പാംപ്‌ളാനിയുടെ പ്രസ്താവനയെ വിമര്‍ശിച്ച സിറോ മലബാര്‍ സഭാ പ്രസിദ്ധീകരണത്തിനെതിരെ ആഞ്ഞടിച്ച് താമരശേരി ബിഷപ്പ്

0

എറണാകുളം – അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപത്തിനെതിരെ ആഞ്ഞടിച്ച് താമരശേരി രൂപതാ ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍. മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രമായ ഒദ്യോഗിക പ്രസിദ്ധീകരണമായ സത്യദീപത്തിനെതിരെ കടുത്ത വിമര്‍ശനം താമരശേരി ബിഷപ്പ് അഴിച്ചുവിട്ടത്. റബ്ബറിന് കിലോക്ക് മൂന്നൂറുരൂപയാക്കിയില്‍ ബി ജെ പിക്ക് കേരളത്തില്‍ എം പിമാരില്ലന്ന വിഷമം തീര്‍ത്തുതരാമെന്ന തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ജോസഫ് പാംപ്‌ളാനിയുടെ പ്രസ്തവനക്കെതിരെ സത്യദീപം പരസ്യമായി രംഗത്തുവന്നിരുന്നു. ഇത് മുന്‍ നിര്‍ത്തിയാണ് റെമിജിയോസ് ഇഞ്ചനാനിയര്‍ സത്യദീപത്തിനെതിരെ ആഞ്ഞടിച്ചത്.

‘ സത്യദീപം മലര്‍ന്ന് കിടന്ന് തുപ്പുകയാണ്, സത്യദീപത്തിന്റെ ആളുകള്‍ നഗരത്തില്‍ ജീവിക്കുന്നവരാണ്. അവര്‍ക്ക് പാംപ്‌ളാനി പിതാവ് പറഞ്ഞെതെന്തെന്ന് മനസിലായിട്ടില്ല. അവര്‍ക്ക് കര്‍ഷകരുടെ പ്രയാസം അറിയില്ല. സത്യദീപം കര്‍ഷകര്‍ക്ക് വേണ്ടി എന്താണ് എഴുതിയതെന്ന് പറയട്ടെ, ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രത്തെ അംഗീകരിക്കണമെന്ന് പാംപ്‌ളാനി പിതാവ് പറഞ്ഞിട്ടില്ല. സന്ദര്‍ഭത്തില്‍ കാര്യങ്ങള്‍ അടര്‍ത്തിമാറ്റി വിലയിരുത്തുന്നത് ശരിയല്ല.

റബറിന് മൂന്നൂറുരൂപയാക്കിയില്‍ ബി ജെ പി യെ പിന്തുണക്കാമെന്ന് പറയുമ്പോള്‍ ബി ജെ പി മുമ്പ് ക്രൈസ്തവരെ ആക്രമിച്ചിട്ടില്ലേ എന്ന് ചോദിക്കുന്നത് ശരിയല്ല. ഒഡീഷയിലെ കന്ധമാലില്‍ ബി ജെ പി ഭരിച്ചപ്പോഴല്ലല്ലോ പ്രശ്‌നമുണ്ടായത്. വടക്കുകിഴക്കന്‍ സംസഥാനങ്ങളില്‍ ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലല്ലോ. കോണ്‍ഗ്രസ് ഭരിച്ച കാലത്തും ക്രൈസ്തവര്‍ക്കെതിരെ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സഭക്ക് ബി ജെ പിയുമായി യാതൊരു ബന്ധവുമില്ല, നല്ലറോഡുകളും വികസനവുമെല്ലാം ബി ജെ പി കൊണ്ടുവന്നപ്പോള്‍ അവിടുത്തെ ക്രി്‌സ്ത്യാനികള്‍ അവര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു’

ഇതായിരുന്നു ബിഷപ്പ് ഇഞ്ചനാനിയേല്‍ തന്റെ അഭിമുഖത്തില്‍ പറഞ്ഞത്. ബിഷപ്പ് പാംപ്‌ളാനിക്കെതിരെ സത്യദീപം എടുത്ത നിലപാടിനോടുള്ള കടുത്ത അസംതൃപ്തിയാണ് ഇക്കാര്യത്തില്‍ ബിഷപ്പ് വെളിവാക്കിയത്. പരാജയപ്പെട്ട പ്രസ്താവന എന്ന പേരില്‍ ബിഷപ്പ് പാംപ്‌ളാനിയുടെ നിലപാടിനെതിരെ സത്യദീപം എഡിറ്റോറയില്‍ വരെ എഴുതി.

‘ആസിയാന്‍ കരാര്‍ കുരുക്കൊരുക്കുന്ന ഇറക്കുമതിയുടെ ഉദാരനയങ്ങള്‍ കര്‍ഷകര്‍ക്ക് പൊതുവിലും റബ്ബര്‍ കര്‍ഷകര്‍ക്ക് പ്രത്യേകിച്ചും ദുരിത പരമ്പരകള്‍ സമ്മാനിക്കുമ്പോള്‍ കഴിഞ്ഞ 9 വര്‍ഷമായി അതിനെതിരെ യാതൊന്നും ചെയ്യാത്ത കേന്ദ്ര സര്‍ക്കാരിന് നേതൃത്വം നല്കുന്ന ബി ജെ പിക്ക് മലയോരജനത എം പിയെ നല്കിയാല്‍ എല്ലാം പരിഹൃതമാകും എന്ന ധാരണ എത്ര ബാലിശമാണ്! കൃഷിയുടെ കുത്തകവത്്ക്കരണം കാര്‍ഷികനയമായി സ്വീകരിച്ച കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങള്‍ക്കെതിരെ ഒരു വര്‍ഷം നീണ്ട കര്‍ഷകസമരത്തെക്കുറിച്ച് ആ വേദിയില്‍ പിതാവിനെ ആരും ഓര്‍മ്മപ്പെടുത്താഞ്ഞത് കഷ്ടമായിപ്പോയി. ബഫര്‍സോണ്‍, വന്യമൃഗശല്യം, താങ്ങാകാത്ത താങ്ങുവില തുടങ്ങി സര്‍ക്കാര്‍ അവഗണനയുടെ അനവധി അനുഭവങ്ങള്‍ കര്‍ഷകലക്ഷങ്ങളുടെ ദുരിതപ്പെരുക്കത്തെ അനിവാര്യമാക്കുമ്പോള്‍ റബ്ബര്‍ രാഷ്ട്രീയം കളിച്ച് പരിഹാരമുണ്ടാക്കാം എന്ന ചിന്ത ആരുടെ ബുദ്ധിയാണ്?’ എന്നാണ് സത്യദീപം ചോദിക്കുന്നത്.

ഇതോടെ ഈ പ്രസ്താവനയുമായി ബന്ധപ്പെട്ട് സിറോ മലബാര്‍സഭയിലെ ഭിന്നിപ്പ് കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.

You might also like