പ്രതിദിന ചിന്ത | പുനരുത്ഥാനത്തിന്റെ ആധികാരിക വിശകലനം
ലൂക്കോസ് 20:38 “ദൈവമോ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; എല്ലാവരും അവന്നു ജീവിച്ചിരിക്കുന്നുവല്ലോ.”
യേശുവിന്റെ അധികാരം ചോദ്യം ചെയ്യപ്പെടുന്നു (20:1-8), മുന്തിരിത്തോട്ടത്തിന്റെ കുടിയാന്മാരുടെ ധിക്കാരം ശിക്ഷിക്കപ്പെടുന്നതിന്റെ ഉപമ (20:9-18), കൈസർക്കു കരം കൊടുക്കുന്നത് സംബന്ധിച്ച യേശുവിന്റെ കൃത്യമായ അഭിപ്രായം (20:19-26), പുനരുത്ഥാനം സംബന്ധിച്ച് സദൂക്യരുമായി നടന്ന സംവാദം (20:27-40), ക്രിസ്തു ദാവീദിന്റെ പുത്രനെന്ന യേശുവിന്റെ വാദഗതി (20:41-47) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
മരിച്ചവരുടെ പുനരുത്ഥാനം, ആത്മാക്കളുടെ അസ്തിത്വം, വാക്കാലുള്ള പാരമ്പര്യത്തിന്റെ ബാധ്യത മുതലായവ നിഷേധിക്കുകയും മോശയുടെ ലിഖിത നിയമം അഥവാ ന്യായപ്രമാണം മാത്രം അംഗീകരിക്കുകയും ചെയ്യുന്ന യഹൂദാ മതത്തിലെ ഒരു വിഭാഗമായിരുന്നു സദൂക്യർ. യേശു ഊന്നിപ്പറയുന്ന പുനരുത്ഥാനം യുക്തിസഹമല്ലെന്നു സ്ഥാപിക്കുവാൻ കൽപ്പിത കഥയുമായി യേശുവിനെ സമീപിച്ചു സദൂക്യരിൽ ചിലർ. വിവാഹിതനായ ഒരുവൻ പ്രത്യുൽപ്പാദനം ഇല്ലാതെ മരിച്ചുപോകുകയും മോശയുടെ ന്യായപ്രമാണം അനുസരിച്ചു ദേവരധർമ്മപ്രകാരം തന്റെ സഹോദരൻ ജ്യേഷ്ഠത്തിയെ വിവാഹം കഴിച്ചു. അവനും സന്താനസൗഭാഗ്യമില്ലാതെ മരിച്ചു പോയി. അവന്റെ ഇളയസഹോദരൻ ആ സ്ത്രീയെ വിവാഹം കഴിച്ചു. ഇപ്രകാരം എഴുസഹോദരന്മാർക്കും ആ സ്ത്രീ നിയമപ്രകാരം ഭാര്യാപദവി അലങ്കരിച്ചു. അവസാനം സന്താന സൗലഭ്യമില്ലാതെ ആ സ്ത്രീയും മരിച്ചു. ഈ പശ്ചാത്തലത്തിൽ യേശു ഉച്ചൈസ്തരം ഉത്ഘോഷിക്കുന്ന പുനരുത്ഥാനം സംഭവിച്ചാൽ “എന്നാൽ പുനരുത്ഥാനത്തിൽ അവൾ അവരിൽ ഏവന്നു ഭാര്യയാകും? ഏഴുവർക്കും ഭാര്യയായിരുന്നുവല്ലോ” (20:33) എന്ന ചോദ്യം യേശുവിന്റെ മുമ്പാകെ അവതരിപ്പിച്ചു. ഭൗമിക ജീവിതത്തിൽ ഏഴുപേർക്കും ഭാര്യയായിരുന്നവൾ അങ്ങേതലത്തിലെ ജീവിതത്തിൽ ഏഴുപേർക്കും ഭാര്യയായിരിക്കുന്നതിലെ യുക്തി സംശയാസ്പദമാണെന്നും അതുകൊണ്ടു തന്നേ പുനരുത്ഥാനം അടിസ്ഥാനരഹിതവും അവിശ്വസനീയവുമായ യേശുവിന്റെ പഠിപ്പിക്കലായി സ്ഥാപിക്കുവാൻ സദൂക്യർ ശ്രമം നടത്തി. എന്നാൽ യേശുവാകട്ടെ, മരണാനന്തരജീവിതത്തിന്റെ മർമ്മം സദൂക്യർക്ക് തുറന്നു കാട്ടി. പുനരുത്ഥാന പുത്രന്മാർ ദൈവദൂതതുല്യരും ദൈവപുത്രന്മാരും (20:36) ആയിരിക്കും. ആകയാൽ വിവാഹത്തിനു കൊടുക്കുകയും എടുക്കുകയും ചെയ്യുന്ന മാംസരക്ത സമേതമായ ഒരു ശരീരമല്ല അവർക്കുള്ളത് എന്ന സത്യം അവരെ ധരിപ്പിക്കുവാൻ യേശുവിനായി. “ഗുരോ, നീ പറഞ്ഞതു ശരി എന്നു ഉത്തരം പറഞ്ഞു” (20:39) അവർ പിന്തിരിഞ്ഞു പോയി.
പ്രിയരേ, ക്രൈസ്തവ പ്രത്യാശയുടെ അടിസ്ഥാനശില ക്രിസ്തുവിൽ മരിച്ചവരുടെ പുനരുത്ഥാനത്തിൽ സ്ഥിരപ്പെട്ടിരിക്കുന്നു. ഈ പ്രമേയത്തിൽ തികച്ചും യുക്തിസഹമായ യേശുവിന്റെ പഠിപ്പിക്കലോളം വരുന്ന മറ്റൊന്നും ഇതഃപര്യന്തം മനുഷ്യ സമൂഹത്തിനു ലഭിക്കപ്പെട്ടിട്ടില്ല. ദൈവമോ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ എന്ന യേശുവിന്റെ പ്രസ്താവനയ്ക്ക് മാറ്റേറെയുണ്ട്!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.