പ്രതിദിന ചിന്ത | മനുഷ്യപുത്രന്റെ മുമ്പിൽ നിൽക്കുവാനുള്ള ജാഗ്രത

0

ലൂക്കോസ് 21:36 “ആകയാൽ ഈ സംഭവിപ്പാനുള്ള എല്ലാറ്റിന്നും ഒഴിഞ്ഞു പോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നില്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന്നു സദാകാലവും ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിപ്പിൻ.”

ദരിദ്രയായ വിധവയുടെ വഴിപാടിൽ യേശു അവളെ പുകഴ്ത്തുന്നു (21:1-4), യെരുശലേമിന്റെ നാശം (എ ഡി 70) മുതൽ അവിടുത്തെ രണ്ടാം വരവിന്റെ അടയാളങ്ങൾ വരെ യേശു മുൻപ്രസ്താവിക്കുന്നു (21:5-28), സദാസമയം ഉണർന്നിരിക്കുവാനുള്ള ആഹ്വാനം (21:29-38) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

രണ്ടു കാലഘട്ടങ്ങളുടെ മുൻപ്രസ്താവനകളാണ് ഈ അദ്ധ്യായത്തിന്റെ കാര്യസാരം. യെരുശലേം ദൈവാലയത്തിന്റെ മനോഹാരിതയും ആകർഷണവും കല്ല് കല്ലിന്മേൽ ശേഷിക്കാതെ ഇടിഞ്ഞു പോകുമെന്ന യേശുവിന്റെ പ്രസ്താവന (21:6) അവിടൂന്നു തിരുവായ് മൊഴിഞ്ഞ ഉടനടി “ഗുരോ, അതു എപ്പോൾ ഉണ്ടാകും? അതു സംഭവിപ്പാറാകുമ്പോഴുള്ള ലക്ഷണം എന്തു” (21:6) എന്നു ശിക്ഷ്യന്മാർ അവിടുത്തോടു ആരാഞ്ഞു. അതിനുള്ള ഉത്തരമായി ആദ്യം സംഭവിക്കേണ്ടതു, അവസാനം സംഭവിക്കേണ്ടത് എന്നിങ്ങനെ രണ്ടായി തിരിച്ചു യേശു ശിക്ഷ്യന്മാരുമായി നടത്തിയ വിശദമായ അദ്ധ്യാപനമാണ് തുടർന്നുള്ള വായന. യുദ്ധങ്ങളും കലഹങ്ങളും ആദ്യം (21:9) അഥവാ “അവസാനം ഉടനെ അല്ല” എന്ന നിലയിൽ സംഭവിക്കും. പിന്നെ ആഭ്യന്തര കലാപങ്ങൾ മുതൽ കൊടും യുദ്ധങ്ങൾ വരെയും ഭൂകമ്പം, ക്ഷാമം, മഹാവ്യാധി, ഭയങ്കരവും അസാധാരണവുമായ പ്രകൃതിലക്ഷണങ്ങൾ മുതലായവയും സംഭവിക്കും. എ ഡി 70 ൽ സംഭവിച്ച യെരുശലേമിലേക്കുള്ള ജാതികളുടെ അധിനിവേശവും തുടർന്ന് നടന്ന ദൈവാലയത്തിന്റെ നശീകരണവും മുതൽ യേശുവിന്റെ രണ്ടാമത്തെ വരവിനോടനുബന്ധമായി നടക്കുവാൻ പോകുന്ന മഹോപദ്രവകാലം വരെയുമുള്ള നീണ്ട കാലഘട്ടത്തിലേക്കുള്ള വിരൽ ചൂണ്ടൽ യേശു ഈ തിരുവചന ഭാഗങ്ങളിലൂടെ മുന്നറിയിക്കുന്നു. നെബൂഖദ്നേസറിന്റെ കാലത്തു (ബി സി 587) ആരംഭിച്ചതും എ ഡി 70 ൽ ചരിത്രത്തിൽ വിശേഷമായി അടയാളപ്പെടുത്തപ്പെട്ടതും മഹോപദ്രവ കാലത്തിൽ തികയുന്നതുമായ ജാതികളുടെ കാലം (21:24) എന്ന കുറിപ്പ് അന്ത്യകാല ശാസ്ത്രപരമായി ഏറെ പരിഗണനാർഹമായ യേശുവിന്റെ വാക്കുകൾ തന്നെയാണ്. സർവ്വഭൂതലത്തിലും വസിക്കുന്ന ഏവർക്കും വരുവാനുള്ള (21:35) ആ നാളുകളിൽ നിന്നുള്ള ഒഴിഞ്ഞുപോക്കിനും മനുഷ്യപുത്രന്റെ മുമ്പിൽ നിൽക്കുവാനുള്ള പ്രാപ്തിക്കുമായി സദാകാലവും ഉണർന്നിരുന്നു പ്രാർത്ഥിക്കുവാനുള്ള ആഹ്വാനം (21:36) ശ്രദ്ധേയമല്ലേ! ആ ലക്ഷ്യത്തിൽ നിന്നും ഒരുവനെ പിന്നോട്ടടിക്കുവാൻ പോന്ന അതിഭക്ഷണം, മദ്യപാനം, ഉപജീവനചിന്തകളിൽ ഉള്ള ഭാരം (21:34) മുതലായവയിൽ നിന്നും ഹൃദയങ്ങളെ വിലക്കി നിർത്തുവാൻ ജാഗ്രതയുള്ളവർ ആയിരിക്കണമെന്ന മുന്നറിയിപ്പും മുഖവിലയെക്കെടുക്കേണ്ടത് തന്നേ!

പ്രിയരേ, ഏറെ ജാഗ്രത അനിവാര്യമായ ഒരു കാലഘട്ടത്തിന്റെ സൂചനയാണ് യേശുവിന്റെ തിരുവായ്മൊഴിയിലൂടെ വ്യക്തമാക്കുന്നത്. നമ്മുടെ പ്രത്യാശയായ യേശുവിന്റെ വരവിനെ ജാഗ്രതയോടെയും കരുതലോടു കൂടെയും കാത്തിരിക്കുവാൻ നമുക്കാകണം. ആയതിനായി സദാകാലവും ഉണർന്നും പ്രാർത്ഥിച്ചും കൊണ്ടിരിക്കുവാനുള്ള ആഹ്വാനമായി വേണം ഈ പദവിന്യാസത്തെ സംഗ്രഹിക്കുവാൻ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like