പ്രതിദിന ചിന്ത | നിരാകരണത്തിന്റെ നിരുത്സാഹങ്ങൾ

0

ലൂക്കോസ് 9:55,56 “അവൻ തിരിഞ്ഞു അവരെ ശാസിച്ചു: “നിങ്ങൾ ഏതു ആത്മാവിന്നു അധീനർ എന്നു നിങ്ങൾ അറിയുന്നില്ല; മനുഷ്യ പുത്രൻ മനുഷ്യരുടെ പ്രാണങ്ങളെ നശിപ്പിപ്പാനല്ല രക്ഷിപ്പാനത്രേ വന്നതു” എന്നു പറഞ്ഞു. അവർ വേറൊരു ഗ്രാമത്തിലേക്കു പോയി.”

പന്തിരുവർ പ്രസംഗിക്കുവാൻ അയക്കപ്പെടുന്നു (9:1-9), അഞ്ചപ്പവും രണ്ടു മീനും കൊണ്ടു വലിയ പുരുഷാരം പോഷിപ്പിക്കപ്പടുന്നു (9:10-17), യേശുവിനെ ദൈവത്തിന്റെ ക്രിസ്തു എന്നു ശിക്ഷ്യന്മാർ ഏറ്റുപറയുന്നു (9:18-27), മറുരൂപമലയിലെ രൂപാന്തരണം (9:28-36), അശുദ്ധാത്മാവ് ബാധിച്ച ഒരു മകൻ സൗഖ്യമാകുന്നു (9:37-42), തങ്ങളിൽ വലിയവൻ ആരെന്ന മനോഭാവത്തിൽ യേശുവിന്റെ ഇടപെടൽ (9:43-50), ശമര്യാക്കാരുടെ നിഷേധവും സെബദിപുത്രൻമാരുടെ രോക്ഷവും യേശുവിന്റെ നിലപാടും (9:51-56), ക്രിസ്താനുഗമനം സംബന്ധിച്ച മൂന്നു പ്രതികരണങ്ങൾ (9:57-62) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യേശുവിന്റെ കൂടെ നടന്ന ശിക്ഷ്യന്മാരുടെ തെറ്റായ മനോഭാവങ്ങൾ വ്യക്തമാക്കുന്ന രണ്ടു സംഭവങ്ങൾ ലൂക്കോസ് ഈ അദ്ധ്യായത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഒന്നാമത്തേത്, തങ്ങളിൽ വലിയവൻ ആര്? (9:46) എന്ന ചോദ്യത്തിൽകൂടെ പുറത്തു വന്നു. അതിനുള്ള കൃത്യമായ ഉത്തരം ശിക്ഷ്യന്മാരെ ധരിപ്പിക്കുവാൻ യേശുവിനായി. രണ്ടാമത്തേതാകട്ടെ, ശമര്യരോടുള്ള മനോഭാവത്തിലൂടെ പ്രകടമായി. യേശുവിന്റെ അന്ത്യഅത്താഴം തന്റെ ശിക്ഷ്യന്മാരുമായി ശമര്യരുടെ ഗ്രാമങ്ങളിലൊന്നിൽ കഴിക്കുവാനുള്ള ക്രമീകരണവുമായി മുമ്പോട്ടു പോയ യേശുവിനെയും ശിക്ഷ്യന്മാരെയും കൈക്കൊള്ളുവാൻ അവർ തയ്യാറായില്ല. ശമര്യക്കാരുടെ നിഷേധം സെബദിപുത്രന്മാരുടെ അലോസരത്തിനും അപ്രീതിയ്ക്കും കാരണമായി. അതിന്റെ പ്രതികരണമായി അഹസ്യാ രാജാവ് ഏലീയാവിനെ പിടിക്കുവാൻ അയച്ച അമ്പതീതുപേർ അടങ്ങുന്ന രണ്ടു സൈന്യസംഘങ്ങളെ ആകാശത്തു നിന്നു തീയിറക്കി ഭസ്മമാക്കിയ സംഭവത്തിന്റെ (2 രാജാ. 1:10-14) ആവർത്തനം ഉണ്ടാക്കുവാൻ യേശുവിനോട് ശുപാർശ ചെയ്യുന്നു! എതിർക്കുന്നവരെ ഭസ്മമാക്കുക എന്ന തത്വം ശിക്ഷ്യന്മാർ മുമ്പോട്ട് വയ്ക്കുന്നു എന്നു സാരം! അതിനോടുള്ള യേശുവിന്റെ പ്രതികരണം അതിരൂക്ഷ ഭാഷയിൽ ആയിരുന്നു. “നിങ്ങൾ ഏതു ആത്മാവിനു അധീനർ എന്നു നിങ്ങൾ അറിയുന്നില്ല” (9:55) എന്ന യേശുവിന്റെ വാക്കുകൾ കാലിക പ്രാധാന്യമുള്ള നിലപാടായി കാണുന്നതാണെനിക്കിഷ്ടം! എതിർക്കുന്നവരെ അഥവാ അംഗീകരിക്കാത്തവരെ ഉന്മൂലനം ചെയ്യുവാനുള്ള ‘വേദവാക്യം’ തിരയൽ എന്തായാലും ക്രൈസ്തവീകമല്ല. പരിസരങ്ങളുടെ വിശാലവീക്ഷണവും പരിശുദ്ധാത്മാവിന്റെ നടത്തിപ്പിനുള്ള വിധേയപ്പെടലും വിപരീത ശബ്ദങ്ങൾ പേറുന്ന വിമർശനങ്ങളെ ഉൾക്കൊള്ളുവാൻ ഒരുവനെ പ്രേരിപ്പിക്കും; തീർച്ച.

പ്രിയരേ, അംഗീകരണവും നിരാകരണവും സമചിത്തതയോടെ ഉൾക്കൊള്ളുവാൻ നാം തയ്യാറാകണം. അംഗീകരണം സംഭവിക്കാതെ വരുമ്പോൾ പകയുടെയും വിദ്വേഷത്തിന്റെയും ആത്മാവിനു കീഴ്പ്പെടരുതെന്ന യേശുവിന്റെ താക്കീതിന് മാറ്റേറെയുണ്ട്. ദൈവാത്മാവിനു കീഴ്പ്പെടുന്ന മനോഭാവം ഏതൊരു പശ്ചാത്തലത്തെയും സ്ഥായിഭാവത്തിൽ കൈകാര്യം ചെയ്യുവാൻ നമ്മെ പ്രാപ്തരാക്കുമല്ലോ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like