പ്രതിദിന ചിന്ത | മാന്യമായ ഇരിപ്പിന്റെ പൊരുൾ

0

ലൂക്കോസ് 14:11 “തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും.”

മഹോദരരോഗിയെ യേശു സൗഖ്യമാക്കുന്നു (14:1-6), തന്നെത്താൻ ഉയർത്തുന്നതിനെ യേശു വിലക്കുന്നു (14:7-11), സന്തോഷ വേളകളിൽ ആരെ പങ്കാളികളാക്കണം എന്ന നിർദ്ദേശം (14:12-14), അത്താഴ സത്ക്കാരത്തിൽ ക്ഷണിക്കപ്പെട്ടർ ക്ഷണം നിരസിക്കുന്നു; അവർക്കു പകരക്കാരായി കണ്ടവരെയൊക്കെ വിളിച്ചു വിരുന്നിടം നിറയ്ക്കുന്നു (14:15-24), ക്രിസ്താനുഗമനത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ (14:25-35) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

സാമൂഹിക ജീവിതത്തിൽ ഏറെ ശ്രദ്ധിക്കേണ്ട വിലയേറിയ ഒരു നിർദ്ദേശം യേശു നൽകുന്നതിന്റെ വായനയാണ് ആസ്പദവാക്യം. ബഹുമാനം കാംക്ഷിക്കുന്ന സ്വാഭാവിക മനോഭാവം തെറ്റല്ല തന്നെ. എങ്കിലും അർഹിക്കാത്തതും അളവിനപ്പുറവുമുള്ള ബഹുമാനത്തിനായുള്ള വാഞ്ചയും തികഞ്ഞ ദുരഭിമാനമായി യേശു വിലയിരുത്തുന്നു. യേശുവും ശിക്ഷ്യന്മാരും ഒരുമിച്ചു പങ്കെടുത്ത ഒരു പൊതു പരിപാടിയാണ് (14:7) പശ്ചാത്തലം എന്നു ന്യായമായി കരുതാം. ക്ഷണിക്കപ്പെട്ടവർ മുഖ്യാസനങ്ങളിൽ അഥവാ പ്രമുഖ സ്ഥാനങ്ങളിൽ ഇരിക്കുവാൻ തിരക്കുകൂട്ടുന്നതു യേശുവിന്റെ ശ്രദ്ധയിൽ പെട്ടു. സാന്ദർഭികമായി യേശു തന്റെ ശിക്ഷ്യൻമാരെ ഈ വസ്തുത ചൂണ്ടിക്കാട്ടി ശ്രേഷ്ഠമായ ഒരു പാഠം പഠിപ്പിച്ചു കൊടുത്തു. കല്യാണം പോലെയുള്ള പൊതുഇടങ്ങളിൽ വിവിധ ശ്രേണിയിൽ പെട്ട ആളുകൾ ക്ഷണിക്കപ്പെടാം. അങ്ങനെയുള്ള ഇടങ്ങളിൽ വേർതിരിച്ചിട്ടിട്ടുള്ള ഇരിപ്പിടങ്ങളും സ്വാഭാവികമാണല്ലോ. അത്തരം ഇരിപ്പിടങ്ങൾ സ്വമേധയാ കൈയ്യടക്കരുതെന്ന നിർദ്ദേശമാണ് പാഠത്തിന്റെ ഉള്ളടക്കം. കാരണം വേർതിരിച്ചു ഒഴിച്ചിട്ടിട്ടുള്ള ഇരിപ്പിടങ്ങളിൽ ക്ഷണിച്ചവരുടെ തീരുമാനമനുസരിച്ചു ഇരിക്കുവാൻ യോഗ്യരായ ആളുകൾ ഇനിയും വിരുന്നുശാലയിൽ വന്നുചേരുവാൻ ഉണ്ടായിരിക്കാം. അവരുടെ വൈകിയുള്ള വരവിൽ പോലും ഇരിപ്പിടങ്ങൾ കൊടുത്തേ മതിയാകൂ. അത്തരം അവസരങ്ങളിൽ സ്വമേധയാ കൈയ്യടക്കിയ കസേരകൾ ഒഴിഞ്ഞു കൊടുക്കുവാൻ ബാധ്യസ്ഥരാകുന്നത് ലജ്ജാകരമായ അനുക്രമമായി യേശു വിലയിരുത്തുന്നു. അതായത് ഒഴിഞ്ഞ കസേരകൾ ആർക്കും കയറിയിരിക്കുവാനുള്ള ക്ഷണമായി കരുതുന്നത് ബുദ്ധിശൂന്യതയാണെന്നു സാരം. എന്നാൽ വിരുന്നുശാലയിലെ പൊതുഇരിപ്പിടത്തിൽ ഇരിക്കുകയും പ്രധാന സ്ഥലത്തിരിക്കുവാൻ യോഗ്യത വിരുന്നുവാഴി ഒരുവനിൽ കണ്ടെത്തുകയും ചെയ്യുന്ന പക്ഷം മുഖ്യാസനത്തിലേക്കുള്ള അവന്റെ ക്ഷണത്തിനു മാന്യതയേറെയുണ്ടല്ലോ!

പ്രിയരേ, ക്ഷണിക്കുന്നവനും ക്ഷണിക്കപ്പെടുന്നവനും തമ്മിലുള്ള ധാരണയില്ലാതെയുള്ള മുഖ്യാസനങ്ങളുടെ കൈയ്യടക്കൽ ലജ്ജയ്ക്കു കാരണമാകുമെന്ന് യേശു മുന്നറിയിപ്പു കൊടുക്കുന്നു. മാന്യതയുടെ പൊരുൾ മുഖ്യാസനത്തിലേക്കുള്ള സ്വയാർജ്ജിത ഇരിപ്പല്ല; മറിച്ചു വിശേഷാൽ ക്ഷണിക്കപ്പെട്ടുള്ള ഇരിപ്പു തന്നെയാണ്. അതേ,”തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും!”

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like