മതപരിവർത്തനാരോപണം; പാസ്റ്റർ സന്തോഷ് ഏബ്രഹാമിനും ഭാര്യക്കും ഒരു മാസത്തിനു ശേഷം ജാമ്യം
ഡൽഹി: ഫെബ്രുവരി 26ന് ഞായറാഴ്ച ആരാധനാമധ്യേ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട പാസ്റ്റർ സന്തോഷ് ഏബ്രഹാമിനും ജിജി സന്തോഷിനും ഒരു മാസത്തിനു ശേഷം കോടതി ജാമ്യം അനുവദിച്ചു. ശാരോൻ ഫെലോഷിപ്പ് ചർച്ച് ഡൽഹി സോണിലെ ഇന്ദിരാപുരം സഭാ ശുശ്രൂഷകൻ ആണ് പാസ്റ്റർ സന്തോഷ് എബ്രഹാമും കുടുംബവും.
ഫെബ്രുവരി 26 ന് ആരാധന നടന്നുകൊണ്ടിരുന്നപ്പോൾ ഒരു കൂട്ടം ആളുകൾ ഹാളിൽ അതിക്രമിച്ചു കയറി ശുശ്രൂഷകൾ തടസ്സപ്പെടുത്തി പ്രശ്നങ്ങൾ ഉണ്ടാക്കുകയും പിന്നീട് പോലീസുകാരുൾപ്പെടെയുള്ള സംഘത്തോടൊപ്പം അവർ മടങ്ങിയെത്തി മുദ്രാവാക്യം വിളിച്ച് ബഹളമുണ്ടാക്കി അസമാധാന അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. സംഘർഷങ്ങൾക്കു ശേഷം പാസ്റ്ററേയും കുടുംബത്തേയും പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് റിമാന്റ് ചെയ്ത് ജയിലിൽ അടയ്ക്കുകയായിരുന്നു.
കൃത്യം ഒരു മാസത്തിന് ശേഷമാണ് ഇപ്പോൾ ജാമ്യം ലഭിക്കുന്നത്. നാളെ മാത്രമേ ഇരുവർക്കും പുറത്തിറങ്ങാൻ സാധിക്കുകയുള്ളു. ശാരോൻ സഭയുടെ ആദ്യകാല പ്രവർത്തകനും ദീർഘനാളുകൾ സഭാ വൈസ് പ്രസിഡന്റുമായിരുന്ന പരേതനായ പാസ്റ്റർ വി.ജി. ജോണിന്റെ (വളഞ്ഞവട്ടം) കൊച്ചുമകനാണ് പാസ്റ്റർ സന്തോഷ് ഏബ്രഹാം.