ഇസ്ലാമിക ആധിപത്യം സ്ഥാപിക്കാന്‍ ക്രൈസ്തവ കൂട്ടക്കുരുതി; രണ്ടാഴ്ചയ്ക്കിടെ കോംഗോയിൽ കൊല്ലപ്പെട്ടത് 72 ക്രൈസ്തവര്‍
കിവു: മധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഇസ്ലാമിക തീവ്രവാദി സംഘടനയായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് (എ.ഡി.എഫ്) രണ്ടാഴ്ചകള്‍ക്കുള്ളില്‍ കൊലപ്പെടുത്തിയത് 72 ക്രൈസ്തവരെ. ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ഇന്റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഏറെ ഭയാനകമായിരുന്നുവെന്ന് നോര്‍ത്ത് കിവുവിലെ ക്രിസ്ത്യന്‍ നേതാവായ മുലിണ്ടെ എസെമോ, വെളിപ്പെടുത്തി.
കിഴക്കന്‍ കോംഗോയിലെ പട്ടണങ്ങളിലും, ഗ്രാമങ്ങളിലും ഭീതിജനകമായൊരു സാഹചര്യത്തിലാണ് ജനങ്ങള്‍ ജീവിക്കുന്നത്. നിരവധി വിശ്വാസികള്‍ എഡിഎഫ് വിമതരാല്‍ ക്രൂരമായി കൊല്ലപ്പെട്ടുവെന്നും മൃഗങ്ങളെ കൊല്ലുന്നപോലെയാണ് അവര്‍ കൂട്ടക്കൊല ചെയ്തതെന്നും മുലിണ്ടെ വെളിപ്പെടുത്തി. ഈ വര്‍ഷം ജനുവരി 23-ന് മാകുംഗ്വേയില്‍ 23 ക്രൈസ്തവരെ കൊലപ്പെടുത്തി രണ്ടു മാസം പിന്നിടും മുൻപാണ് കൂട്ടക്കൊലയെന്നതാണ് ഏറ്റവും ഖേദകരമായ വസ്തുത.
കോംഗോയുടെ ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയായ കിഴക്കന്‍ മേഖലയെ ഇസ്ലാമികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ കൂട്ടക്കൊല. ഇക്കഴിഞ്ഞ മാര്‍ച്ച് 9-ന് മുക്കോണ്ടി പ്രദേശത്തെത്തിയ തീവ്രവാദികള്‍ 36 ക്രൈസ്തവരെ കൊലപ്പെടുത്തിയിരിന്നു. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 12-ന് ഇതേ തീവ്രവാദികള്‍ തന്നെ കിരിന്ദേര ഗ്രാമത്തില്‍ എത്തുകയും 12 ക്രിസ്ത്യാനികളെ കൊലപ്പെടുത്തിയ ശേഷം നിരവധി വീടുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ മാര്‍ച്ച് 14-ന് മാബുക്കു ഗ്രാമത്തില്‍ നടന്ന ആക്രമണത്തില്‍ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരുന്ന വൈദികന്‍ ഉള്‍പ്പെടെ 17 ക്രൈസ്തവര്‍ കൊല്ലപ്പെട്ടുവെന്ന് ഇന്റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുടെംബോ നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് ആക്രമണങ്ങള്‍ നടന്ന എല്ലാ ഗ്രാമങ്ങളും സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോംഗോയില്‍ എന്താണ് നടക്കുന്നതെന്ന കാര്യം ലോകത്തോട് പ്രത്യേകിച്ച് ക്രൈസ്തവ സമൂഹത്തോട് പങ്കുവെക്കുവാന്‍ ആഗ്രഹിക്കുകയാണെന്നും എ.ഡി.എഫിന്റെ ആക്രമണം മൂലം ഭവനരഹിതരായ നിരവധിപേരുടെ അത്യാവശ്യമായ കാര്യങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രാര്‍ത്ഥനയും, സാമ്പത്തികമായ പിന്തുണയും വഴി സഹായിക്കണമെന്നും മുലിണ്ടെ എസെമോ അഭ്യര്‍ത്ഥിച്ചു.
“ഇന്നോ, നാളെയോ എന്താണ് സംഭവിക്കുവാന്‍ പോകുന്നതെന്ന് ഞങ്ങള്‍ക്കറിയില്ല. അതുകൊണ്ട് ഈ സാഹചര്യത്തില്‍ മാറ്റം വരുവാന്‍ പ്രാര്‍ത്ഥിക്കുക” – മുലിണ്ടെ കൂട്ടിച്ചേര്‍ത്തു. രാജ്യത്തു പടരുന്ന ഇസ്ലാമിക തീവ്രവാദികളാണ് ആക്രമണത്തിന് ചുക്കാന്‍ പിടിക്കുന്നത്.