പ്രതിദിന ചിന്ത | തള്ളിപറച്ചിലിന്റെ തിക്തകാണ്ഡം
ലൂക്കോസ് 22:62 “അപ്പോൾ കർത്താവു തിരിഞ്ഞു പത്രൊസിനെ ഒന്നു നോക്കി: “ഇന്നു കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും” എന്നു കർത്താവു തന്നോടു പറഞ്ഞ വാക്കു പത്രൊസു ഓർത്തു പുറത്തിറങ്ങി അതിദുഃഖത്തോട കരഞ്ഞു.”
യേശുവിനെ കാണിച്ചു കൊടുക്കുവാൻ യൂദായുമായി വാക്കുറപ്പിക്കുന്നു (22:1-6), പെസഹയുടെ അത്താഴവും അപ്പോസ്തോലന്മാരുമായി അവസാന സംഭാഷണവും (22:7-38), ഗത്ത്സമെനയിലെ യേശുവിന്റെ പ്രാർത്ഥന (22:39-46), യേശു പിടിയ്ക്കപ്പെടുന്നു (22:47-53), പത്രോസ് യേശുവിനെ തള്ളിപ്പറയുന്നു (22:54-62), യേശുവിന്മേൽ ചൊരിഞ്ഞ പരിഹാസവും പ്രഹരങ്ങളും (22:63-65), സൻഹെദ്രീൻ സംഘത്തിനു മുമ്പാകെ യേശു വിസ്തരിക്കപ്പെടുന്നു (22:66-71) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
നമ്മുടെ രക്ഷകനായ യേശുകർത്താവിന്റെ പരസ്യശുശ്രൂഷാ കാലഘട്ടത്തിന്റെ അവസാന വ്യാഴാഴ്ചയും വെള്ളിയാഴ്ചയും നടന്ന സംഭവങ്ങളുടെ അടയാളപ്പെടുത്തലാണ് ഈ അദ്ധ്യായത്തിന്റെ കാര്യസാരമായ വായന. അതിൽ അതിപ്രാധാന്യതയുള്ള സംഭവമായിരുന്നു യേശുവിനെ പത്രോസ് തള്ളിപ്പറയുന്നത്. മത്തായി (26:69-75 ), മർക്കോസ് (14:66-72), യോഹന്നാൻ (18:16-18) എന്നീ സുവിശേഷകന്മാർ തങ്ങളുടെ എഴുത്തുകളിൽ ഈ സംഭവം സമാന്തരമായി കുറിച്ചിട്ടുളളത് ഈ പ്രമേയത്തിന്റെ ഗൗരവം ഉൾക്കൊണ്ടു തന്നെയെന്നാണ് ഞാൻ കരുതുന്നത്. യൂദയാൽ ഒറ്റിക്കൊടുക്കപ്പെട്ട യേശുവിനെ മഹാപുരോഹിതന്റെ അരമനയിൽ ഹാജരാക്കി; അവിടെ മുതൽ പത്രോസ് യേശുവിൽ നിന്നും അകലം വിട്ടു പിൻചെല്ലുവാൻ ആരംഭിച്ചു (22:54). വൈകിയ ആ രാത്രിയുടെ ഇരുൾ പരന്ന അരമനയുടെ ആലസ്യം വിട്ടൊഴിയാത്ത ഇടനാഴിയിലൂടെ യേശുവിനെ ഒരു കുറ്റവാളിയെ പോലെ ബന്ധനസ്ഥനാക്കി കൊണ്ടുപോകുന്ന കാഴ്ച….! നടുമുറ്റത്തിരുന്നു ശീതകാലത്തിന്റെ അതിജീവനം കരുതി തീകായുന്ന ഒരുകൂട്ടം ആളുകളുടെ ഒപ്പം ആ തീവെട്ടത്തിന്നരികെ പത്രോസും ഇരുപ്പുറപ്പിച്ചു. ബാല്യക്കാരത്തികളിൽ ഒരുവൾ പത്രോസിനെ യേശുവിന്റെ ഒപ്പമുള്ളവൻ എന്നു തിരിച്ചറിഞ്ഞു; എന്നാൽ പത്രോസാകട്ടെ “ഞാൻ അവനെ അറിയുന്നില്ല” എന്നു പറഞ്ഞു യേശുവിനെ തള്ളിപ്പറഞ്ഞു. നിമിഷങ്ങൾ കടന്നുപോയപ്പോൾ മറ്റൊരു തീകായൽക്കാരൻ പത്രോസിന്റെ യേശുവിനോടുള്ള സഹവാസം തിരിച്ചറിഞ്ഞു; എന്നാൽ “മനുഷ്യാ, ഞാൻ (അവൻ) അല്ല” എന്നുപറഞ്ഞു യേശുവിനെ തള്ളിപ്പറഞ്ഞു. അതിനു ശേഷം സുമാർ ഒരു മണിക്കൂറിന്റെ ഇടവേളയിൽ മറ്റൊരുവൻ പത്രൊസിന്റെ ഗലീലാബന്ധം തിരിച്ചറിഞ്ഞു “ഇവൻ ഗലീലക്കാരനല്ലോ എന്നു നിഷ്കർഷിച്ചു പറഞ്ഞു” (22:59). അതിനും മറുപടിയായി “മനുഷ്യാ, നീ പറയുന്നതു എനിക്കു തിരിയുന്നില്ല” എന്നു പറഞ്ഞു പത്രൊസ് യേശുവിനെ മൂന്നാമതും തള്ളിപ്പറഞ്ഞു. സംഭാഷണം അവസാനിക്കും മുമ്പേ കോഴികൂവുകയും യേശു പത്രോസിനെയും പത്രോസ് യേശുവിനെയും നോക്കുന്നതും ഒരുമിച്ചു സംഭവിക്കുകയും ചെയ്തു. തള്ളിപ്പറച്ചിന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടും അതിൽ സംഭവിച്ച വീഴ്ചയോർത്തു പത്രോസ് അതിദുഃഖിതനായി കരഞ്ഞു.
പ്രിയരേ, യേശു പിടിക്കപ്പെട്ടപ്പോൾ പ്രാണഭയം ഏറെ ബാധിച്ചിരുന്നു പത്രോസ് അടക്കമുള്ള അപ്പോസ്തോലൻമാരെ. അതിന്റെ അടിസ്ഥാനത്തിൽ തന്നെ വേണം പത്രോസിന്റെ തള്ളിപ്പറച്ചിലിനെ കാണുവാൻ. എങ്കിലും സംഭവിച്ച പരാജയത്തിൽ മനംനൊന്തുള്ള പത്രോസിന്റെ കരച്ചിലും അനുതാപവും അനുകരിക്കാൻ കൊള്ളാവുന്ന ഉദാത്തമായ മാതൃക തന്നെയെന്നു ചൂണ്ടിക്കാണിക്കുവാനാണ് പ്രേരണ!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.