പ്രതിദിന ചിന്ത | പുതുജനനത്തിന്റെ പ്രസക്തി

0

യോഹന്നാൻ 3:6,7 “ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു. നിങ്ങൾ പുതുതായി ജനിക്കേണം എന്നു ഞാൻ നിന്നോടു പറകയാൽ ആശ്ചര്യപ്പെടരുതു.”

പരീശ പ്രമാണിയായിരുന്ന നിക്കോദേമോസു യേശുവുമായി നടത്തിയ മൂല്യവത്തായ സംവാദം (3:1-21), യേശുവും ശിക്ഷ്യന്മാരും നടത്തിയ സ്നാനത്തോട് തന്റെ ശിക്ഷ്യന്മാർ ഉയർത്തിയ അഭിപ്രായവ്യത്യാസം സ്നാപകൻ കൃത്യമായി കൈകാര്യം ചെയ്യുന്നു (3:22-36) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

ദൈവസഭയുടെ അടിസ്ഥാന ഉപദേശപ്രാധാന്യമായ അദ്ധ്യായമായി യോഹന്നാൻ മൂന്നിനെ കാണുന്നതാണെനിക്കിഷ്ടം! അതായത് വീണ്ടും ജനനവും വിശ്വാസസ്നാനവും തുല്യപ്രാധാന്യതയോടെ അടയാളപ്പെടുത്തിയിരിക്കുന്നു ഈ അദ്ധ്യായത്തിൽ. “വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും” (മർക്കോ. 16:16) എന്ന ക്രിസ്തുവാക്യത്തിന്റെ ഓർമ്മപ്പെടുത്തലല്ലേ ഈ അദ്ധ്യായത്തിന്റെ പശ്ചാത്തലത്തിൽ മുഴങ്ങിക്കേൾക്കുന്നത്! യെഹൂദാ മതത്തിലെ പ്രമാണിയും പരീശപക്ഷത്തിന്റെ അനിഷേധ്യ നേതാവുമായ നിക്കോദേമോസ് യേശുവുമായി നടത്തിയ ഒരു രാത്രികൂടിക്കാഴ്ചയും അതിലെ സംഭാഷണവുമാണ് അദ്ധ്യായത്തിന്റെ ആദ്യപകുതിയിലെ വായന. ദൈവാരാജ്യപ്രവേശനം എന്ന പ്രമേയം സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്ന, അതേസമയം സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ (3:13) ദൈവപുത്രൻ സവിസ്തരം പ്രസ്താവിച്ചതിനെ ബുദ്ധിയുടെ മൂശയിൽ പാകപ്പെടുത്തുവാൻ പാഴ്ശ്രമം നടത്തിയ പ്രമാണിയുടെ മുൻവിധികൾ യേശു തച്ചുടച്ചു. ആത്മീക കാര്യങ്ങളെ ആത്മീകമായി തന്നെ വിലയിരുത്തുവാൻ യേശു നിക്കോദേമോസിനോട് ഉപദേശിച്ചത് എക്കാലത്തെയും മൂല്യാധിഷ്ഠിത മാതൃകയായി കരുതുന്നതാണെനിക്കിഷ്ടം! നിക്കോദേമോസ് വീണ്ടും ജനനം പ്രാപിച്ചോ എന്ന ചോദ്യം അവശേഷിക്കുന്നു. എങ്കിലും യേശുവിന്റെ പഠിപ്പിക്കലിന്റെ അന്തഃസത്ത ഉൾക്കൊള്ളുന്ന ജനകോടികൾ ഇന്നുമുണ്ടെന്ന വസ്തുത നിഷേധിക്കുവാൻ സാധ്യമല്ല തന്നേ! ഭൗമിക പ്രതലത്തിൽ കാലൂന്നി നിവർന്നു നിൽക്കുവാൻ പര്യാപ്തമായ മാംസരക്തങ്ങളോടും നാഡീഞരമ്പുകളോടും കൂടെ സൃഷ്ടിക്കപ്പെട്ടവരാണ് മനുഷ്യജാതി. എന്നാൽ അഭൗമപ്രതലത്തിൽ ചിരകാലവാസികളാകുവാനുള്ള നാം തത്സ്ഥിതിയിലേക്കു പ്രവേശനം സിദ്ധിക്കുവാൻ തക്ക പാകപ്പെടലിനു വീണ്ടും ജനനം കൂടിയേ തീരൂ എന്ന യേശുക്രിസ്തുവിന്റെ ഉപദേശത്തിന് മാറ്റേറെയുണ്ട്!

പ്രിയരേ, ഭൗമികതലത്തിലെ നമ്മുടെ അധിവാസം “നാലുവിരൽ” നീളം മാത്രം! എന്നാൽ അഭൗമമണ്ഡലത്തിലെ നമ്മുടെ വാസമാകട്ടെ അന്തമില്ലാത്ത അഥവാ നിത്യതയോളം തുടരുന്നതാണ്. അതിനായുള്ള ഒരുക്കത്തിന്റെ ആദ്യപടിയാണ് വീണ്ടും ജനനം എന്നു കുറിയ്ക്കുവാനാണ് പ്രേരണ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like