പ്രതിദിന ചിന്ത | രാത്രിയിലെ പ്രാർത്ഥനയും പ്രഭാതത്തിലെ തെരഞ്ഞെടുപ്പും

0

ലൂക്കോസ് 6:13 “നേരം വെളുത്തപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കെ വിളിച്ചു, അവരിൽ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു, അവർക്കു അപ്പൊസ്തലന്മാർ എന്നും പേർ വിളിച്ചു.”

കതിരു പറിച്ചു തിന്നതിനാൽ യേശുവും ശിക്ഷ്യന്മാരും ശബ്ബത്തു ലംഘനം നടത്തിയെന്ന കുറ്റാരോപണം (6:1-5), കൈവരണ്ട മനുഷ്യനെ സൗഖ്യമാക്കിയതിനാൽ യേശു ശബ്ബത്തിനെ ലംഘിച്ചു എന്ന ആരോപണം (6:6-11), അപ്പോസ്തോലന്മാരുടെ വിളിയും തെരഞ്ഞെടുപ്പും (6:12-16), മലയടിവാരത്തു അഥവാ സമഭൂമിയിൽ യേശു നടത്തിയ സുദീർഘമായ പ്രസംഗം (6:17-49) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

രാത്രിമുഴുവനും പ്രാർത്ഥനയിൽ ചെലവഴിച്ച യേശു നേരം വെളുത്തപ്പോൾ ശിക്ഷ്യന്മാരെ അരികിൽ വിളിച്ചിട്ടു അവരിൽ നിന്നും പന്ത്രണ്ടു പേരെ അപ്പോസ്തോലന്മാരായി തെരഞ്ഞെടുത്തു. ഒരു രാത്രി മുഴുവൻ യേശു പ്രാർത്ഥനയിൽ ചെലവിട്ടനന്തരമാണ് ശിക്ഷ്യന്മാരിൽ നിന്നും പന്ത്രണ്ടു പേരെ വേർതിരിച്ചു അപ്പോസ്തോലന്മാർ എന്ന വിശേഷ പദവിയിൽ നാമകരണം ചെയ്തത്. അവരിൽ ഒന്നാമനായിരുന്ന ശിമോനെ പത്രോസ് എന്ന പുനഃനാമകരണം ചെയ്തതും വിശേഷാൽ കുറിയ്ക്കപ്പെട്ടിരിക്കുന്നു. മത്തായി 10:2; മർക്കോ. 3:16-19 ലും സമാന്തര വായന രേഖപ്പെടുത്തിയിട്ടുണ്ട്. യേശുവിന്റെ ആ രാത്രിയിലെ പ്രാർത്ഥന ശ്രദ്ധേയമായ ഒരനുക്രമമായി പഠിയ്ക്കുന്നതാണെനിക്കിഷ്ടം! ദൈവപുത്രനായ യേശു, ഒരു രാത്രി മുഴുവനും പിതാവിനോടുള്ള സംഭാഷണത്തിൽ സമയം ചെലവിട്ടെന്നു കരുതുന്നതാണ് യുക്തം. കാരണം പ്രാർത്ഥന ദൈവത്തോടുള്ള സംഭാഷണവും നിയോഗങ്ങളുടെ തിരിച്ചറിയലിനുള്ള ഉപാധിയുമാണല്ലോ. അടുത്ത പ്രഭാതത്തിൽ താൻ ഇടപെടുവാൻ പോകുന്ന കാലിക പ്രാധാന്യതയുള്ള ഒരു സംഭവത്തിന് മുന്നോടിയായി ദൈവത്തിന്റെ തിരുവുള്ളം എന്താണെന്നു യേശു അറിയുന്ന മണിക്കൂറുകൾ ആയിരുന്നു പിന്നിട്ടത്. താൻ തുടങ്ങി വച്ച ദൗത്യം ഒരു യുഗം മുഴുവനും ഇടമുറിയാതെ കൊണ്ടുനടക്കുവാൻ താൻ തെരഞ്ഞെടുക്കുന്നവർ പ്രാപ്തരായിരിക്കണം എന്ന നിർന്ധമാണ് ഈ സമയദൈർഖ്യത്തിലൂടെ ഞാൻ വായിച്ചെടുക്കുന്നത്. നിരവധി ശിക്ഷ്യന്മാർ യേശുവിന്നു ചുറ്റും നിരന്നു നിൽക്കുന്നു. അവരിൽ നിന്നു പന്തിരുവരുടെ തെരഞ്ഞെടുപ്പ് എന്തുകൊണ്ടും മർമ്മപ്രധാനമായ ഒരനുക്രമം തന്നെയായിരുന്നു. ദൗത്യത്തിന്റെ ഭരമേൽപ്പിക്കലും ഒട്ടും ചോർന്നുപോകാതെ ദർശനത്തിന്റെ കാര്യക്ഷമതയും ആരിലേക്കൊക്കെ പകരണമെന്നുമുള്ള അവിടുത്തെ ആരായലിന്നു കൃത്യമായ ഉത്തരമാണ് പിതാവിൽ നിന്നും യേശു നേടിയെടുത്തത്. അതിൽ തന്നെ കാണിച്ചു കൊടുക്കുവാനുള്ള അഥവാ “ദ്രോഹിയായി തീർന്ന ഈസ്കര്യോത്ത് യൂദാ” (6:16) ഉൾപ്പെട്ടിരുന്നു എന്ന കൗതുകവും വിസ്മരിക്കാവതല്ല.

പ്രിയരേ, ദൈവിക തെരഞ്ഞെടുപ്പിൽ മാനുഷിക ബുദ്ധികേടിന്റെ ലാഞ്ചന പോലുമേശുകയില്ല. ദൈവത്തോടുള്ള ആരായലുകൾ കൃത്യമായ ചൂണ്ടിക്കാട്ടലുകൾക്കു വഴിതെളിയിക്കും. യൂദായുടെ ദ്രോഹവും ദൈവിക കാര്യപരിപാടികളുടെ പൂർണ്ണതയ്ക്കു അനിവാര്യമായിരുന്നു എന്ന വസ്തുതയുടെ തെളിവല്ലേ പന്തിരുവരുടെ കൂട്ടത്തിൽ ആ പേരും ചേർത്തെഴുതുവാൻ കാരണമായത്!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like