പ്രതിദിന ചിന്ത | ധനാഢ്യനായ മൂഢൻ

0

ലൂക്കോസ് 12:21 “ദൈവവിഷയമായി സമ്പന്നനാകാതെ തനിക്കു തന്നേ നിക്ഷേപിക്കുന്നവന്റെ കാര്യം ഇങ്ങനെ ആകുന്നു.”

കപടഭക്തിക്കെതിരെ യേശുവിന്റെ തുറന്ന വിമർശനം (12:1-12), ധനവാനായ മൂഢന്റെ ഉപമ (12:13-21), മുമ്പേ അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുവാനുള്ള യേശുവിന്റെ ആഹ്വനം (12:22-34), യജമാനന്റെ വരവിനായി കാത്തിരിക്കുന്ന ദാസന്മാർ (12:35-48), ന്യായവിധിയുടെ മുന്നറിയിപ്പ് (12:49-53), ആകാശത്തിന്റെ ലക്ഷണങ്ങളും കാലത്തിന്റെ വിവേചനവും (12:54-59) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യേശുവിന്റെ പഠിപ്പിക്കലുകളിൽ പ്രധാനമായ ഒരു പ്രമേയമാണ് ധനത്തോടുള്ള ഒരുവന്റെ മനോഭാവം സംബന്ധിച്ചുള്ളത്. ആ വിഷയം വളരെ ഗൗരവതരമായ നിലയിൽ ‘ദൈവവിഷയമായി സമ്പന്നനാകുക’ എന്ന ശീർഷകത്തിൽ യേശു അവതരിപ്പിച്ചിരിക്കുന്നു. സഹോദരനുമായി വസ്തു വീതം വയ്ക്കുന്ന കാര്യത്തിൽ സമരസപ്പെടുവാൻ സാധിക്കാതിരുന്ന ഒരു വ്യക്തി യേശുവിനെ മധ്യസ്ഥനാക്കി പ്രശ്നപരിഹാരം വരുത്തുവാൻ താത്പര്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ യേശു നടത്തിയ സംഭാഷണതിന്റെ ഭാഗമാണ് ആസ്പദവാക്യശകലം. തനിക്കുണ്ടായ അപ്രതീക്ഷിത അമിത വിളവ് ഒരു കൃഷിക്കാരന്റെ കണ്ണഞ്ചിപ്പിച്ചു. തന്റെ ആസകല വിളവ് കൂട്ടിവയ്ക്കുവാൻ തന്റെ ഭണ്ഡാരഗൃഹങ്ങൾ പര്യാപ്തമല്ലെന്ന തിരിച്ചറിവ് തന്നെ അസ്വസ്ഥനാക്കി. അതിനു പരിഹാരമായി തന്റെ മുമ്പിൽ തെളിഞ്ഞ ഏക മാർഗ്ഗം നിലവിലുള്ള കളപ്പുരകൾ പൊളിച്ചു വലിയതൊന്നു നിർമ്മിക്കുക എന്നതായിരുന്നു. പദ്ധതി മികവുറ്റതാക്കുവാൻ തക്ക ആസൂത്രണം നിർവ്വഹിച്ചു ധനവാൻ നിദ്രയിൽ വീണു. ആ രാത്രിയുടെ നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് “മൂഢാ, ഈ രാത്രിയിൽ നിന്റെ പ്രാണനെ നിന്നോടു ചോദിക്കും. പിന്നെ നീ ഒരുക്കിവെച്ചതു ആർക്കാകും” എന്ന ശബ്ദം ധനവന്റെ നിദ്രയെ വിഘ്നപ്പെടുത്തി കളഞ്ഞു. ഏറിയ ആണ്ടുകളിലേക്കു മതിയായ സമ്പത്തുകൾ കരുതി വച്ച മനുഷ്യനെ ‘ബുദ്ധിമാൻ’ എന്നല്ലാതെ പ്രബുദ്ധസമൂഹം എന്തു വിളിക്കും? അതേ, താൻ ബുദ്ധിമാൻ തന്നേ! എങ്കിലും ദൈവവിഷയമായി സമ്പന്നനാകാതെ തനിക്കു തന്നെയുള്ള സകല നിക്ഷേപങ്ങളും മൂഢതയായി തന്നേ ദൈവം കണക്കിടുമെന്നാണ് യേശുവിന്റെ വാക്കുകളുടെ പൊരുളെന്ന് ആർക്കും വ്യക്തമാകുമല്ലോ!

പ്രിയരേ, ധനികതയുടെ അളവു വിളവെടുപ്പിന്റെ അളവുകോലിനാൽ അളന്നു തിട്ടപ്പെടുത്തുന്നത് തികഞ്ഞ മൂഢതയാണ്. തനിക്കുവേണ്ടിയുള്ള നിക്ഷേപങ്ങളും തഥൈവ! അതേസമയം ദൈവവിഷയമായി അഥവാ ആത്മീകമായ കാഴ്ചപ്പാടുകളിൽ ധനികരാകുകയും സാമ്പത്തിക വിഷയങ്ങളിൽ ദാരിദ്ര്യം പേറുകയും ചെയ്യുന്നവർ എങ്കിലും ദൈവമുമ്പാകെ ബുദ്ധിമാന്മാരാണെന്നു കുറിയ്ക്കുവാനാണ് പ്രേരണ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like