മലയാളി പാസ്റ്ററെയും ഭാര്യയെയും അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു

0

ന്യൂഡൽഹി: തീവ്രഹിന്ദുത്വ സംഘടനയായ ബജ്രംഗ്ദളിന്റെ പരാതിയിൽ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മലയാളികളായ പാസ്റ്ററെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. നിർബന്ധിത മത പരിവർത്തനം നടത്തുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് ഷാരോൺ ഫെലോഷിപ്പ് ചർച്ചിലെ പാസ്റ്റർ സന്തോഷ് ജോൺ (55), ഭാര്യ ജിജി (50) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന ആരോപണം ഷാരോൺ ഫെലോഷിപ്പ് ചർച്ച് അധികൃതർ നിഷേധിച്ചു. ഉത്തർപ്രദേശിലെ മതപരിവർത്തന നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഗാസിയാബാദ് സ്വദേശിയായ പ്രവീൺ നാഗർ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 

ഞായറാഴ്ച സന്തോഷും ഭാര്യയും പ്രാർഥന നടത്തുമ്പോൾ ഒരുകൂട്ടം ആളുകൾ വന്നു പ്രശ്നമുണ്ടാക്കുകയും മതപരിവർത്തനം നടക്കുന്നതായി ആരോപണം ഉന്നയിക്കുകയുമായിരുന്നുവെന്ന് ജോണിന്റെ സഹായി മീനാക്ഷി സിംഗ് പറഞ്ഞു. പ്രാർത്ഥനയ്ക്കായി വാടകയ്ക്കെടുത്ത ഹാളിൽ ആരാധനാ ദിവസങ്ങളിൽ പ്രാർത്ഥനകളും പ്രസംഗങ്ങളും നടത്താറുണ്ടെങ്കിലും മതപരിവർത്തനം നടത്തിയിട്ടില്ലെന്ന് അയൽവാസികളും പറയുന്നു. അറസ്റ്റിലായ സന്തോഷിനെയും ജിജിയെയും ഇന്നലെ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിച്ചില്ല. ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കുമെന്ന് ഇവരുടെ അഭിഭാഷകൻ അലിം അൽവി പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. ക്രൈസ്തവര്‍ കൂട്ടമായി പ്രാര്‍ത്ഥന നടത്തിയാല്‍ ഉടനെ മതപരിവര്‍ത്തനമാക്കി ചിത്രീകരിക്കുകയും അതില്‍ പോലീസ് ഗൂഡഉദ്ദേശങ്ങളോടെ എഫ്‌ഐ‌ആര്‍ തയാറാക്കുകയും ചെയ്യുന്നത് രാജ്യത്തു പതിവ് സംഭവമായി മാറിയിരിക്കുകയാണ്. രാജ്യത്ത് മതപരിവർത്തനം നടക്കുന്നുണ്ടെങ്കിൽ, എന്തുകൊണ്ടാണ് ക്രിസ്ത്യൻ ജനസംഖ്യ കുറയുന്നതെന്നും 2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ക്രിസ്ത്യൻ ജനസംഖ്യ രാജ്യത്തെ ജനസംഖ്യയുടെ 2.6 ശതമാനമായത് 2021-ല്‍ 2.3 ശതമാനമായി ചുരുങ്ങിയത് എന്താണ് സൂചിപ്പിക്കുന്നതെന്നും മീനാക്ഷി സിംഗ് ചോദ്യമുയര്‍ത്തി. ഞായറാഴ്ച ആരാധന തടഞ്ഞ ബജംഗ്ദൾ പ്രവർത്തകർക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെടുമെന്നും അഭിഭാഷകൻ പറഞ്ഞു. സംഭവത്തെ ശശി തരൂര്‍ എം‌പി അപലപിച്ചു. ഇത്തരം സംഭവങ്ങൾ രാജ്യത്തിന് അപകീർത്തിയുണ്ടാക്കുമെന്നും ആരോപണങ്ങളുടെ പേരിലാണ് അറസ്റ്റെന്നും ശശി തരൂർ ട്വീറ്റ് ചെയ്തു.

You might also like