പ്രതിദിന ചിന്ത | കരുണയുടെ ഭവനം അഥവാ ബേഥെസ്ദാ

0

യോഹന്നാൻ 5:5,6 “എന്നാൽ മുപ്പത്തെട്ടു ആണ്ടു രോഗം പിടിച്ചു കിടന്നോരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു. അവൻ കിടക്കുന്നതു യേശു കണ്ടു, ഇങ്ങനെ ഏറിയ കാലമായിരിക്കുന്നു എന്നറിഞ്ഞു: “നിനക്കു സൌഖ്യമാകുവാൻ മനസ്സുണ്ടോ” എന്നു അവനോടു ചോദിച്ചു.”

ബേഥെസ്ദാ കുളക്കരയിൽ മുപ്പത്തെട്ടാണ്ടു രോഗിയായി കിടന്ന മനുഷ്യനെ യേശു സൗഖ്യമാക്കുന്നു (5:1-9), ശബ്ബത്തു നാളിൽ യേശു സൗഖ്യമാക്കി, തന്നെത്താൻ ദൈവത്തോട് സമാനാക്കി എന്നീ കാരണങ്ങൾ ഉയർത്തിക്കാട്ടി യേശുവിനെ കൊല്ലുവാൻ ശ്രമിക്കുന്ന യഹൂദന്മാർ (5:10-18), തന്റെ ശുശ്രൂഷയുടെ ആധികാരികത യേശു അക്കമിട്ടു നിരത്തുന്നു (5:19-23), നിത്യജീവനും ന്യായവിധിയും സംബന്ധിച്ചുള്ള യേശുവിന്റെ പഠിപ്പിക്കൽ (5:24-30), യേശുവിനെ കുറിച്ചുള്ള സാക്ഷ്യങ്ങളുടെ ആധികാരികത (5:31-47) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

നമ്മുടെ കർത്താവായ യേശുക്രിസ്തു ശബ്ബത്തുനാളിൽ നടത്തിയ മറ്റൊരു സൗഖ്യവും അതിന്റെ പരിണിതിയും രേഖപ്പെടുത്തിയിട്ടുള്ള ഒരദ്ധ്യായമാണിത്. നെഹെമ്യാവിന്റെ മതിൽപ്പണിയുടെ വൃത്താന്തം വിവരിക്കുന്നിടത്തു ആട്ടുവാതിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട് (നെഹെ. 3:1; 12:39). പഴയനിയമ കാലങ്ങളിൽ യെരൂശലേമിലേക്കു യാഗത്തിനായുള്ള ആടുകളെ തെളിയിച്ചുകൊണ്ട് വന്നിരുന്ന വടക്കു കിഴക്കേ മൂലയിൽ സ്ഥിതി ചെയ്തിരുന്ന വാതിലായിരുന്നിത്. “കരുണയുടെ ഭവനം” എന്നാണു ബേഥെസ്ദാ എന്ന വാക്കിനർത്ഥം. അഞ്ചു മണ്ഡപങ്ങളോടു കൂടിയ ഒരു കുളമാണ് ബേഥെസ്ദായുടെ വിശേഷത. അവിടെ നാനാവിധത്തിലുള്ള രോഗികൾ കിടത്തപ്പെട്ടിരുന്നു. നിശ്ചിത ഇടവേളകളിൽ ഒരു ദൂതൻ കുളത്തിലെ വെള്ളം ഇളക്കുന്നു. ഇളകിയ വെള്ളത്തിൽ ആദ്യം വീഴുന്നത് (ചാടുന്നത്) ഏതുവ്യധിക്കാരൻ ആയിരുന്നാലും അവൻ സൗഖ്യമാകുമായിരുന്നു. ഈയൊരു പശ്ചാത്തലത്തിന്റെ ഗുണഭോക്താക്കളാകുവാൻ അതീവതാത്പര്യത്തോടെ കുളക്കരയിൽ കിടന്നിരുന്ന രോഗികളുടെ ഇടയിൽ ഒരുവന്റെ മുഖം യേശുവിന്റെ ശ്രദ്ധയിൽപ്പെട്ടു. “ഇങ്ങനെ ഏറെ കാലമായിരിക്കുന്നു എന്നറിഞ്ഞു” (5:6) എന്ന പ്രസ്താവനയിൽ ആ രോഗിയുടെ നിസ്സഹായാവസ്ഥ യേശു വായിച്ചെടുത്തു എന്നാണ് ഞാൻ കരുതുന്നത്. മുപ്പത്തെട്ടു വർഷങ്ങളായി ആ കുളക്കരയിൽ കിടത്തപ്പെട്ടിരുന്ന ഈ രോഗി സ്വാഭാവികമായും തളർവാത രോഗിയായിരുന്നു എന്ന് അനുമാനിക്കാം. എന്തായിരുന്നാലും കുളത്തിലെ വെള്ളം കലക്കപ്പെടുമ്പോൾ പരസഹായം കൂടാതെ അതിലേക്കിറങ്ങുവാൻ സാധികാത്ത കിടപ്പുരോഗിയായി ഈ മനുഷ്യൻ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. “യേശു അവനോടു (കുളത്തിലിറങ്ങാതെ) സൗഖ്യമാകുവാൻ മനസ്സുണ്ടോ?” എന്നു ചോദിച്ചു. പരാതികളുടെ കെട്ടഴിച്ചു യേശുവിന്റെ മുമ്പിൽ നിരത്തുന്ന രോഗിയോടു “എഴുന്നേറ്റു നിന്റെ കിടക്ക എടുത്തു നടക്കുക” (5:8) എന്ന യേശുവിന്റെ കൽപ്പനയിൽ “ഉടനെ ആ മനുഷ്യൻ സൗഖ്യമായി കിടക്ക എടുത്തു നടന്നു” (5:9).
പ്രിയരേ, സാധ്യതകളുടെ സൗലഭ്യതകളോ പാരമ്പര്യങ്ങളുടെ പിൻബലമോ കൂടാതെ നിസ്സഹായതയുടെ കുളങ്ങൾക്കരികെ നിർഭാഗ്യങ്ങളുടെ സന്തത സഹചാരികളായി നാളുകൾ കഴിക്കുന്നവന്റെ വിലാപം അവിടുത്തെ കാതുകളെ അലോസരപ്പെടുത്തും. അവിടെ ഒരു എഴുന്നേല്പ്പിനും നടപ്പിനുമുള്ള ആരോഗ്യം അവിടുത്തെ വാക്കുകളുടെ അധികാരത്താൽ സംഭവിക്കും; തീർച്ച!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like