ധ്യായങ്ങളും അറുനൂറ്റി എഴുപത്തെട്ടു (678) വാക്യങ്ങളുമടങ്ങിയ തിരുവെഴുത്തുകളിലെ നാല്പത്തൊന്നാമത്തേയും (41) പുതിയ നിയമത്തിലെ രണ്ടാമത്തെ പുസ്തകവുമായ മർക്കോസിന്റെ സുവിശേഷത്തിലൂടെയുള്ള ആത്മീക സഞ്ചാരത്തിനു വിരാമമേറ്റുന്നു.

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like