പ്രതിദിന ചിന്ത | ഫലശൂന്യതയിലെ ആദായ സമയം

0

ലൂക്കോസ് 13:8,9 “അതിന്നു അവൻ: കർത്താവേ, ഞാൻ അതിന്നു ചുറ്റും കിളെച്ചു വളം ഇടുവോളം ഈ ആണ്ടും കൂടെ നിൽക്കട്ടെ. മേലാൽ കായിച്ചെങ്കിലോ – ഇല്ലെങ്കിൽ വെട്ടിക്കളയാം” എന്നു ഉത്തരം പറഞ്ഞു.”

ഗലീലയിലും ശീലോഹാമിലും നടന്ന അനിഷ്ടസംഭവങ്ങളുടെ അടിസ്ഥാനത്തിൽ മാനസാന്തരത്തിനുള്ള ആഹ്വാനം യേശു കൊടുക്കുന്നു (13:1-5), ഫലമില്ലാത്ത അത്തിയുടെ ഉപമ (13:6-9), കൂനിയായിരുന്ന ഒരു സ്ത്രീയുടെ സൗഖ്യവും ശബ്ബത്തു നാളിൽ അത് ചെയ്തതിനുള്ള യേശുവിന്റെ ന്യായീകരണവും (13:10-17), സ്വർഗ്ഗരാജ്യത്തിന്റെ ദൃഷ്ടാന്തങ്ങൾ (13:18-22), ഇടുക്കുവാതിലിലൂടെയുള്ള അകത്തുകടക്കൽ (13:23-30), ഹെരോദാവിന്റെ വധഭീഷണിയോടുള്ള യേശുവിന്റെ പ്രതികരണം (13:31-35) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

മാനസാന്തരത്തിന്റെ അനിവാര്യത ഏറെ വ്യക്തമായ ഭാഷയിൽ ഫലരഹിതമായ അത്തിയുടെ ഉപമയിലൂടെ യേശു പ്രസ്താവിക്കുന്നു. ചില ഗലീലക്കാർ ദൈവാലയത്തിൽ യാഗാർപ്പണം നടത്തിക്കൊണ്ടിരിക്കവേ, പീലാത്തോസിന്റെ പടയാളികളാൽ കൊല്ലപ്പെട്ടു. അവരുടെ രക്തവും യാഗരക്തവും ഇടകലർന്ന വർത്തമാനം യഹൂദന്റെ ആത്മാഭിമാനത്തിനേറ്റ തിരിച്ചടി ആയിരുന്നു. മാത്രമല്ല, ശീലോഹമിലെ ഗോപുരം ഇടിഞ്ഞു വീണ അപകടത്തിൽ പെട്ട് പതിനെട്ടു പേർ മരിക്കുകയും ചെയ്തു. ഈ രണ്ടു സംഭവങ്ങളുടെ കാരണം കൊല്ലപ്പെട്ടവരുടെ പാപമായിരുന്നു എന്ന ഒരു വർത്തമാനം നാട്ടിലെങ്ങും പരന്നിരുന്നു. അതിനോടുള്ള യേശുവിന്റെ പ്രതികരണമാണ് അത്തിയുടെ ഫലമില്ലായ്മയുടെ ദൃഷ്ടാന്തം പറയുവാൻ കാരണമായി തീർന്നത്. രണ്ടു സംഭവങ്ങളുടെയും വിവരണം കുറിക്കുന്നതിന്റെ അനുബന്ധമായി “അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെതന്നേ നശിച്ചുപോകും” (13:3,5) എന്ന യേശുവിന്റെ ആവർത്തിത പ്രസ്താവന മാനസാന്തരം എന്ന പ്രമേയത്തിൽ യേശു കൽപ്പിക്കുന്ന പ്രാഥമികത വ്യക്തമാക്കുന്നതിന്റെ തെളിവായി പഠിയ്ക്കുന്നതാണെനിക്കിഷ്ടം! മൂന്നു സംവത്സരമായി മുന്തിരിത്തോട്ടത്തിൽ ഉടമസ്ഥൻ ഫലം തിരഞ്ഞു വരുന്ന ഒരു അത്തിവൃക്ഷത്തെ ചുറ്റിപ്പറ്റിയുള്ളതാണ് ഉപമ. ഫലം കായ്ക്കുവാൻ തക്ക സമയം ആയിട്ടും അത്തിയുടെ നിഷ്ഫലാവസ്ഥ അത്തി ചുവടോടെ വെട്ടിക്കളയുവാൻ യജമാനനെ പ്രേരിപ്പിച്ചു. എങ്കിലും തോട്ടക്കാരൻ അതിന്നു സമ്മതിക്കാതെ മറ്റൊരാണ്ടു കൂടെ കിളച്ചു വളമിട്ട് ഫലം കായ്ക്കുവാനുള്ള അനുകൂല പരിസരങ്ങളുടെ ഉറപ്പാക്കൽ തന്റെ ഭാഗത്തു നിന്നും ചെയ്തുകൊള്ളാമെന്നു യജമാനനു വാക്കുകൊടുക്കുന്നു. കാരണം വെട്ടിക്കളഞ്ഞാൽ തീയിലിടുകയല്ലാതെ മറ്റൊന്നും സംഭവിക്കുകയില്ലല്ലോ!

പ്രിയരേ, മാനസാന്തരം വെട്ടിക്കളയപ്പെടാതിരിക്കുവാനുള്ള ഏക മാർഗ്ഗമാണ്. നിലത്തെ നിഷ്ഫലമാക്കുന്നത് എത്രവലിയ വൃക്ഷമായാലും യജമാനന്റെ ഇച്ഛയ്ക്ക് വിരുദ്ധമാണെന്നു നാം തിരിച്ചറിയണം. ഫലശൂന്യതയിലും ലഭിക്കുന്ന ‘ആദായസമയം’ മാനസാന്തരത്തിനും ഫലംകായ്ക്കലിനുമായി ലഭിക്കുന്ന സമയദൈർഘ്യമായി കരുതി യജമാനനെ തൃപ്തിപ്പെടുത്തുന്നതല്ലേ യുക്തം!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like