പ്രതിദിന ചിന്ത | കണ്ണുള്ള കുരുടന്മാർ
യോഹന്നാൻ 9:41 “യേശു അവരോടു: “നിങ്ങൾ കുരുടർ ആയിരുന്നു എങ്കിൽ നിങ്ങൾക്കു പാപം ഇല്ലായിരുന്നു; എന്നാൽ: ഞങ്ങൾ കാണുന്നു എന്നു നിങ്ങൾ പറയുന്നതുകൊണ്ടു നിങ്ങളുടെ പാപം നില്ക്കുന്നു” എന്നു പറഞ്ഞു.”
ഒരു കുരുടനെ യേശു സൗഖ്യമാക്കുന്നു (9:1-7), കാഴ്ചപ്രാപിച്ച അന്ധന്റെ സാക്ഷ്യം (9:8-12), കാഴ്ചപ്രാപിച്ചവനെ പരീശന്മാർ ചോദ്യം ചെയ്യുന്നു (9:13-17), കാഴ്ച പ്രാപിച്ചവന്റെ അമ്മയപ്പന്മാരുടെ സാക്ഷ്യം (9:18-23), കാഴ്ച പ്രാപിച്ചവനെ സമൂഹത്തിൽ നിന്നും പുറത്താക്കുന്നു (9:24-34), പുറത്താക്കപ്പെട്ട അന്ധൻ യേശുവിനെ അഭയം ചൊല്ലുന്നു (9:35-38), പരീശന്മാരോടുള്ള യേശുവിന്റെ നിശിതമായ വിമർശനം (9:39-41) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
അബ്രഹാമിന്റെ പിതൃത്വവും മോശയുടെ ശിക്ഷ്യത്വവും (9:26) മേനിയായി കരുതുന്ന യഹൂദാ സമൂഹത്തോടുള്ള യേശുവിന്റെ അയവില്ലാത്ത നിലപാടാണ് ഈ അദ്ധ്യായത്തിന്റെയും തുടർവായന. പിറവിയിലേ കുരുടനായിരുന്ന ഒരു യൗവ്വനക്കാരനെ യേശു ശബ്ബത്തുനാളിൽ സൗഖ്യമാക്കി. അതിലെ നിയമലംഘനം ചൂണ്ടിക്കാണിച്ചു യേശുവിനോടു കലഹിക്കുവാൻ പരീശന്മാർ മുമ്പോട്ടു വരുന്നു. അതിന്റെ ഭാഗമായി ആ ചെറുപ്പക്കാരനെ പരീശന്മാർ ചോദ്യം ചെയ്തു. കാഴ്ച പ്രാപിച്ചവനാകട്ടെ, നടന്നതു മുഴുവൻ തുറന്നു പറഞ്ഞു. എന്നാൽ പരീശന്മാർ അതുകൊണ്ടൊന്നും തൃപ്തരാകാതെ, അവന്റെ മാതാപിതാക്കന്മാരെ ചോദ്യം ചെയ്തു. അവരാകട്ടെ, “അവനോടു ചോദിക്കുവിൻ; അവനു പ്രായമുണ്ടല്ലോ” (9:21) എന്നു പറഞ്ഞു കാര്യഗൗരവത്തിൽ നിന്നും ഒഴിഞ്ഞു മാറി. കാരണം, യേശുവിനെ ഏറ്റുപറയുന്നവർ പള്ളിഭ്രഷ്ടരാകുമെന്ന നിയമം (9:22) അവർ ഭയന്നിരുന്നു. വീണ്ടും ചോദ്യം ചെയ്യൽ തുടർന്നു. അവസാനം യേശുവിനെ ഏറ്റുപറഞ്ഞ കാഴ്ചലഭിച്ചവൻ സമൂഹത്തിൽ നിന്നും നിഷ്കാസിതനാക്കപ്പെടുകയും യേശുവിലുള്ള തന്റെ വിശ്വാസം അരക്കിട്ടുറപ്പിക്കപ്പെടുകയും ചെയ്തു. യേശുവിനെ ഏറ്റുപറയുന്നത് അക്കാലത്തെ വലിയ അകൃത്യമായി കണക്കാക്കപ്പെട്ടിരുന്ന ഒരു പശ്ചാത്തലം ഇവിടെ വ്യക്തമാക്കപ്പെടുന്നു. യേശുവിന്റെ അത്ഭുതങ്ങൾ കൃത്യമായി അടുത്തറിഞ്ഞവർ യേശുവിനെ ഏറ്റുപറയും എന്ന വസ്തുത ന്യായമല്ലേ! അതിനോടുള്ള അന്ധമായ വിരോധം വാസ്തവത്തോടുള്ള മനഃപ്പൂർവ്വമായ തമസ്സാക്കൽ ആണെന്നാണ് യേശു ചൂണ്ടിക്കാണിക്കുന്നത്. കാണാത്തവർ കാണുന്നതും കാണുന്നവർ അന്ധരായി തീരുന്നതുമാണ് ന്യായവിധിയെന്നു (9:39) സങ്കോചമേതുമില്ലാതെ തുറന്നടിയ്ക്കുന്നു. “ഞങ്ങളും കുരുടാരോ?” എന്ന ചോദ്യത്തോട് തങ്ങൾ കുരുടരെന്നു അവർ സമ്മതിക്കാത്തതിലെ വിരോധാഭാസമാണു (9:41) യേശു അവരുടെ പാപകരണമായി ചൂണ്ടിക്കാണിക്കുന്നത്.
പ്രിയരേ, തങ്ങൾ കുരുടരാണെന്നു തിരിച്ചറിയുന്നവർക്കാണ് കാഴ്ചപ്രാപിക്കുവാനുള്ള അവകാശമെന്നാണ് ഞാൻ കരുതുന്നത്. അല്ലാതുള്ള അവസ്ഥ പൊള്ളയായ സ്ഥിതിവിശേഷവും കാഴ്ച പ്രാപിക്കുവാൻ തടസവും ന്യായവിധിയുടെ ക്ഷണിച്ചു വരുത്തലുമായിരിക്കുമെന്നും സംഗ്രഹിക്കുവാനാണ് പ്രേരണ!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.