പ്രതിദിന ചിന്ത | സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിയ ജീവനുള്ള അപ്പം
യോഹന്നാൻ 6:51 “സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ഈ അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും; ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവന്നു വേണ്ടി ഞാൻ കൊടുക്കുന്ന എന്റെ മാംസം ആകുന്നു.”
അഞ്ചപ്പം കൊണ്ട് അയ്യായിരം പുരുഷന്മാർ അടങ്ങുന്ന പുരുഷാരം പോഷിപ്പിക്കപ്പെടുന്നു (6:1-14), കടലിൽ അലഞ്ഞുപോയ ശിക്ഷ്യന്മാരും ജലോപരിതലത്തിൽ നടന്നു വന്ന യേശുവും (6:15-21), സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്ന ജീവനുള്ള അപ്പം യേശുവാണെന്ന പ്രഖ്യാപനം (6:22-27), ജീവന്റെ അപ്പം ഭക്ഷിക്കേണ്ടതിന്റെ അനിവാര്യത (6:28-65), യേശുവിന്റെ ഉപദേശങ്ങളെ കഠിനം എന്നു വിലയിരുത്തി ഒരുകൂട്ടം ശിക്ഷ്യന്മാരുടെ പിന്മാറ്റവും പന്തിരുവരുടെ നിലപാട് പത്രോസ് വ്യക്തമാക്കുന്നതും (6:66-71) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
അഞ്ചു യവത്തപ്പവും രണ്ടു മീനും കൈമുതലാക്കി അയ്യായിരം പുരുഷന്മാരടങ്ങുന്ന വലിയ പുരുഷാരം പോഷിപ്പിക്കപ്പെട്ടു. ജനത്തിന്റെയിടയിൽ ഈ സംഭവം സൃഷ്ടിച്ചെടുത്ത ചലനങ്ങൾ വളരെ വലുതായിരുന്നു. അതിന്റെ പ്രതിഫലനമായി യേശുവിനെ രാജാവാക്കുവാൻ ജനങ്ങൾ ശ്രമം നടത്തി. ഇതറിഞ്ഞ യേശുവാകട്ടെ തനിച്ചു മലയിലേക്കും ശിക്ഷ്യന്മാർ കടലിനക്കരെ കഫർന്നഹൂമിലേക്കും യാത്രയായി. യേശുവിനെ തിരഞ്ഞു വന്ന പുരുഷാരം യേശുവിനേയോ ശിക്ഷ്യന്മാരെയോ കാണുവാൻ സാധിക്കാതിരുന്നതിനാൽ അന്വേഷണം ആരംഭിച്ചു. കടൽക്കരയിൽ യേശുവിനെ കണ്ടെത്തിയ ജനം, യേശു താത്കാലികമായി അപ്രത്യക്ഷമായതിന്റെ പരിഭവം പങ്കിടുവാനും മറന്നില്ല. അവരോടുള്ള അവിടുത്തെ പ്രതികരണം, കുറിക്കൊള്ളേണ്ടതാണ്. ക്രിസ്താന്വേഷണത്തിന്റെ അന്തസത്ത എന്താണെന്ന രണ്ടു പക്ഷങ്ങൾ യേശു തന്റെ പ്രതികരണത്തിൽ വ്യക്തമാക്കുന്നു. ഒന്നാമത്തേത്, തന്റെ മുമ്പിൽ പരിഭവം പങ്കിടുന്ന ജനങ്ങൾ യേശുവിനെ അന്വേഷിച്ചത് അടയാളം കണ്ടതിനാലല്ല, മറിച്ചു, അപ്പം തിന്നു തൃപ്തരായതിനാലത്രേ എന്നാണു യേശു വിലയിരുത്തുന്നത്. ഇനിയും വിശപ്പിന്റെ വിളിയുണ്ടാകുമ്പോൾ അപ്പത്തിനായി മറ്റെങ്ങും പോകേണ്ടതില്ലെന്ന ധാരണ രൂഢമൂലമായ കേവല പുരുഷാരം! രണ്ടാം വിഭാഗമാകട്ടെ, മനുഷ്യപുത്രൻ തരുന്ന ജീവനുള്ള അപ്പം ഭക്ഷിക്കുന്നവൻ. അതായത് ബൗദ്ധിക കാഴ്ചപ്പാടുകളിൽ ആകൃഷ്ടരായവരും, ആത്മീക അന്തർദാർശനികത കൈമുതലാക്കിയിട്ടുള്ളവരും ക്രിസ്താന്വേഷണത്തിനു മുതിരുമെന്ന സംഗ്രഹപാഠം യേശുവിന്റെ വാക്കുകളിൽ നിന്നും വായിച്ചെടുക്കരുതോ! എന്നാൽ “സ്വർഗ്ഗത്തിൽ നിന്നുള്ള സാക്ഷാൽ അപ്പമായ” (6:32) യേശുവിനെ വിശ്വസിക്കുന്നവനെ “പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു” (6:27). “ജീവനുള്ള പിതാവു എന്നെ അയച്ചിട്ടു ഞാൻ പിതാവിൻമൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവൻ എൻമൂലം ജീവിക്കും” (6:57) അഥവാ ക്രിസ്തുവിനെ ഭക്ഷിക്കുന്നവർ ക്രിസ്തുവുമായി ഇഴുകിചേർന്നുള്ള ജീവിതത്തിനു (6:56) ഉടമകളായി തീരുമെന്ന യേശുവിന്റെ പ്രസ്താവന കറയറ്റ ക്രിസ്തീയ ജീവിതത്തിന്റെ രൂപരേഖയല്ലേ പ്രകടമാക്കുന്നത്!
പ്രിയരേ, ശാരീരിക വിശപ്പിന്റെ വിളിയോട് തെല്ലും അമാന്തമില്ലാതെ പ്രതികരിക്കുന്നവരാണ് മനുഷ്യർ. അതേസമയം ആത്മീക വിശപ്പിനോടുള്ള പ്രതികരണം കാര്യമാത്രപ്രസക്തം അല്ലാതെയും വരാറില്ലേ! ക്രിസ്താന്വേഷണത്തിന്റെ ഉന്നം ഭൗതികതലങ്ങളുടെ തൃപ്തിപ്പെടലിനു വഴിതെളിയിക്കാതെ ക്രിസ്താനുഗമനത്തിന്റെ പാതകളിലൂടെയുള്ള സഞ്ചാരത്തിനു പ്രേരകമാകണമെന്ന നിർദ്ദേശം കുറിയ്ക്കുവാനാണ് പ്രേരണ!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.