പ്രതിദിന ചിന്ത | നഷ്ടപ്പെട്ടതിനെ തിരയുന്ന ദൈവഹൃദയം

0

ലൂക്കോസ് 15:32 “നിന്റെ സഹോദരനോ മരിച്ചവനായിരുന്നു; വീണ്ടും ജീവച്ചു; കാണാതെ പോയിരുന്നു; കണ്ടു കിട്ടിയിരിക്കുന്നു. ആകയാൽ ആനന്ദിച്ചു സന്തോഷിക്കേണ്ടതാവശ്യമായിരുന്നു എന്നു പറഞ്ഞു.”

നഷ്ടപ്പെട്ട ആടിന്റെ ഉപമ (15:1-7), നഷ്ടപ്പെട്ട ദ്രഹ്മയുടെ ഉപമ (15:8-10), അപ്പന്റെ ഭവനം വിട്ടു ഓടിപ്പോയ ഇളയമകന്റെ ഉപമ (15:11-16), ഓടിപ്പോയ ഇളയമകന്റെ മടങ്ങിവരവും അത്യന്തം സ്നേഹത്തോടെയുള്ള പിതാവിന്റെ കൈക്കൊളളലും (15:17-24), സഹോദരന്റെ മടങ്ങി വരവിൽ ജ്യേഷ്ഠ സഹോദരന്റെ അലോസരം (15:25-32) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യേശുവിന്റെ പരിഗണന മിക്കപ്പോഴും സമൂഹത്തിന്റെ താഴെക്കിടയിൽ ഉള്ളവരോടും പാർശ്വവത്കരിക്കപ്പെട്ടവരോടും ആയിരുന്നു എന്നാണു ഞാൻ കരുതുന്നത്. അതായിരുന്നു സമൂഹത്തിലെ ഉന്നതസ്ഥാനീയരുടെ എതിർപ്പിനുള്ള പ്രധാനകാരണവും! യഹൂദാ സമൂഹം ഏറെ അവജ്ഞയോടെ കണ്ടിരുന്ന ചുങ്കക്കാരും പാപികളും യേശുവിന്റെ ആശ്ലേഷത്തിനു പാത്രീഭൂതർ ആയിത്തീർന്നു. അതുകാണുന്ന പരീശന്മാരും ശാസ്ത്രിമാരും ആകട്ടെ യേശുവിനെതിരെ പിറുപിറുക്കുന്നതും സ്വാഭാവികം ആയിരുന്നു. ഈ മനോഭാവത്തിനെതിരെ യേശു ആഞ്ഞടിച്ച മൂന്നു ഉപമകളാണ് ഈ അദ്ധ്യായത്തിന്റെ സമഗ്രവായന. മൂന്നു ഉപമകളുടെയും കാതൽ പ്രമേയം നഷ്ടപ്പെട്ടു പോയ മനുഷ്യവർഗ്ഗം എന്നുള്ളത് തന്നെയാണ്. ഒന്നാമത്തെത് നൂറു ആടുകളുടെ സമൂഹത്തിൽ നിന്നും നഷ്ടം സംഭവിച്ച ഒന്നിനെ ആസ്പദമാക്കിയായിരുന്നു. രണ്ടാമത്തേതിൽ പത്തു ദ്രഹ്മ കൈവശം വച്ചിരുന്ന ഒരു സ്ത്രീയുടെ പക്കൽ നിന്നും ഒരെണ്ണം കൈമോശം വന്നുപോയതിന്റെ വർണ്ണന ആയിരുന്നു. എന്നാൽ മൂന്നാമത്തേതാകട്ടെ, രണ്ടു മക്കൾ മാത്രം ഉണ്ടായിരുന്ന ഒരു പിതാവിന്റെ ഇളയ മകന്റെ നഷ്ടം ആയിരുന്നു. ഒന്നാമത്തേത് കാട്ടിലും രണ്ടാമത്തേത് വീട്ടിലും മൂന്നമാത്തെത് നാട്ടിലും സംഭവിച്ച നഷ്ടം ആയിരുന്നു. എങ്കിലും മൂന്നു നഷ്ടങ്ങളിൽ നിന്നും സമാനമായി വായിച്ചെടുക്കാൻ സാധിക്കുന്ന വസ്തുത മൂന്നിന്റേയും മടങ്ങിവരവ് അഥവാ തിരികെ ലഭിക്കൽ സംഭവിച്ചു എന്നതാണ്. ഒരിക്കൽ കൈമോശം സംഭവിച്ചതിനെ തേടിച്ചെല്ലുന്ന ഒരു ഹൃദയം മൂന്നു ഉപമകളിലും സുവിദിതം ആകുന്നു എന്ന പ്രത്യേകതയും ചൂണ്ടിക്കാണിക്കുവാനുണ്ട്; തേടുന്നതാകട്ടെ ഉടമസ്ഥന്റെ ഹൃദയം ആയിരുന്നു താനും. അതായത് നഷ്ടപ്പെട്ടത് വ്യത്യസ്ത ഇടങ്ങളിൽ ആയിരുന്നെങ്കിലും നഷ്ടം സംഭവിച്ചതു ഉടയവന്റെ ഹൃദയത്തിൽ നിന്നായിരുന്നു എന്നു സാരം!

പ്രിയരേ, ദൈവസന്നിധിയിൽ നിന്നും നഷ്ടപ്പെട്ടു പോയ മാനവജാതിയുടെ പൂർണ്ണകായചിത്രം ഈ മൂന്നു ഉപമകളിലും തെളിഞ്ഞു നിൽക്കുന്നില്ലേ! മാനസാന്തരം കൊണ്ട് ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പത്തിനേക്കാൾ മാനസാന്തരപ്പെടുന്ന ഒരു പാപിയെ ചൊല്ലി സ്വർഗ്ഗത്തിൽ സന്തോഷം ഉണ്ടാകും (15:7) എന്ന യേശുവിന്റെ വാക്കുകൾ എത്രയോ തീവ്രമായ ദൈവിക ഭാവത്തിന്റെ വർണ്ണനയാണ്! മാനസാന്തരം ദൂതന്മാരുടെ ഇടയിലും വലിയ സന്തോഷത്തിനു (15:10) കാരണമാകും. മാനസാന്തരം ഇല്ലാത്ത അവസ്ഥയെ മരിച്ചുപോയതിനു തുല്യമായും അനുതാപത്തോടെയുള്ള മാനസാന്തരത്തെ ജീവനിലേക്കുള്ള തിരികെപ്രവേശനമായും (15:24,32) സംക്ഷേപിച്ചു പഠിയ്ക്കാം.

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like